പാപ്പാ: മറിയത്തിന്റെ മഹത്വം അവളുടെ മൗനത്തിൽ വെളിവാകുന്നു

പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ദിനത്തിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദൈവമാതാവിന്റെ കരുതലിൽ പുതിയ കാലത്തെ സമർപ്പിക്കാം

വി. പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്ന വിശ്വാസികൾക്കും തീർത്ഥാടകർക്കും പുതുവൽസരാശംസകൾ നേർന്നു കൊണ്ടാണ് പരിശുദ്ധ പിതാവ് സന്ദേശം ആരംഭിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം നമുക്ക് അവളുടെ കരുതലാർന്ന നോട്ടത്തി൯ കീഴിൽ നമുക്ക് നൽകിയിരിക്കുന്ന പുതിയ കാലത്തെ സമർപ്പിക്കാം, പാപ്പാ പറഞ്ഞു. 

മൗനത്തിൽ വെളിവാക്കപ്പെട്ട മറിയത്തിന്റെ മഹത്വം

ഈ ദിനത്തിലെ സുവിശേഷത്തിൽ മറിയത്തിന്റെ മഹത്വം ഏതോ അത്യസാധരണ പ്രവർത്തി ചെയ്തതിലല്ല മറിച്ച് അവളുടെ മൗനത്തിലാണ് എന്ന് വെളിവാക്കുന്നു എന്ന് പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. അമ്മയുടെ ആ നിശബ്ദത, വാക്കുകളുടെ അഭാവമല്ല മറിച്ച് ദൈവം ചെയ്തു കൊണ്ടിരിക്കുന്ന അത്ഭുത പ്രവർത്തനങ്ങളെക്കുറിച്ചുള്ള അമ്പരപ്പും ആരാധനയും നിറഞ്ഞ ഒരു നിശബ്ദതയാണ്. മറിയം ഇതെല്ലാം ഹൃദയത്തിൽ ധ്യാനിച്ച് സൂക്ഷിച്ചു എന്നാണ് വി. ലൂക്കാ രേഖാപ്പെടുത്തുന്നതെന്ന് സൂചിപ്പിച്ച പാപ്പാ അത്തരത്തിലാണ് അവളിൽ നിന്ന് പിറന്നവന് ഇടമുണ്ടാക്കിക്കൊണ്ട് നിശബ്ദതയിലും ആരാധനയിലും യേശുവിനെ കേന്ദ്ര ബിന്ദുസ്ഥാനത്ത് കൊണ്ടുവരുകയും രക്ഷകനായി സാക്ഷ്യപ്പെടുകയും ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ഉദരത്തിൽ വഹിക്കുകയും ജന്മം കൊടുക്കുകയും ചെയ്തതു കൊണ്ടു മാത്രമല്ല സ്ഥാനം കൈവശമാക്കാതെ അവനെ വെളിപ്പെടുത്തുകയും ചെയ്തതിലാണ് അവളുടെ മാതൃത്വം അടങ്ങിയിരിക്കുന്നത്. ഏറ്റവും ഇരുണ്ട നിമിഷമായ കുരിശിൻ കീഴിലും അവന് ഇടം നൽകി അവനെ നമുക്കായി നൽകി കൊണ്ട് അവൾ നിശബ്ദയായിരുന്നു.  നിശബ്ദതയുടെ ദേവാലയമായ കന്യകേ, നീ ഞങ്ങളുടെ ശരീരത്തെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകുകയും ദൈവത്തെ ശരീരം ധരിപ്പിക്കുകയും ചെയ്യുന്നു “ എന്ന്  കവിയായ തുറോൾദോയെ   ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. അവളുടെ നിശബ്ദതയും എളിമയും കൊണ്ട് മറിയം , ദൈവവും മനുഷ്യനും കണ്ടുമുട്ടുന്ന ഏറ്റം ഒന്നാമത്തെ ദേവാലയമായി മാറി.

മഹത്തരമായ നിശബ്ദതയുടെ ദേവാലയങ്ങളാണ് അമ്മമാർ

നമുക്ക് ജന്മം നൽകുകയും, നമ്മുടെ വളർച്ചയിൽ നമ്മെ പിൻതുടരുകയും ചെയ്യുന്ന നമ്മുടെ അമ്മമാരും അവരുടെ മറഞ്ഞിരുന്നുള്ള പരിചരണവും കരുതലും കൊണ്ട് മഹത്തരമായ നിശബ്ദതയുടെ ദേവാലയങ്ങളാണ് എന്ന് പാപ്പാ പറഞ്ഞു. സ്നേഹം ഒരിക്കലും ശ്വാസം മുട്ടിക്കുന്നില്ല സ്നേഹം അപരന് ഇടം നൽകുകയും അവന് വളരാൻ അവസരം നൽകുകയും ചെയ്യുന്നു എന്ന് ഓർക്കാമെന്നും പാപ്പാ അടിവരയിട്ടു.

പുതുവത്സരത്തിന്റെ തുടക്കത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ മറിയത്തെയും നമ്മുടെ അമ്മമാരേയും അനുസ്മരിക്കാനും നിശബ്ദതയിൽ വളർത്തിയെടുക്കുന്ന ആ സ്നേഹം പഠിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ആ സ്നേഹത്തിന് മറ്റുള്ളവർക്ക് ഇടം കൊടുക്കാനും, മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കാനും, സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകാനും മാത്രമല്ല സ്വന്തമാക്കാനും, അടിച്ചമർത്താനും അക്രമിക്കാനുമുള്ള എല്ലാ പ്രവണതകളും തള്ളിക്കളയാനും അറിയാം. ഇവയെല്ലാം നമുക്കിനാവശ്യമാണെന്ന് ഇന്നത്തെ ലോകസമാധാന ദിന സന്ദേശം ഉദ്ധരിച്ചു കൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെയും ദൈവത്തിന്റെയും അമ്മയായ മറിയത്തോടു ജീവൻ ജനിപ്പിപ്പിക്കുകയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ചക്രവാളങ്ങൾ തുറക്കുന്ന ഈ ശാന്തവും, നിശബ്ദവുമായ സ്നേഹത്തിൽ വളരാനായി പുതിയ വർഷത്തിൽ പ്രാർത്ഥിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ മദ്ധ്യാഹ്ന പ്രാർത്ഥനാ സന്ദേശം ഉപസംഹരിച്ചത്. സന്ദേശത്തിന് ശേഷം പാപ്പാ ത്രികാല പ്രാർത്ഥനയും അപ്പോസ്തോലീക ആശീർവ്വാദവും ലത്തീ൯ ഭാഷയിൽ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2024, 15:37