പാപ്പാ: വിശുദ്ധ നാട്ടിലെ സംഘർഷത്തിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം നിർണ്ണായകമാണ്
വത്തിക്കാ൯ ന്യൂസ്
ഓസ്ലോ ഉടമ്പടി വളരെ വ്യക്തമാണ്. രണ്ട് രാജ്യങ്ങളുടെ സ്ഥാപനം എന്ന പരിഹാരമാർഗ്ഗം നിർദ്ദേശിക്കുന്ന ആ ഉടമ്പടി പ്രയോഗിക്കുന്നതുവരെ, യഥാർത്ഥ സമാധാനം വിദൂരമായി തുടരും എന്ന് പാപ്പാ പങ്കുവച്ചു. ഹമാസിന്റെ ആക്രമണങ്ങളെയും ഗാസ മുനമ്പിലെ നഗരങ്ങളെ നശിപ്പിക്കുന്ന യുദ്ധത്തെയും അതിന്റെ ഫലമായി വിശുദ്ധ നാട്ടിൽ നടക്കുന്ന സംഭവങ്ങളെയും കുറിച്ചുള്ള തന്റെ ചിന്തകൾ പാപ്പാ പങ്കുവച്ചു.
ഇറ്റാലിയൻ ദിനപത്രമായ 'ലാ സ്താംപാ'യുടെ വത്തിക്കാൻ ലേഖകനായ ദൊമെനിക്കോ അഗാസോ ജനുവരി 29 ആം തിയതി തിങ്കളാഴ്ച പാപ്പാ അഭിമുഖത്തിൽ പങ്കുവച്ച ചിന്തകൾ പ്രസിദ്ധീകരിച്ചു. നിലവിലുള്ള നിരവധി സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച ഫ്രാൻസിസ് പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും സമാധാനപരമായ ഭാവിയിലേക്കുള്ള ഏകമാർഗ്ഗം സംവാദമാണെന്ന തന്റെ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ബോംബുകളും മിസൈലുകളും ഉടനടി നിർത്താനും ശത്രുതാ മനോഭാവം അവസാനിപ്പിക്കാനും എല്ലായിടത്തും, എല്ലാ കക്ഷികളോടും പാപ്പാ ആഹ്വാനം ചെയ്തു. ആഗോള വെടിനിർത്തലിന് ആഹ്വാനം ചെയ്ത പാപ്പാ "നമ്മൾ അഗാധഗർത്തത്തിന്റെ വക്കിലാണെന്ന് ഊന്നിപ്പറഞ്ഞു.
വിശുദ്ധ നാടിനെയും, യുക്രെയ്നെയും കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവച്ച പാപ്പാ ഒരു യുദ്ധത്തെയും "നീതിക്കുവേണ്ടി" എന്ന് നിർവ്വചിക്കുന്നതിലുള്ള തന്റെ എതിർപ്പ് പാപ്പാ വിശദീകരിച്ചു. സ്വയം പ്രതിരോധിക്കുന്നത് നിയമാനുസൃതമാണെന്ന് പറയാൻ ആഗ്രഹിക്കുന്നുവെങ്കിലും യുദ്ധങ്ങൾ എപ്പോഴും തെറ്റാണെന്നും യുദ്ധങ്ങളെ ന്യായീകരിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.
മധ്യ കിഴക്ക൯ രാജ്യങ്ങളിലുടനീളം തുടരുന്ന സൈനിക ഇടപെടലുകളുടെ വർദ്ധനവിനെക്കുറിച്ച് തന്റെ ആശങ്ക പ്രകടിപ്പിച്ച പാപ്പാ "ഒരു കരാറിലെത്താൻ രഹസ്യ യോഗങ്ങൾ നടക്കുന്നതിനാൽ തനിക്ക് കുറച്ച് പ്രതീക്ഷയുണ്ടെന്നും ഒരു വെടിനിർത്തൽ ഇതിനകം തന്നെ ഒരു നല്ല ഫലമായിരിക്കുമെന്നും പറഞ്ഞു.
ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാത്തിസ്റ്റ പിസബല്ലയെ പാപ്പാ വിശേഷിപ്പിച്ചത് "നന്നായി നീങ്ങുകയും" മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന "നിർണ്ണായക വ്യക്തി" എന്നാണ്. ഗാസയിലെ തിരുകുടുംബ കത്തോലിക്കാ ഇടവകയുമായി എല്ലാ ദിവസവും വീഡിയോ കോളിലൂടെ സംസാരിക്കുന്നുണ്ടെന്നും "ഇസ്രായേലി ബന്ദികളുടെ മോചനം" അദ്ദേഹത്തിന്റെ മുൻഗണനയാണെന്നും പാപ്പാ പറഞ്ഞു.
യുക്രെയ്നിനെ സംബന്ധിച്ചിടത്തോളം, ഇറ്റാലിയ൯ മെത്രാ൯ സമിതിയുടെ അധ്യക്ഷ൯ കർദ്ദിനാൾ മത്തേയോ സൂപ്പിയെ ഭരമേൽപ്പിച്ച ചുമതലയെ കുറിച്ച് പാപ്പാ അഭിമുഖത്തിൽ അനുസ്മരിച്ചു. തടവുകാരുടെ കൈമാറ്റത്തിനും യുക്രേനിയൻ പൗരൻമാരുടെ തിരിച്ചുവരവിനും മധ്യസ്ഥത വഹിക്കാൻ പരിശുദ്ധ സിംഹാസനം ശ്രമിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. പ്രത്യേകിച്ചും, റഷ്യയിലേക്ക് ബലമായി കൊണ്ടുപോയിരുന്ന യുക്രേനിയൻ കുട്ടികളെ തിരിച്ചയക്കുന്നതിനായി കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യൻ കമ്മീഷണർ മരിയ ലോവ-ബെലോവയുമായി പ്രവർത്തിക്കുന്നതും, ചിലർ ഇതിനകം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയതും പാപ്പാ വിശദീകരിച്ചു.
ക്രമരഹിതരായി ജീവിക്കുന്ന അല്ലെങ്കിൽ സ്വവർഗ്ഗ ദമ്പതികളായ വ്യക്തികളുടെ ആശീർവ്വാദം അനുവദിക്കുന്ന ഫിദുച്ചാ സുപ്ലിക്ക൯സ് എന്ന രേഖയെ കുറിച്ച് അഭിമുഖത്തിൽ സൂചിപ്പിച്ച പാപ്പാ ക്രിസ്തു എല്ലാവരെയും ഉള്ളിൽ നിന്ന് വിളിക്കുന്നു" എന്ന് അനുസ്മരിച്ചു. "സുവിശേഷം എല്ലാവരെയും വിശുദ്ധീകരിക്കാനുള്ളതാണ്," പാപ്പാ പറഞ്ഞു. "തീർച്ചയായും, സന്മനസ്സ് ഉണ്ടായിരിക്കണം. ക്രിസ്തീയ ജീവിതത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകേണ്ടത് ആവശ്യമാണ്. ബന്ധത്തെയല്ല, വ്യക്തികളാണ് അനുഗ്രഹിക്കേണ്ടതെന്ന കാര്യം പാപ്പാ ഊന്നിപ്പറഞ്ഞു.
നാമെല്ലാവരും പാപികളാണ്: സഭയിൽ പ്രവേശിക്കാൻ കഴിയുന്ന പാപികളുടെ ഒരു പട്ടികയും സഭയിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത പാപികളുടെ ഒരു പട്ടികയും നാം എന്തിന് നിർമ്മിക്കണം എന്ന് ചോദ്യമുന്നയിച്ച പാപ്പാ ഇതല്ല സുവിശേഷമെന്നും ഓർമ്മപ്പെടുത്തി.
രേഖയെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ച്, "ശക്തമായി എതിർക്കുന്നവർ ചെറിയ പ്രത്യയശാസ്ത്ര ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ്" എന്ന് പാപ്പാ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ സഭയെ "ഒരു പ്രത്യേക കേസ്" എന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. കാരണം "അവരെ സംബന്ധിച്ചിടത്തോളം, സ്വവർഗ്ഗരതി അവരുടെ സാംസ്കാരിക വീക്ഷണത്തിൽ 'മ്ലേച്ഛമായ' ഒന്നാണ്; അതിനോടവർക്ക് സഹിഷ്ണുതയില്ല." പാപ്പാ വ്യക്തമാക്കി. എന്നിരുന്നാലും, "വിഭജനമല്ല, ഉൾപ്പെടുത്തലിനെ ലക്ഷ്യമിടുന്ന പ്രഖ്യാപനത്തിന്റെ ചൈതന്യത്തെക്കുറിച്ച് ക്രമേണ എല്ലാവർക്കും ബോധ്യമാകുമെന്ന് താ൯ വിശ്വസിക്കുന്നുവെന്നും അത് ആളുകളെ സ്വാഗതം ചെയ്യാനും, തുടർന്ന് ഭരമേൽപ്പിക്കാനും ദൈവത്തിൽ വിശ്വസിക്കാനും നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ചില സമയങ്ങളിൽ തനിച്ചാണെന്ന് അനുഭവപ്പെടാറുണ്ടെങ്കിലും താൻ ഇപ്പോഴും എപ്പോഴും എല്ലാ ദിവസവും മുന്നോട്ട് പോകാ൯ പരിശ്രമിക്കുന്നുവെന്നും ഭിന്നതകളെ താൻ ഭയപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. "സഭയിൽ, പിളർപ്പുളവാക്കുന്ന സ്വഭാവത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാക്കുന്ന ചെറിയ ഗ്രൂപ്പുകൾ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. അവരെ തുടരാനനുവദിക്കണം, കടന്നുപോകാനും... ദീർഘവീക്ഷണം വേണം." പാപ്പാ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: