മൂർസിയ യൂണിവേഴ്സിറ്റി പ്രതിനിധികൾക്ക് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് മൂർസിയ യൂണിവേഴ്സിറ്റി പ്രതിനിധികൾക്ക് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന്  (Vatican Media)

ഓരോ ക്രൈസ്തവനും പ്രേഷിതനും സുവിശേഷമറിയിക്കുന്നവനുമാകണം: ഫ്രാൻസിസ് പാപ്പാ

ജനുവരി 4 വ്യാഴാഴ്ച മൂർസിയ യൂണിവേഴ്‌സിറ്റി പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, ക്രൈസ്തവരെന്ന നിലയിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനുള്ള ഓരോ ക്രൈസ്തവരുടെയും വിളിയെക്കുറിച്ച് ഓർമ്മിപ്പിച്ചു. സഭംഗങ്ങളുടെ നല്ല പ്രവർത്തനങ്ങളിലൂടെയാണ് സഭ അറിയപ്പെടേണ്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓരോ ക്രൈസ്തവനും പ്രേഷിതദൗത്യം നിർവ്വഹിക്കാനും, സുവിശേഷമറിയിക്കാനുമുള്ള കടമയുണ്ടെന്ന് പാപ്പാ. തെക്കുകിഴക്കൻ സ്പെയിനിലെ മുർസിയ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽനിന്നുള്ള പ്രതിനിധിസംഘത്തിന് ജനുവരി  4 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ്, ക്രൈസ്തവന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

മൂർസിയ യൂണിവേഴ്സിറ്റി സ്ഥാപകൻ ഹൊസെ ലൂയിസ് മെൻഡോസ പേരെസിനെക്കുറിച്ച് സംസാരിക്കവേ, ആരും പരിപൂർണ്ണരല്ലെന്നും, എന്നാൽ ഏവരും സ്നേഹിക്കാൻ കഴിവുള്ളവരാണെന്നും, അതിന്റെ പേരിൽ ഓർമ്മിക്കപ്പെടുക എന്നത്, നമ്മെ ദൈവത്തോടും, അവന്റെ കരുണയോടും കൂടുതൽ അടുപ്പിക്കുമെന്നും പാപ്പാ പറഞ്ഞു. ഒരു സഹോദരനും, വിശ്വാസിയും, ദൈവസ്നേഹത്തിന്റെ സാക്ഷിയും, നന്മ ചെയ്തുകൊണ്ട് കടന്നുപോവുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഹൊസെ ലൂയിസ് എന്ന് അദ്ദേഹത്തെക്കുറിച്ച് രൂപതാമെത്രാൻ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.

മിഷനറിയും, സുവിശേഷപ്രചാരകയും, അസ്തിത്വപരമായ കാര്യങ്ങൾക്ക് പ്രാധാന്യത്തെ കൊടുക്കുന്നതും, സഭയിൽ ജനിച്ച്, ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതുമായ ഒരു സർവ്വകലാശാല സ്ഥാപിക്കാനാണ് ശ്രീ. ഹൊസെ ലൂയിസ് ആഗ്രഹിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. ക്രിസ്തുവിന്റെ ശരീരവും, നമ്മുടെ അമ്മയുമായ സഭയുടെ ഭാഗമെന്ന നിലയിൽ ഓരോ ക്രൈസ്തവനും പ്രേഷിതനും, സുവിശേഷപ്രവർത്തകനുമായിരിക്കണമെന്നും, അതിനായി മാനുഷികമായ യാഥാർഥ്യങ്ങളോടും, മനുഷ്യരുടെ അസ്തിത്വപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടും ബന്ധപ്പെട്ടവനായിരിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നിങ്ങളുടെ ക്ലസുമുറികളിളോടും, നിങ്ങളുടെ ജീവിതങ്ങളോടും അടുത്തെത്തുന്ന ഓരോരുത്തരിലേക്കും യേശുക്രിസ്തുവിനെ നൽകാൻ നിങ്ങൾക്ക് സാധിക്കണമെന്നും, അതുവഴി ദൈവത്തെ സ്വീകരിക്കാനും, ഏതൊരു ഇടത്തും അവനു സാക്ഷ്യമേകാനും, സഹോദര്യപരമായ ഒരു സമൂഹം സൃഷ്ടിക്കാനും കഴിവുള്ള മനുഷ്യരെ രൂപീകരിക്കണമെന്ന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. സഭാംഗങ്ങളുടെ സത്‌പ്രവൃത്തികളിലൂടെയാണ് സഭ അറിയപ്പെടേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2024, 16:04