മരണാസന്നരായ രോഗികൾക്ക് വേണ്ടി പ്രാർത്ഥനകളഭ്യർത്ഥിച്ചുകൊണ്ട് പാപ്പാ

മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് 2024 ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം, വീഡിയോ സന്ദേശം കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സമർപ്പിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു.രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന ശ്രദ്ധയും, പരിചരണവും നൽകുന്ന കാര്യത്തിൽ കുറവുകളൊന്നും സംഭവിക്കരുതെന്ന ഓർമ്മപ്പെടുത്തലും  പാപ്പാ തന്റെ പ്രാർത്ഥനാനിയോഗത്തിലൂടെ നൽകുന്നു. പാപ്പായുടെ ആഗോളപ്രാർത്ഥനകൂട്ടായ്മ വഴിയായിട്ടാണ് ഈ നിയോഗം വിശ്വാസികൾക്കായി നൽകിയിരിക്കുന്നത്.

മാരകമായ രോഗങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ  ആശയക്കുഴപ്പം ഉണ്ടാക്കുന്ന രണ്ടു പദങ്ങളെപ്പറ്റി എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ആരംഭിക്കുന്നത്: ചികിത്സിക്കാൻ സാധിക്കാത്തതും, പരിചരിക്കുവാൻ സാധിക്കാത്തതും. എന്നാൽ ഇവ രണ്ടും സമാനമല്ലായെന്നും അതിനാൽ രോഗശമനത്തിനുള്ള സാധ്യത കുറവാണെങ്കിലും,ഓരോ രോഗിക്കും ആതുരവും, മാനസികവും , ആത്മീയവും, മാനുഷികവുമായ പരിചരണത്തിനും  സഹായത്തിനുമുള്ള  അവകാശമുണ്ടെന്നു പാപ്പാ അടിവരയിട്ടു പറയുന്നു. സംസാരിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലും ഓരോ രോഗിയും നമ്മെ തിരിച്ചറിയുന്നുണ്ടെന്നും, അത് മനസ്സിലാക്കണമെങ്കിൽ അവരുടെ കൈകൾ നമ്മുടെ കരങ്ങളോട്  ചേർത്തുവയ്ക്കണമെന്നും പാപ്പാ പറഞ്ഞു.

രോഗശാന്തി അസാധ്യമായ സാഹചര്യങ്ങളിലും, രോഗികളെ പരിചരിക്കുവാൻ നമുക്ക് സാധിക്കണമെന്ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അടിവരയിട്ടു, "സാധ്യമെങ്കിൽ ചികിത്സിക്കുക എന്നാൽ എപ്പോഴും പരിചരിക്കുക." ഈ ഒരു അവസ്ഥയിൽ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്, വൈദ്യസഹായം മാത്രമല്ല, മാനുഷികമായ അടുപ്പവും, സഹായവും നൽകുന്ന ഇത്തരം സംവിധാനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

മരണാസന്നരായ രോഗികളുള്ള സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുതെന്നും,മറിച്ച് നിർണായകമായ ഈ അവസ്ഥകളിൽ അവർക്ക് ഉചിതമായ ശാരീരികവും ആത്മീയവും സാമൂഹികവുമായ പിന്തുണ നൽകുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു. "മാരകരോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ വൈദ്യസഹായവും മനുഷ്യ പരിചരണവും സഹായവും എപ്പോഴും ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം" എന്ന അഭ്യർത്ഥനയോടെയാണ് പാപ്പാ തന്റെ പ്രാർത്ഥനാനിയോഗവാക്കുകൾ ഉപസംഹരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2024, 17:46