തിരയുക

ഫ്രാൻസിസ് പാപ്പാ റോമൻ റോട്ടയിലെ അംഗങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ റോമൻ റോട്ടയിലെ അംഗങ്ങൾക്കൊപ്പം  (VATICAN MEDIA Divisione Foto)

പരിശുദ്ധാത്മാവിനോട് അനുസരണമുള്ള നീതിയുടെ പ്രവർത്തകരാകുക: സഭാകോടതിപ്രവർത്തകരോട് ഫ്രാൻസിസ് പാപ്പാ

വിശ്വാസികൾക്ക് നീതി ഉറപ്പുവരുത്താനായി പ്രവർത്തിക്കാനും, വിവാഹമെന്ന കൂദാശയുടെ പ്രാധാന്യം മുൻനിറുത്തി കൃത്യതയോടെ സേവനമേകാനും സഭാകോടതിയോട് ഫ്രാൻസിസ് പാപ്പാ. ജനുവരി 25 ബുധനാഴ്ച, കത്തോലിക്കാസഭയിലെ പരമോന്നത അപ്പീൽ കോടതി, റോമൻ റോട്ടയിലെ പ്രവർത്തകർക്ക്, എല്ലാ വർഷവുമുള്ള പതിവനുസരിച്ച്, വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധാത്മാവിനോട് അനുസരണമുള്ള നീതിയുടെ പ്രവർത്തകരാകാനും, പ്രാർത്ഥനയുടെ മനുഷ്യരാകാനും കത്തോലിക്കാസഭയിലെ പരമോന്നത അപ്പീൽ കോടതി, റോമൻ റോട്ടയിലെ പ്രവർത്തകരെ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു. പ്രാർത്ഥനയുടേതായ ജീവിതം ഇല്ലെങ്കിൽ, ന്യായാധിപനായി സേവനമനുഷ്ഠിക്കുന്നതിൽനിന്ന് മാറിനിൽക്കാൻ പാപ്പാ ആവശ്യപ്പെട്ടു. മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ കഴിവില്ലാത്ത ഒരു ന്യായാധിപൻ തന്റെ ജോലി രാജി വയ്ക്കുന്നതാണ് നല്ലതെന്നും പാപ്പാ എടുത്തുപറഞ്ഞു. പ്രാർത്ഥിക്കാൻ സാധിക്കാത്ത ഒരു ന്യായാധിപൻ മറ്റു ജോലികൾ തേടുന്നതാണ് നല്ലതെന്നും പാപ്പാ കൂട്ടിച്ചേർത്തു. റോമൻ റോട്ടയിലെ പ്രവർത്തകർക്ക്, ജനുവരി 25 വ്യാഴാഴ്ച  പ്രവർത്തിവർഷത്തിന്റെ ആരംഭത്തിൽ, പതിവുപോലെ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് സഭാകോടതികളും ആത്മീയജീവിതവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞത്.

വിഷമസ്ഥിതിയിലായിരിക്കുന്ന വിശ്വാസികൾക്ക് ദൈവത്തിന്റെ കരുണയിൽ അടിസ്ഥാനമിട്ട സേവനമേകാനാണ് വിവാഹമെന്ന കൂദാശയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ പരിശ്രമിക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. അതിവേഗപ്രക്രിയകളിലൂടെ വിവാഹവ്യവഹാരങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നിർദ്ദേശങ്ങൾക്ക്, വിവാഹം വേഗത്തിൽ അസാധുവായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യമല്ല ഉള്ളത് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം പാപ്പാ പ്രത്യേകമായി എടുത്തുപറഞ്ഞു. വിധിയുടെ താമസം മൂലം, വിശ്വാസികളുടെ മനസ്സിലുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കുക എന്ന ഉദ്ദേശമേ അതിനുള്ളൂ എന്ന് പാപ്പാ വ്യക്തമാക്കി.

കുടുംബങ്ങളുമായി ബന്ധപ്പെട്ട അജപാലനരംഗത്ത് കാരുണ്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, പക്ഷെ, കാരുണ്യം എന്നാൽ നീതി ഇല്ലാതാക്കുക എന്ന അർത്ഥമില്ലെന്നും, അത് നീതിയുടെ പൂർണ്ണതയായിരിക്കണമെന്നും ഓർമ്മിപ്പിച്ചു. വിവാഹത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട നടപടികൾ നടത്തുമ്പോൾ, അത് കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും ശക്തമായ രീതിയിൽ ബാധിക്കുന്നതാണെന്ന കാര്യം മറക്കരുതെന്ന് പാപ്പാ പറഞ്ഞു. ഇത്തരം പ്രവർത്തികളിൽ, പരിശുദ്ധാത്മാവിന്റെ സഹായം അപേക്ഷിച്ച്, മുട്ടിന്മേൽ നിന്നുകൊണ്ടാണ് കാര്യങ്ങൾ വിവേചിച്ചറിയേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, മുൻവിധികളിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതിന്റെ ആവശ്യകത പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. സദുദ്ദേശത്തോടെ എടുത്തവയ്യെങ്കിലും, നീതിയിൽനിന്നും സത്യത്തിൽനിന്നും അകന്നിരിക്കുന്ന തീരുമാനങ്ങൾ വിശ്വാസികളെ ദൈവത്തിൽനിന്നും അകറ്റുന്നുവെന്ന് മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ന്യായാധിപന്റെ വിവേചനബുദ്ധിക്ക് വിവേകവും നീതിബോധവും ഏറെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ പാപ്പാ, അത് സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് പറഞ്ഞു. വിധി, പ്രതീക്ഷിച്ചതിൽനിന്ന് വിപരീതമാണെങ്കിലും, ശരിയായ വിവേചനം, അജപാലനപരമായ കാരുണ്യപ്രവർത്തിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിവാഹബന്ധത്തിന്റെ അഭേദ്യതയുടെ വെളിച്ചത്തിൽ വേണം, സഭാനിയമത്തിന്റെ ശരിയായ വ്യാഖ്യാനങ്ങൾ വഴി, വിവാഹത്തിന്റെ സാധുതയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തേണ്ടതെന്ന് പാപ്പാ എടുത്തുപറഞ്ഞു. വിവാഹത്തിന്റെ സാധുതയെക്കുറിച്ചുള്ള പഠനം, ഒരുമിച്ചുള്ള സംഭാഷണങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സത്യത്തെ തേടുന്നതിന്, തുറന്ന ഒരു മനസ്സും, പരസ്പരമുള്ള ശ്രവണവും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

അന്വേഷണങ്ങൾ തിടുക്കവും മുൻവിധികളും ഒഴിവാക്കി ശ്രദ്ധാപൂർവ്വം നടത്താൻ ശ്രദ്ധിക്കണമെന്നും, ന്യായാധിപൻ ന്യായശാസ്ത്രത്തിന്റെയും നിയമത്തിന്റെയും തുടർപരിശീലനം നടത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു. പരിശുദ്ധാത്മാവിനോട് അനുസരണയുള്ളവരായി, നീതിയുടെ പ്രവർത്തകരായി സേവനമനുഷ്ഠിക്കുവാൻ പാപ്പാ റോമൻ റോട്ടയിലെ പ്രവർത്തകരെ ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2024, 19:44