തിരയുക

“അത്ലേത്തിക്ക വത്തിക്കാന” എന്ന പേരിലുള്ള വത്തിക്കാൻ കായികവിനോദ സംഘടനയിലെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 13/01/24 “അത്ലേത്തിക്ക വത്തിക്കാന” എന്ന പേരിലുള്ള വത്തിക്കാൻ കായികവിനോദ സംഘടനയിലെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 13/01/24  (Vatican Media)

കായിക വിനോദം ഒരു സമൂഹ നിർമ്മാണോപാധി, പാപ്പാ !

ഫ്രാൻസീസ് പാപ്പാ, “അത്ലേത്തിക്ക വത്തിക്കാന” എന്ന പേരിലുള്ള വത്തിക്കാൻ കായികവിനോദ സംഘടനയിലെ ഇരുനൂറിലേറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കായികവിനോദം നമ്മെ സാഹോദര്യത്തിൻറെ മൂല്യം പഠിപ്പിക്കുന്നുവെന്നും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുന്നതിനു മാത്രമല്ല സമൂഹനിർമ്മിതിക്കുമുള്ള ഉപാധിയാണെന്നും മാർപ്പാപ്പാ.

“അത്ലേത്തിക്ക വത്തിക്കാന” എന്ന പേരിലുള്ള വത്തിക്കാൻ കായികവിനോദ സംഘടനയിലെ ഇരുനൂറിലേറെ അംഗങ്ങളെ ശനിയാഴ്‌ച (13/01/24) രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

നാം ജീവിക്കുന്ന  ഇരുൾമൂടിയ ചരിത്ര നിമിഷത്തിൽ, കായികവിനോദത്തിന് സേതുബന്ധം തീർക്കാനും പ്രതിരോധനിര തകർക്കാനും സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കാനും കഴിയുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ ഒരു ശൈലിയുള്ള വത്തിക്കാൻ കായികവിനോദ സംഘടന, കൃത്യം അഞ്ച് വർഷമായി, കായികാഭ്യാസികളായ സ്ത്രീപുരുഷന്മാരുടെ ഇടയിൽ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകിക്കൊണ്ട് സാഹോദര്യം, ചേർത്തുപിടിക്കൽ, ഐക്യദാർഢ്യം എന്നിവ പരിപോഷിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

കായികവിനോദപരമായ പ്രവർത്തനങ്ങൾക്ക് പുറമേ, വത്തിക്കാൻ കായികവിനോദ സംഘടന, “അത്ലേത്തിക്ക വത്തിക്കാന”   ആവശ്യത്തിലിരിക്കുവർക്ക് പ്രാർത്ഥനയുടെയും സേവനത്തിൻറെയും നിമിഷങ്ങൾ പ്രദാനം ചെയ്യുകയും ഏറ്റവും ദുർബ്ബലരായവർക്ക് സാമീപ്യം ഉറപ്പാക്കുകയും ചെയ്യുന്നതും പാപ്പാ,  ശാരീരികവും ബൗദ്ധികവുമായ വൈകല്യമുള്ളവർ തടവുകാർ, കുടിയേറ്റക്കാർ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംരംഭങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അനുസ്മരിച്ചു.

കായികവിനോദം, സാഹോദര്യത്തിൻറെ മൂല്യം നമ്മെ പഠിപ്പിക്കുകയും നാം ദ്വീപുകളല്ലെന്നും ഒരു വ്യക്തിയുടെ ഉത്ഭവമോ ഭാഷയോ സംസ്കാരമോ പ്രശ്നമല്ല. പ്രതിബദ്ധതയും പൊതുലക്ഷ്യവുമാണ് പ്രധാനമെന്നും നമുക്ക് കാണിച്ചുതരുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. കായികരംഗത്തെ ഐക്യം നമ്മുടെ ജീവിതത്തിന് ശക്തമായ ഒരു ദൃഷ്ടാന്തമാണെന്നും വ്യത്യാസങ്ങൾക്കിടയിലും നാമെല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും ശാരീരികമോ സാമ്പത്തികമോ സാമൂഹികമോ ആയ കഴിവുകളൊന്നും പരിഗണിക്കാതെ ആളുകളെ ഒന്നിപ്പിക്കാൻ കായികവിനോദത്തിന് ശക്തിയുണ്ടെന്നും തടസ്സങ്ങളെ തകർത്ത് വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു ഉൾപ്പെടുത്തൽ ഉപകരണമാണ് ഇതെന്നും പാപ്പാ വിശദീകരിച്ചു.

വിനയത്താൽ ജയിക്കുക, തോൽവിയെ മാന്യമായി സ്വീകരിക്കുക എന്നിവ കായികവിനോദം പഠിപ്പിക്കുന്ന മൂല്യങ്ങളാണെന്നും കൂടുതൽ നീതിയും സാഹോദര്യവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ ദൈനംദിന ജീവിതത്തിൽ നാം ഈ മൂല്യങ്ങൾ ജീവിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.നമ്മുടെ പരിമിതികളെ ക്ഷമയോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടാൻ കഴിയുമെന്ന് കായികവിനോദം നമുക്ക് കാണിച്ചുതരുന്നുവെന്നും ഒരിക്കലും സാധ്യമല്ലെന്ന് കരുതുന്ന ലക്ഷ്യങ്ങൾ, വിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും കൂടിയ ശിക്ഷണവും പരിശ്രമവുംകൊണ്ട് കൈവരിക്കാൻ കഴിയുമെന്ന് ഓരോ കായികതാരവും നമ്മെ പഠിപ്പിക്കുന്നുവെന്നും പ്രത്യാശയുടെയും ധൈര്യത്തിൻറെയുമായ ഈ സന്ദേശം, വിശിഷ്യ, യുവജനത്തിന് നിർണ്ണായകമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കൂടുതൽ കെട്ടുറപ്പുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും വിശ്വസ്തത, ത്യാഗം, കൂട്ടായ്മ, പ്രതിബദ്ധത, സാകല്യത, വിരക്തി, തുടങ്ങിയ ക്രിസ്തീയ ജീവിത മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുന്ന ഒരു ജീവിത പാതയായി കായികവിനോദത്തെ കാണാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകരുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2024, 18:44