തിരയുക

ഫ്രാൻസിസ് പാപ്പാ കസഖ്സ്ഥാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുന്നു. ഫ്രാൻസിസ് പാപ്പാ കസഖ്സ്ഥാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുന്നു.  (Vatican Media)

ഫ്രാൻസിസ് പാപ്പാ കസഖ്സ്ഥാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി

"ലോകത്ത് സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ" പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കസഖ്സ്ഥാൻ പ്രസിഡണ്ട് കാസിം-ജോമാർട്ട് ടോക്കയേവുമായി കൂടിക്കാഴ്ചയിൽ സംസാരിച്ചു.

സി. റൂബിനി ചിന്നപ്പ൯, സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജനുവരി 19ആം തിയിതി വത്തിക്കാനിൽ നടന്ന കൂടികാഴ്ചയിൽ ഫ്രാൻസിസ് പാപ്പയും, പ്രസിഡന്റ് ടോക്കയേവും സമാധാനത്തിനും സഹകരണത്തിനും ഊന്നൽ നൽകി. പരിശുദ്ധ സിംഹാസനവും കസഖ്സ്ഥാനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെ ഇരുരാജ്യങ്ങളും അഭിനന്ദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ  വാർത്താ വിനിമയ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചർച്ചകൾ "സൗഹാർദ്ദപരമായിരുന്നു" എന്നും പ്രസ്താവന വ്യക്തമാക്കി.

സുപ്രധാനമായ ഈ നയതന്ത്ര കൂടികാഴ്ചയിൽ, ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന കാര്യങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ചചെയ്തു. ഫ്രാൻസിസ് പാപ്പയും പ്രസിഡണ്ടും മതാന്തര സംവാദത്തിന്റെ മേഖലയിൽ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം അടിവരയിട്ടു. രാജ്യത്തിനകത്ത് പൊതുനന്മ പരിപോഷിപ്പിക്കുന്നതിൽ വിശ്വാസികൾ സജീവമായ പങ്കുവഹിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, വിദേശരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള  ബന്ധത്തിനായുള്ള വത്തിക്കാന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായും പ്രസിഡണ്ട് സംസാരിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ  വാർത്താ വിനിമയ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി പറയുന്നു. പ്രത്യേകിച്ച് സംഘർഷങ്ങളും മാനുഷിക പ്രശ്നങ്ങളും ചർച്ചയിൽ വിഷയങ്ങളായിരുന്നു. ആഗോളതലത്തിൽ സമാധാനവും, സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധമായ ശ്രമത്തിന്റെ അടിയന്തര ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

സമാധാനത്തിന്റെ തീർത്ഥാടകനായി 2022 സെപ്റ്റംബറിൽ ലോക, പരമ്പരാഗത മതനേതാക്കളുടെ ഏഴാമത് കോൺഗ്രസിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ മധ്യേഷ്യൻ രാജ്യമായ കസഖ്സ്ഥാനിലേക്ക് ഒരു അപ്പോസ്തോലിക യാത്ര നടത്തിയിരുന്നു. കസഖ്സ്ഥാനിലെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് കത്തോലിക്കർ, ഇതിൽ 70 ശതമാനം മുസ്ലീങ്ങളും 25 ശതമാനം ക്രിസ്ത്യാനികളുമാണ്. അവരിൽ പ്രധാനമായും റഷ്യൻ ഓർത്തഡോക്സ് വിശ്വാസികളാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2024, 15:38