പാപ്പാ: സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു

2024 ലെ ആദ്യ ദിനമായ ജനുവരി ഒന്നിന്, ദൈവമാതാവിന്റെ തിരുനാൾ ദിവ്യബലിയിൽ പാപ്പാ നൽകിയ ദൈവവചന പ്രലോഷണം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു, അതിനാൽ ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, വിലമതിക്കുകയും ചെയ്യുക. “കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി” (4 :4) എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് 2024 ലെ ആദ്യ ദിനമായ ജനുവരി ഒന്നിന്, ദൈവമാതാവിന്റെ തിരുനാൾ ദിവ്യബലിയിൽ ദൈവവചന പ്രലോഷണം ആരംഭിച്ചത്.

ഒഴിഞ്ഞ ജലകുഭങ്ങൾ നിറയുന്നത് നോക്കി സമയ നിർണ്ണയം നടത്തിയിരുന്ന പുരാതന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  കാല സമ്പൂർണ്ണതയിലെ ദൈവപുത്രന്റെ ജനനത്തെ ചരിത്രത്തിന്റെ പാത്രം ദൈവകൃപകൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകിയ സമയമാണെന്ന് പാപ്പാ വിവരിച്ചു. ദൈവം മനുഷ്യനായത് മറിയം എന്ന ഒരു സ്ത്രീയിലൂടെയാണെന്ന് വിശദീകരിച്ച പാപ്പാ കർത്താവിന്റെ ലോകത്തിലേക്കുള്ള വരവിന് '’തുള്ളി തുള്ളിയായി” ഒരുക്കിയ വ്യക്തികളുടേയും തലമുറകളുടെയും നീണ്ട നിരയുടെ പര്യവസാനമായി ദൈവം തിരഞ്ഞെടുത്ത വഴിയായിരുന്നു മറിയം എന്നും അമ്മ അങ്ങനെ സമയത്തിന്റെ രഹസ്യത്തിന്റെ കേന്ദ്രമാണെന്നും അടിവരയിട്ടു. "സ്ത്രീ” എന്ന അവൾക്ക് ചുറ്റും ചരിത്രത്തെ തിരിക്കാനാണ് ദൈവം  സംപ്രീതനായത്.  “സ്ത്രീ” എന്ന പദം നമ്മെ ഉൽപ്പത്തിയിലേക്കും അതേ സമയം അമ്മയും കുഞ്ഞും ഒരു പുതു സൃഷ്ടിയെയും പുതിയ തുടക്കത്തെയും അടയാളപ്പെടുത്തുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

രക്ഷയുടെ സമയാരംഭത്തിലുള്ള  ദൈവമാതാവിന്റെ  സാന്നിധ്യം

രക്ഷയുടെ സമയത്തിന്റെ ആരംഭത്തിലുള്ള  ദൈവത്തിന്റെ അമ്മയുടെ  സാന്നിധ്യം വിശദീകരിച്ച പാപ്പാ വർഷാരംഭം അവളെ വിളിച്ചു കൊണ്ടാകുന്നത് ഉചിതമാണെന്ന് അഭിപ്രായപ്പെട്ടു. എഫേസൂസ് കൗൺസിൽ പ്രഘോഷിച്ച "ദൈവത്തിന്റെ പരിശുദ്ധ അമ്മ” എന്നത് ആ അമ്മയുടെ കരങ്ങളിലെ കുഞ്ഞുകുട്ടിയായി മാറിയ കർത്താവ് തന്നെത്തന്നെ നമ്മുടെ മനുഷുപ്രകൃതിയോടു എന്നേയ്ക്കുമായി ഒന്നുചേർന്നു എന്നതാണെന്ന് പാപ്പാ വിശദീകരിച്ചു. ദൈവത്തിന്റെ അമ്മ എന്ന ലളിതമായ വാക്യം കർത്താവിന്റെ നമ്മോടുള്ള സനാതനമായ ഉടമ്പടിയാണ് പ്രതിനിധീകരിക്കുന്നത്. അത് ഒരു വിശ്വാസ സത്യം മാത്രമല്ല മനുഷ്യനിൽ ദൈവവും ദൈവത്തിൽ മനുഷ്യനും എന്ന പ്രത്യാശയുടെ സത്യം കൂടിയാണ്.

സഭാ പിറവിയുടെ നേരത്തിൽ ദൈവമാതാവിന്റെ  സാന്നിധ്യം

സമയത്തിന്റെ തികവിൽ  തന്റെ പുത്രനെ  അയച്ചതു കൂടാതെ പരിശുദ്ധാത്മാവിനെ അയച്ച കാര്യം കൂടി വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നത് ( വാക്യം 6) ചൂണ്ടിക്കാണിച്ച് പരിശുദ്ധാത്മാവിന്റെ വരവിൽ  അമ്മയ്ക്കുണ്ടായിരുന്ന പ്രധാന പങ്കിനെ പാപ്പാ എടുത്തു പറഞ്ഞു. മംഗള വാർത്ത (ലൂക്കാ 1,35) യിൽ പരിശുദ്ധാത്മാവ് അവളുടെ മേലിറങ്ങി, സഭയുടെ പിറവിയുടെ നേരത്ത്  ആത്മാവ് അമ്മയായ മറിയത്തോടൊപ്പം പ്രാർത്ഥിച്ചിരുന്ന ശിഷ്യരുടെ മേലിറങ്ങി (അപ്പ:1,14). പരിശുദ്ധാത്മാവിന്റെ പ്രവർത്തികളോടുള്ള മറിയത്തിന്റെ സ്വീകാര്യത നമ്മെ വരങ്ങളിൽ  എല്ലാറ്റിലും ഉപരിയായ വരമായ അത്യുന്നതനായ കർത്താവിന്റെ സഹോദരരാക്കി നമ്മുടെ ഹൃദയത്തിൽ നിന്ന് “അബ്ബാ, പിതാവെ “ എന്നു വിളിക്കാൻ ഇടവരുത്തുകയും ചെയ്തു എന്ന് ചെലാനോയിലെ തോമസ്സിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് അറിയിച്ചു.

പരിശുദ്ധ അമ്മയെ സ്വീകരിക്കൽ ഭക്തിയുടെ കാര്യമല്ല; വിശ്വാസത്തിന്റെ ആവശ്യകത

മറിയത്തിന്റെ മാതൃത്വം ദൈവത്തിന്റെ പിതാവിനടുത്ത ആർദ്രതയിലേക്കുള്ള ഏറ്റം എളുപ്പമാർന്ന വഴിയാണ്. വിശ്വാസത്തിലേക്കു നയിക്കുന്ന അമ്മ നമ്മെ തന്റെ പ്രിയ പുത്രരാക്കിക്കൊണ്ട് ദൈവസ്നേഹത്തിന്റെ സക്രാരികളാക്കുന്നു. അതിനാൽ നമ്മുടെ ജീവിതത്തിലേക്ക് അമ്മയെ സ്വാഗതം ചെയ്യുക എന്നത് ഒരു ഭക്തിയുടെ കാര്യമല്ല മറിച്ച് വിശ്വാസത്തിന്റെ ആവശ്യകതയാണ്. “നമ്മൾ ക്രൈസ്തവരാകാൻ ആഗ്രഹിക്കുന്നെങ്കിൽ “മറിയത്തിന്റെയാൾക്കാർ (Marians)" അതായത് മറിയത്തിന്റെ മക്കൾ ആയിരിക്കണമെന്ന വി.പോളാറാമന്റെ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു.

സ്ത്രീയെന്ന ദാനത്തെ എല്ലാ സമൂഹങ്ങളും അംഗീകരിക്കണം

സഭയ്ക്ക് അവളുടെ സ്ത്രൈണമുഖം വീണ്ടെടുക്കാനും, കന്യകയും അമ്മയുമായ അവളെപ്പോലെ കൂടുതൽ ആയിത്തീരാനും പരിഗണനയും, പരിചരണവും, ക്ഷമയും മാതൃസഹജമായ ധൈര്യവും വേണ്ട സഭയുടെ അജപാലന ദൗത്യത്തിൽ സ്ത്രീകൾക്ക് ഇടം നൽകാനും സഭയ്ക്ക് മറിയത്തെ ആവശ്യമുണ്ട്. സഭ മാത്രമല്ല ലോകവും സമാധാനം കണ്ടെത്താനും അക്രമങ്ങളുടെയും വെറുപ്പിന്റെയും വിഷമവൃത്തത്തിൽ നിന്ന് കരേറാനും സത്യമായ മനുഷ്യ ദൃഷ്ടിയും ഹൃദയവും കൊണ്ട് കാണാനും  അമ്മമാരേയും സ്ത്രീകളേയും നോക്കാൻ പാപ്പാ ആവശ്യപ്പെട്ടു. സ്ത്രീയെന്ന ദാനത്തെ എല്ലാ സമൂഹങ്ങളും അംഗീകരിക്കണമെന്നും, ഏതെങ്കിലുമൊരു സ്ത്രീയെ ഉപദ്രവിക്കുന്നവൻ “സ്ത്രീയിൽ നിന്നു ജനിച്ച '’ദൈവത്തെയാണ് നിന്ദിക്കുന്നതെന്ന് തിരിച്ചറിഞ്ഞ്  ഓരോ സ്ത്രീയെയും ബഹുമാനിക്കാനും, സംരക്ഷിക്കാനും, വിലമതിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

മറിയത്തെപ്പോലെ സഭയും

"സ്ത്രീ”യുടെ തികഞ്ഞ മാതൃകയായ, സമയത്തിന്റെ തികവിൽ നിർണ്ണായകമായ പങ്കുവഹിച്ച മറിയത്തെപ്പോലെ സഭയും നമ്മുടെ ജീവിതത്തിൽ നിർണ്ണായകമായ സ്ഥാനം വഹിക്കുന്നു, കാരണം മക്കളുടെ വളർച്ചയുടെ ഘട്ടങ്ങളും അടിയന്തിരാവശ്യങ്ങളും അമ്മയേക്കാൾ നന്നായി അറിയുന്നവരാരുമില്ല. വീണ്ടും ഒരു തുടക്കത്തിൽ മറിയം അത് നമുക്ക് കാണിച്ചുതരുന്നു, കാനായിലെ കല്യാണ വിരുന്നിൽ. തന്റെ മക്കളുടെ ആവശ്യങ്ങൾ അവളെ യേശുവിനോടു യാചിക്കാൻ പ്രേരിപ്പിക്കുകയും ജീവിതത്തിൽ കൃപയൊഴുക്കി യഥാർത്ഥ ആത്മസാഫല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പരിശൂദ്ധ അമ്മ - നിറവിന്റെ അമ്മ

നമുക്കെല്ലാവർക്കുമുള്ള കുറവുകളും, ഏകാന്ത നിമിഷങ്ങളും, അന്തരീക ശൂന്യതകളും നിറവിനായി നിലവിളിക്കുമ്പോൾ നിറവിന്റെ അമ്മയായ മറിയമല്ലാതെ മറ്റാർക്കാണ് അത് നിറയ്ക്കാനാവുക എന്ന് പാപ്പാ ചോദിച്ചു. നമ്മിലേക്ക് തന്നെ ഒതുങ്ങാൻ പ്രലോഭിതരാകുമ്പോഴും, നമ്മുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കാൻ കഴിയാതെ വരുമ്പോഴും അവളുടെ പക്കലേക്കോടി അവളിൽ അഭയം തേടാം. സമാധാനം നഷ്ടമായ നമ്മുടെ ഈ കാലത്ത് മനുഷ്യ കുടുംബത്തെ ഒന്നിപ്പിക്കാൻ കഴിവുള്ള ഒരമ്മയെ ആവശ്യമാണ്‌. നമുക്ക് മറിയത്തിലേക്ക് നോക്കി, അവളുടെ മക്കൾക്കായുള്ള  മാതൃസഹജമായ സർഗ്ഗാത്മകതയും പരിഗണനയും കൊണ്ട് ഐക്യത്തിന്റെ കരവേലക്കാരാകാൻ പരിശ്രമിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പുതുവത്സരത്തെ മറിയത്തെ ഭരമേൽപ്പിക്കാം

ദൈവത്തിന്റെ അമ്മയായ മറിയത്തെ പുതുവൽസരം ഭരമേൽപ്പിക്കാനും, ജീവിതം അവൾക്കായി സമർപ്പിക്കാനും ആവശ്യപ്പെട്ട പാപ്പാ അവളുടെ ആർദ്രമായ സ്നേഹത്താൽ അവൾ നമ്മെ എല്ലാ കാലത്തിന്റെയും നമ്മുടെ തന്നെയും  “സമയത്തിന്റെ സമ്പൂർണ്ണത” യായ യേശുവിലേക്ക് നയിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. “ദൈവപുത്രനെ അയക്കാൻ ഇടയാക്കിയത് കാലത്തിനു സമ്പൂർണ്ണത വന്നതുകൊണ്ടല്ല മറിച്ച് പുത്രന്റെ അയക്കലാണ് കാലത്തിന് സമ്പൂർണ്ണത കൊണ്ടുവന്നത്” എന്ന മാർട്ടിൻ ലൂതറിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്, കർത്താവിന്റെ സമാശ്വാസവും ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ ആർദ്രമായ മാതൃസ്നേഹവും കൊണ്ട് നിറഞ്ഞതാവട്ടെ ഈ വർഷം എന്നും ആശംസിച്ചു.  സന്നിഹിതരായിരുന്ന വിശ്വാസികളോടും തീർത്ഥാടകരോടും പരിശുദ്ധ ദൈവമാതാവേ! പരിശുദ്ധ ദൈവമാതാവേ! പരിശുദ്ധ ദൈവമാതാവേ! എന്ന് ഒരുമിച്ചു മൂന്നു പ്രാവശ്യം വിളിച്ചപേക്ഷിക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രലോഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2024, 15:30