തിരയുക

ഫാ. ഹമ്മലിന്റെ ഫോട്ടോ.   ഫാ. ഹമ്മലിന്റെ ഫോട്ടോ.  

പാപ്പാ : മാധ്യമപ്രവർത്തനത്തിൽ സത്യം എന്നത് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്

ലൂർദ്ദിൽ ആരംഭിച്ച വി. ഫ്രാൻസിസ് ദി സാലെസിന്റെ 27മത് അന്തർദേശിയ സമ്മേളനത്തിൽ വച്ച് മാധ്യമപ്രവർത്തകരായ സാറാ ക്രിസ്റ്റിൻ ബൊറിഹെനും (കാനഡ) റൊമിന റോബോവിനും (ഇറ്റലി) അവാർഡ് നൽകിയ അവസരത്തിലാണ് പാപ്പായുടെ സന്ദേശം. ഫ്രാൻസിലെ നൂൺഷിയോ ആയ മോൺ. ചെലസ്തീനോ മില്ല്യോറെയാണ് പാപ്പായുടെ സന്ദേശം വായിച്ച് അവാർഡ് ദാനം നിർവ്വഹിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫാ.ഹമ്മലിന്റെ നാമത്തിലുള്ള അവാർഡ് ദാനത്തിൽ നൽകിയ സന്ദേശത്തിൽ ദൈവത്തിന്റെ പേരിലുള്ള അക്രമം ദൈവദൂഷണമാണെന്നും അതിനെതിരെയുള്ള വെളിച്ചമാണ് ഫാ. ഹമ്മലെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. 2016 ജൂലൈ ഇരുപത്താറാം തിയതിയാണ് രണ്ട് മുസ്ലിം തീവ്രവാദികളാൽ ഫാ. ഹമ്മൽ ഫ്രാൻസിലെ റോവനിൽ മൃഗീയമായി കൊലചെയ്യപ്പെട്ടത്.  ആ സംഭവത്തെ അനുസ്മരിച്ച പാപ്പാ അക്രമങ്ങളുടെയും, അസഹിഷ്ണുതയുടേയും, വെറുപ്പിന്റെയും അതിപ്രസരത്താൽ വലയുന്ന നമ്മുടെ സമൂഹത്തിന് നൽകുന്ന മറുമരുന്നാണ് പകരം വയ്ക്കാനാവാത്ത ഈ സാക്ഷ്യം പകർന്നു നൽകേണ്ടത് എന്ന് വിശദീകരിച്ചു.

സമാധാനവും അന്തർമത സംവാദവും പ്രോൽസാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഈ അവാർഡ്, ഓരോരുത്തരുടേയും ബോധ്യങ്ങളെ മാനിച്ചു കൊണ്ട് കൂടുതൽ സാഹോദര്യമാർന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്നവരെ പ്രോൽസാഹിക്കാനുള്ള സന്തോഷകരമായ ഒരു മാർഗ്ഗമാണ് എന്ന് പാപ്പാ പറഞ്ഞു. അതിനാൽ പ്രത്യേകിച്ച്‌ യുവതലമുറകളുടെ  മനസാക്ഷി രൂപീകരണത്തിൽ പങ്കുചേരാൻ മാധ്യമപ്രവർത്തകർക്ക് ഒരു വിളിയുണ്ട് എന്ന് പാപ്പാ സന്ദേശത്തിൽ അറിയിച്ചു.

ദൈവത്തിന്റെ നാമത്തിലുള്ള അക്രമങ്ങൾ ദൈവദൂഷണമാണെന്ന് പാപ്പാ അപലപിച്ചു. ഇന്നത്തെ കാലത്ത് പരസ്പരം കലഹിപ്പിക്കാനായി തെറ്റായ വിവരങ്ങൾ കൈമാറ്റം ചെയ്യുകയും മനപൂർവ്വം തെറ്റായി നൽകുകയും ചെയ്യുന്നത് ചൂണ്ടിക്കാണിച്ച പാപ്പാ ഇത് വിവേചിച്ചറിയാൻ കഴിയാത്തവർ വിശ്വസിച്ചു പോകുന്ന ബലഹീനതയാണ് മറ്റുള്ളവർ ചൂഷണം ചെയ്യുന്നതെന്നും വിശദീകരിച്ചു. അതിനാൽ അന്തർ മതസംവാദത്തിനായുള്ള മാധ്യമ പ്രവർത്തകരുടെ പ്രവർത്തനത്തിൽ സത്യം എന്നത് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

മനുഷ്യബന്ധങ്ങളിൽ സത്യസന്ധരാകാനും, വിശ്വാസത്തിൽ ആഴമുള്ളവരുമായി, സുവിശേഷത്തിൽ നിന്ന് ശക്തി സംഭരിച്ച് വായനക്കാരെ ഈ യാത്രയിൽ സഹായിക്കുക, പാപ്പാ പറഞ്ഞു. മറ്റുള്ളവരുടെ ചിന്തകൾ അറിയാനും, മനുഷ്യന്റെ അന്തസ്സും സാഹോദര്യവും ഹനിക്കുന്ന എന്തെങ്കിലും വ്യതിചലനങ്ങൾ ഉണ്ടായാൽ അത് തള്ളിപ്പറയാനും കഴിയണം. ബുദ്ധിയും ഹൃദയവും നൽകിക്കൊണ്ട് സംഭവങ്ങൾക്ക് ഒരു ക്രൈസ്തവമായ വായന നടത്താനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2024, 13:45