ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

മുപ്പത്തിയാറ് കോടി ക്രൈസ്തവർ മതപീഡനങ്ങൾക്കിരകളാകുന്നു: ഫ്രാൻസിസ് പാപ്പാ

മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ വേണ്ടി പരിശ്രമിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകമെമ്പാടും കോടിക്കണക്കിന് ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും നേരിടുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പലയിടങ്ങളിലും ക്രൈസ്തവർ തങ്ങളുടെ മാതൃരാജ്യങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, മതസ്വാതന്ത്ര്യം ഉറപ്പാകുന്നതും സമാധാനം നിലനിൽക്കുന്നതിന് പ്രധാനപ്പെട്ട വസ്തുതയാണെന്നും എഴുതി. ജനുവരി 11 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

"ലോകത്ത് മുപ്പത്തിയാറ് കോടിയിലധികം ക്രൈസ്തവർ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങളും വിവേചനവും അനുഭവിക്കുന്നു. ഇതിന്റെ പേരിൽ കൂടുതൽ കൂടുതൽ ആളുകൾ തങ്ങളുടെ മാതൃരാജ്യങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. സമാധാനം, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലൂടെയുമാണ് ഉറപ്പുവരുന്നത്" എന്നായിരുന്നു പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

EN: Over 360 million Christians around the world experience persecution and discrimination because of their faith. More and more of them are being forced to flee their homelands. Peace also requires the protection of religious freedom.

IT: Oltre 360 milioni di cristiani nel mondo sperimentano persecuzione e discriminazione a causa della propria fede, e sono sempre di più quelli costretti a fuggire dalle proprie terre. La pace passa anche attraverso la tutela della libertà religiosa.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2024, 16:30