സേവനത്തിൽ പ്രകടമാകുന്ന ക്രിസ്തുവിന്റെ രാജത്വം ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സേവനത്തിലും, മറ്റുള്ളവർക്കായി സ്വയം വ്യയം ചെയ്യുന്നതിലും, ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കുന്നതിലും, പാവപ്പെട്ടവരോടും പുറംതള്ളപ്പെട്ടവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലും ക്രിസ്തു പ്രകടമാക്കിയ രാജത്വത്തിന്റെ മാതൃക ജീവിക്കുന്നതിൽ തുടരാൻ പുരോഹിതരെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ജനുവരി 11 വ്യാഴാഴ്ച, "ക്രിസ്തുവിന്റെ രാജത്വത്തിന്റെ മിഷനറി വൈദികർ" എന്ന രൂപതാവൈദികരുടെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, അവർക്കായി തയ്യാറാക്കിയ പ്രഭാഷണത്തിലാണ് ഇങ്ങനെ ഒരു ക്ഷണം മുന്നോട്ടുവച്ചത്.
ക്രിസ്തുവിന്റെ രാജത്വത്തിന്റെ മിഷനറി വൈദികരെന്ന സമൂഹത്തിന്റെ ഫ്രാൻസിസ്‌ക്കൻ ചൈതന്യവും പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചു. രൂപതാവൈദികരായിരിക്കുമ്പോഴും വിശുദ്ധ ഫ്രാൻസിസിന്റെ ലാളിത്യം അനുകരിക്കാൻ പരിശ്രമിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ എഴുതിയത്.
തങ്ങളെത്തന്നെ അളവുകോലായി കാണാനും, ലൗകികതയിൽ ജീവിക്കാനും, വൈദികരുൾപ്പെടെയുള്ള ആളുകളിൽ ഇന്ന് കാണുന്ന പ്രലോഭനത്തിന് വഴങ്ങാതെ ജീവിക്കാനും പാപ്പാ വൈദികരോട് ആവശ്യപ്പെട്ടു. ഇതിനായി ദൈവകൃപയോടെ പ്രവൃത്തിക്കുകയും, അപകടങ്ങളെ തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സെക്കുലർ വൈദികസമൂഹം എന്നതിലെ സെക്കുലർ എന്നാൽ അല്മായത എന്നതല്ല അർത്ഥമാക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ സെക്കുലർ എന്നത്, ദൈവാരാജ്യത്തെ സേവിക്കുകയും, സാക്ഷ്യപ്പെടുത്തുകയും ചെയ്യാനായി വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ ഒരു മാനമാണെന്നത് എടുത്തുപറഞ്ഞു. സഭയും,മാമ്മോദീസ മുങ്ങിയ ഓരോ വ്യക്തിയും, ഈ ലോകത്തിലും, ലോകത്തിനുവേണ്ടിയുള്ളവരും ആണെങ്കിലും, അവർ ഈ ലോകത്തിന്റേതല്ലെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
"ക്രിസ്തുവിന്റെ രാജത്വത്തിന്റെ മിഷനറി വൈദികർ" എന്ന രൂപതാവൈദികരുടെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തിന്റെ എഴുപതാം വാർഷികത്തിലാണ് പാപ്പാ സമൂഹാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചത്. 1953-ൽ അസ്സീസിയിലെ വിശുദ്ധ ഡാമിയന്റെ ദേവാലയത്തിൽവച്ച് ഫാ. അഗസ്തീനോ ജെമെല്ലി എന്ന വൈദികനാണ് ഈ സമൂഹം സ്ഥാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: