യുദ്ധം ഒരിക്കലും സ്നേഹം വിതയ്ക്കുന്നില്ല: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യുദ്ധം ഒരിക്കലും സ്നേഹമല്ല വിതയ്ക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. യുദ്ധം വൈരാഗ്യമാണ് വിതയ്ക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വത്തിക്കാനിൽ പതിവുപോലെ ബുധനാഴ്ചകളിൽ നടത്തിവരുന്ന ഉദ്ബോധനത്തിന്റെ ഭാഗമായി, ജനുവരി 17-ആം തീയതി അനുവദിച്ച പൊതുകൂടിക്കാഴ്ച്ചവേളയിലാണ് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പാപ്പാ സംസാരിച്ചത്.
യുദ്ധത്തിൽ ആയിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ, കഴിഞ്ഞ ദിവസങ്ങളിലേതുപോലെ, ഈ ബുധനാഴ്ചയും ആവർത്തിച്ചു. പൊതുകൂടിക്കാഴ്ചയുടെ അവസാനം ഇറ്റാലിയൻ ഭാഷയിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ എന്നിവിടങ്ങളെ പാപ്പാ പ്രത്യേകമായി പരാമർശിച്ചുകൊണ്ട് ഇങ്ങനെ ഓർമ്മിപ്പിച്ചത്. ഗാസ മുനമ്പിൽ സഹനത്തിലൂടെ കടന്നുപോകുന്ന ജനങ്ങളെ മറക്കാതിരിക്കാമെന്ന് പാപ്പാ ഇത്തവണയും ആവർത്തിച്ചു.
യുദ്ധത്തിന്റെ ഇരകളാകേണ്ടിവരുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഒരുപാട് പേരാണ് യുദ്ധത്തിന്റെ ഇരകളാകേണ്ടിവരുന്നതെന്ന് ഓർമ്മിപ്പിച്ചു.
യുദ്ധം ഒരിക്കലും സ്നേഹം വിതയ്ക്കുന്നില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധം നാശം കൊണ്ടുവരികയും ആളുകൾ തമ്മിൽ വൈരാഗ്യം വിതയ്ക്കുകയുമാണ് ചെയ്യുന്നത്. യുദ്ധങ്ങൾ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെയും, മറ്റു പല യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സമാധാനത്തിനും, ശാന്തിക്കും പരസ്പരസഹകരണത്തിനുമായി പാപ്പാ കഴിഞ്ഞ ബുധനാഴ്ചകളിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളകളിലും ഞായറാഴ്ചകളിലെ ത്രികാലജപപ്രാർത്ഥനാവേളയിലും പ്രത്യേകമായി ആഹ്വാനം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: