ജപ്പാൻ ജനതയുടെ ദുരിതങ്ങളിൽ സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ദിവസം ജപ്പാനിലെ ഇഷികാവയിലുണ്ടായ ശക്തമായ ഭൂചലനത്തിലും, ടോക്കിയോ വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയിലും ഇരകളായവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും പ്രാർത്ഥനകളും ആശ്വാസവും നേർന്ന് ഫ്രാൻസിസ് പാപ്പാ.
തീവ്രമായ ഭൂചലനം
പുതുവത്സരദിനത്തിൽ ഉണ്ടായ ഭൂചലനത്തിന്റെ ഇരകളായവർക്കുവേണ്ടി, ജനുവരി രണ്ടാം തീയതി, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ പാപ്പായുടെ പേരിൽ ടെലിഗ്രാം സന്ദേശമയച്ചു. പുതുവർഷദിനത്തിൽ ഇഷികാവ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ശക്തമായ ഭൂമികുലുക്കത്തിൽ ഏതാണ്ട് അൻപതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഈ ദുരന്തത്തിൽ ഉൾപ്പെട്ട ഏവർക്കും പരിശുദ്ധ പിതാവ് തന്റെ ഹൃദയംഗമായ ഐക്യദാർഢ്യവും ആത്മീയസാമീപ്യവും ഉറപ്പുനൽകുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി. ഈ സംഭവത്തിൽ മരണമടഞ്ഞവർക്കും, അവരുടെ വിയോഗത്തിൽ വേദനിക്കുന്നവർക്കും, ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്പാനിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഈ ദുരന്തത്തിൽ ഇരകൾക്കും പൊതുജനങ്ങൾക്കുംവേണ്ടി സഹായമേകുന്ന അധികാരികൾക്കും അടിയന്തിര ദുരന്തനിവാരണവിഭാഗത്തിൽപ്പെട്ട ജോലിക്കാർക്കും പാപ്പാ തന്റെ പിന്തുണ വാഗ്ദാനം ചെയ്‌തു. ദൈവം ഏവർക്കും സാന്ത്വനവും ശക്തിയും നൽകാൻ വേണ്ടി പ്രാർത്ഥനയും പാപ്പാ വാഗ്‌ദാനം ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി.
സുനാമി മുന്നറിയിപ്പ്
പുതുവത്സരദിനത്തിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി വീടുകളും, കെട്ടിടങ്ങളും, റോഡുകളും ഭൂമികുലുക്കത്തെ തുടർന്ന് തകർന്നിരുന്നു. വിവിധ ട്രെയിൻ സർവീസുകളും സംഭവത്തെ തുടർന്ന് നിറുത്തലാക്കിയിരുന്നു.
വിമാനാപകടം
ടോക്കിയോ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരകളായവരെ, ജനുവരി 3 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ അനുസ്മരിച്ചു. അപകടത്തിൽ ഇരകളായവർക്ക് തന്റെ ആധ്യാത്മികസാമീപ്യം പാപ്പാ ഉറപ്പുനൽകി. അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു. ഒരു യാത്രാവിമാനവും തീരദേശസംരക്ഷണസേനയുടെ വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രാവിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാനായതായി അധികൃതർ അറിയിച്ചിരുന്നു.
സംഭവങ്ങളിൽ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും, ഇരകൾക്ക് സഹായമെത്തിയ്ക്കുന്ന ഏവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: