തിരയുക

"തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ" എന്ന സംഘടനയുടെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ "തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ" എന്ന സംഘടനയുടെ പ്രതിനിധികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (VATICAN MEDIA Divisione Foto)

പരിശുദ്ധ അമ്മയെപ്പോലെ അനുകമ്പയുടെ കണ്ണുകളോടെ ലോകത്തെ നോക്കിക്കാണുക: ഫ്രാൻസിസ് പാപ്പാ

കാഠിന്യമേറിയ ഈ ലോകത്ത്, പരിശുദ്ധ അമ്മയുടെപോലെ അനുകമ്പയോടെയും കാരുണ്യത്തോടെയും മറ്റുള്ളവരെ നോക്കുന്നവരാകാൻ "തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ" എന്ന സംഘടനാംഗങ്ങളോട് ഫ്രാൻസിസ് പാപ്പാ. ചെറിയ സേവനങ്ങളെപ്പോലും ദൈവം വലുതായി കാണുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടും ആവശ്യങ്ങളോടും നിസ്സംഗവും നിർവ്വികാരവും കാഠിന്യമേറിയതുമായ മനോഭാവം ജീവിക്കുന്ന ഈ ലോകത്ത് പരിശുദ്ധ അമ്മയെപ്പോലെ കരുണയോടും ആർദ്രതയോടും പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.  "തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ" എന്ന സംഘടനാംഗങ്ങൾക്ക് ജനുവരി 11 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പരിശുദ്ധ അമ്മയുടെ ശൈലി സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പറഞ്ഞത്.

സംഘടനയിൽ അംഗങ്ങളാകാൻ അനുദിനം പത്ത് ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്ന നിബന്ധനയെക്കുറിച്ച് സംസാരിച്ച പാപ്പാ, ഇതുപോലെയുള്ള ലളിതവും, മനുഷ്യദൃഷ്ടിയിൽ നിസ്സാരവുമായ കാര്യങ്ങൾ ദൈവത്തിന് മുൻപിൽ പ്രധാനപ്പെട്ടവയാണെന്ന് പറഞ്ഞു. ചെറുതായവയെ ദൈവം സ്നേഹിക്കുകയും അവ ഫലം നൽകാൻ അനുഗ്രഹിക്കുകയും ചെയ്യുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സംഘടനയിൽ സ്ത്രീകൾ മാത്രമാണ് അംഗങ്ങൾ എന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത് സഭയിൽ നിങ്ങളുടെ മാറ്റിവയ്ക്കാനാകാത്ത പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുന്നു എന്നതിനൊപ്പം അവളുടെ മാതൃത്വത്തോട് ചേർന്ന്, ഒരു അമ്മയെപ്പോലെ സഭയുടെ എല്ലാ മക്കൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

"തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ" എന്ന പേരിൽ ഒരുമിച്ചുകൂടുമ്പോഴും പ്രാർത്ഥനയിലും മാത്രമല്ല, കുടുംത്തിലും, ഇടവകയിലും, ജോലിയിടങ്ങളിലും ഒരു അമ്മയുടേതായ നോട്ടം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പരിശുദ്ധ അമ്മ എല്ലാം ഉള്ളിൽ കാത്തുസൂക്ഷിച്ച് ഹൃദയത്തിൽ മനനം ചെയ്തതുപോലെ, തടസ്സങ്ങളെയും, സംഘർഷങ്ങളേയും അതിജീവിച്ച്, സമാധാനം വിതയ്ക്കാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലക്സംബർഗിൽനിന്നുള്ള സിബില്ല രാജകുമാരിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2024, 16:49