കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനിയുടെ മൃതസംസ്കാരമധ്യേ ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനിയുടെ മൃതസംസ്കാരമധ്യേ ഫ്രാൻസിസ് പാപ്പാ  (AFP or licensors)

സുവിശേഷത്തിനും പരിശുദ്ധസിംഹാസനത്തിനുമായാണ് കർദ്ദിനാൾ സെബാസ്ത്യാനി ജീവിതം സമർപ്പിച്ചത്: ഫ്രാൻസിസ് പാപ്പാ

ജനുവരി 16 ചൊവ്വാഴ്ച റോമിൽ അന്തരിച്ച കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനി സുവിശേഷത്തിനും പരിശുദ്ധ സിംഹാസനത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന് ഫ്രാൻസിസ് പാപ്പാ. കർദ്ദിനാൾ സെബാസ്ത്യാനിയുടെ കുടുംബാംഗങ്ങൾക്ക് അയച്ച ടെലെഗ്രാമിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്. പരിശുദ്ധ സിംഹാസനത്തിന്റെ ധനകാര്യവിഭാഗം മുൻ അധ്യക്ഷൻ കൂടിയായ കർദ്ദിനാളിന്റെ മൃതസംസ്കാരം ജനുവരി 17 ഉച്ചതിരിഞ്ഞ് ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ സിംഹാസനത്തിന്റെ ധനകാര്യവിഭാഗം മുൻ അധ്യക്ഷനും വത്തിക്കാൻ നയതന്ത്രപ്രതിനിധിയുമായിരുന്ന കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനി അന്തരിച്ചു. സുവിശേഷത്തിനും പരിശുദ്ധ സിംഹാസനത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച കർദ്ദിനാളെന്ന് കർദ്ദിനാൾ സെബാസ്ത്യാനിയുടെ കുടുംബാംഗങ്ങൾക്ക് അയച്ച തന്റെ അനുശോചന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതി.

കർദ്ദിനാൾ സേർജ്യോ സെബാസ്ത്യാനിയുടെ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ഫേർമോ അതിരൂപതയ്ക്കും തന്റെ അനുശോചനങ്ങൾ നേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ രണ്ടായിരത്തിൽ ജൂബിലി ആഘോഷങ്ങളുടെ പ്രധാന കമ്മിറ്റിയുടെ പ്രഥമ ജെനെറൽ സെക്രെട്ടറിയായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ സെബാസ്ത്യാനി, "നല്ലവനും ശ്രദ്ധാലുവുമായ" സേവകനായിരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ ജനുവരി 16 ബുധനാഴ്ച രാവിലെയാണ്, ദീർഘനാളുകളായി അസുഖബാധിതനായിരുന്ന കർദ്ദിനാൾ സെബാസ്ത്യാനി നിര്യാതനായത്. പരിശുദ്ധ സിംഹാസനത്തിൻ കീഴിൽ നയതന്ത്രവിഭാഗത്തിലും സാമ്പത്തികകാര്യങ്ങൾക്കായുള്ള മുൻ പ്രീഫെക്ച്ചറിന്റെ അദ്ധ്യക്ഷനായും സുദീർഘമായ സേവനമനുഷ്‌ഠിച്ച അദ്ദേഹത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 2001-ൽ കർദ്ദിനാളായി ഉയർത്തിയിരുന്നു. മഡഗാസ്കർ, മൗറീഷ്യസ്, തുർക്കി എന്നിവിടങ്ങളിൽ നയതന്ത്രവിഭാഗം തലവനായി സേവനമനുഷ്ഠിച്ചിരുന്നു.

കർദ്ദിനാൾ സെബാസ്ത്യാനിയുടെ മൃതസംസ്കാരം ജനുവരി 17 ഉച്ചതിരിഞ്ഞ് ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടന്നു. റോമിലുള്ള നിരവധി കർദ്ദിനാൾ മാരും മെത്രാന്മാരും, കർദ്ദിനാൾ സെബാസ്ത്യാനിയുടെ ബന്ധുമിത്രാദികളും ചടങ്ങിൽ സംബന്ധിച്ചു.

1931 ഏപ്രിൽ 11-ന് ആസ്കൊളി പിച്ചേനോ പ്രവിശ്യയിലെ മോന്തേമോണക്കോയിൽ ജനിച്ച കർദ്ദിനാൾ സെബാസ്ത്യാനി, സെമിനാരി വിദ്യാഭ്യാസത്തിന് ശേഷം, 1956 ജൂലൈ 15-നാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

ഇറ്റലിയിലെ ഫേർമോ അതിരൂപതാംഗമായിരുന്ന കർദ്ദിനാൾ സെബാസ്ത്യാനിയുടെ മരണത്തോടെ കർദ്ദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 239 ആയി. ഇവരിൽ 132 പേർ കോൺക്ലേവിൽ വോട്ടവകാശമുള്ളവരും 107 പേർ 80 വയസ്സ് കഴിഞ്ഞവരുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2024, 16:58