വിണ്ണിലേക്കുയർത്തിയ നയനങ്ങളും മന്നിൽ സഞ്ചരിക്കുന്ന പാദങ്ങളും ആരാധനയിൽ പ്രണമിക്കുന്ന ഹൃദയവുമുള്ള ജ്ഞാനികൾ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബത്ലഹേമിയ പിറന്ന രാജാവിനെ തേടി കിഴക്കുനിന്നെത്തിയ ജ്ഞാനികൾ ദൈവാന്വേഷികളായ ജനതകളുടെ പ്രതീകങ്ങളാണെന്ന് മാർപ്പാപ്പാ.
എപ്പിഫനി, അഥവാ, പ്രത്യക്ഷീകരണതിരുന്നാൾ, ദനഹാതിരുന്നാൾ എന്നൊക്കെ അറിയപ്പെടുന്ന തിരുന്നാൾദിനമായിരുന്ന ജനുവരി 6-ന്, ശനിയാഴ്ച, രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
അന്വേഷകരായി പൗരസ്ത്യദേശത്തു നിന്നു മൂന്നു ജ്ഞാനികൾ വന്ന സംഭവത്തിൽ പ്രകടമായ മൂന്നു സവിശേഷതകൾ പാപ്പാ തൻറെ പ്രഭാഷണത്തിൽ വിശകലനം ചെയ്തു.
അവരുടെ നയനങ്ങൾ ഉന്നതോന്മുഖം ആയിരുന്നു, അവരുടെ പാദങ്ങൾ ഭൂമിയിൽ ചരിക്കുകയായിരുന്നു, അവരുടെ ഹൃദയം ആരാധനയിൽ പ്രണമിക്കുകയായിരുന്നു എന്ന് പാപ്പാ വിശദീകരിച്ചു. അനന്തതയുടെ ഗൃഹതുരത്വം കുടികൊള്ളുന്ന അവരുടെ നയനങ്ങൾ ആകാശത്തിനു നേർക്കായിരുന്നുവെന്നും അവരുടെ നോട്ടം ആകാശ നക്ഷത്രങ്ങളാൽ ആകർഷിക്കപ്പെട്ടുവെന്നും പാപ്പാ പറഞ്ഞു.
അവർ തല ഉയർത്തിനോക്കുകയും അവരുടെ ജീവിതത്തിൻറെ പൊരുളിനെ പ്രകാശമാനമാക്കുന്ന വെളിച്ചം, ഉന്നതത്തിൽ നിന്നു വരുന്ന രക്ഷ പാർത്തിരിക്കുകയും ചെയ്തുവെന്നും, അങ്ങനെ അവർ സകല നക്ഷത്രങ്ങളെയുംകാൾ ശോഭയുള്ള ഒരു നക്ഷത്രം കാണുകയും അതിനാൽ ആകർഷിതരായി അവർ യാത്രയാരംഭിക്കുകയും ചെയ്തുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഭൗമിക കാര്യങ്ങളുടെ ഇടുങ്ങിയ പരിമിതികൾക്കുള്ളിൽ നാം അടഞ്ഞുകിടക്കുകയാണെങ്കിൽ, നാം നമ്മുടെ തോൽവികളുടെയും ആകുലതകളുടെയും ബന്ദികളായി ജീവിക്കുകയാണെങ്കിൽ, വെളിച്ചവും സ്നേഹവും തേടുന്നതിനുപകരം ലൗകികങ്ങളായവയ്ക്കും ഭൗമികാശ്വാസങ്ങൾക്കും വേണ്ടി ദാഹിക്കുകയാണെങ്കിൽ നമ്മുടെ ജീവിതം അസ്തമിക്കും എന്നതാണ് നമ്മുടെ അസ്തിത്വത്തിൻറെ അർത്ഥത്തെ അനാവരണം ചെയ്യുന്ന താക്കോലെന്നും പാപ്പാ പറഞ്ഞു. മുകളിൽ നിന്നുള്ള യാഥാർത്ഥ്യം കാണാൻ പഠിക്കുന്നതിന് നാം മുകളിലേക്കു നോക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.നമ്മുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിച്ചു നില്ക്കുന്നതിനു പകരം ദൈവത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭയിൽ ഉന്നതത്തിലേക്കുള്ള നോട്ടം ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
അതുപോലെതന്നെ ആ ജ്ഞാനികൾ അവരുടെ പാദാഗ്രം നോക്കിയല്ല തങ്ങളിലേക്കുതന്നെ ചുരുണ്ടുകൂടിയല്ല, ഭൗമിക ചക്രവാളത്തിൻറെ ബന്ദികളായല്ല ജീവിക്കുന്നതെന്നും, മറിച്ച്, അവർ, യഹൂദരുടെ രാജാവായി ജനിച്ചവനെ തേടി പുറപ്പെടുന്നുവെന്നും അവരുടെ പാദങ്ങൾ മന്നിൽ ചരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ആകാശത്തേക്കു നോക്കി നില്ക്കാനല്ല, പ്രത്യുത, സുവിശേഷത്തിൻറെ സാക്ഷികളായി ഭൂമിയിൽ സഞ്ചരിക്കാനാണ് വിശ്വാസമെന്ന ദാനം നമുക്ക് നല്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന കർത്താവായ യേശുവിനെ നമുക്ക് നല്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഇരുളുകളിൽ നമുക്ക് സാന്ത്വനമാകുന്നതിനു മാത്രമല്ല, അനേകം സാമൂഹിക സാഹചര്യങ്ങളെ വലയം ചെയ്യുന്ന കനത്ത ഇരുട്ടിൽ പ്രകാശകിരണങ്ങൾ ചൊരിയാൻ കൂടിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ജ്ഞാനികളുടെ ഹൃദയം ആരാധനയിൽ സാഷ്ടാംഗം പ്രണമിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ച പാപ്പാ അവർ ആകാശത്തിലെ നക്ഷത്രത്തെ നോക്കുന്നു, പക്ഷേ ഭൂമിയിൽ നിന്ന് വേറിട്ടുനില്ക്കുന്ന ഒരു ഭക്തിയിൽ അഭയം പ്രാപിക്കുന്നില്ലയെന്നും അവരുടെ യാത്ര, ലക്ഷ്യബോധമില്ലാത്ത വിനോദസഞ്ചാരികളുടേതു പോലെയായിരുന്നില്ലെന്നും അവർ ബെത്‌ലഹേമിൽ എത്തി, ശിശുവിനെ കണ്ടപ്പോൾ, "കുമ്പിട്ട് ആരാധിച്ചുവെന്നും" (മത്തായി 2:11) പറഞ്ഞു. ആകയാൽ നമ്മളും നയനങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തുകയും കർത്താവിനെ അന്വേഷിച്ച് യാത്ര തുടങ്ങുകയും, ഹൃദയം കൊണ്ട് അവിടത്തെ ആരാധിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: