തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (VATICAN MEDIA Divisione Foto)

വൈദ്യശാസ്ത്രം, വൈദ്യനും രോഗിയും തമ്മിലുള്ള ബന്ധം ഊട്ടിവളർത്തണം, പാപ്പാ!

ഹെൽസിങ്കി പ്രഖ്യാപന ഭേദഗതിയെ സംബന്ധിച്ച് വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി വത്തിക്കാനിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിന് ഫ്രാൻസീസ്പാപ്പാ സന്ദേശം നല്കി. ഇക്കഴിഞ്ഞ 18-19 തീയതികളിലായിരുന്നു ലോക വൈദ്യശാസ്ത്ര സംഘടനയുടെയും (WMA) അമേരിക്കൻ വൈദ്യശാസ്ത്ര സംഘടനയുടെയും (AMA) സഹകരണത്തോടെ ഈ സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിചരണത്തെ വിപണിയുടെയും സാങ്കേതികവിദ്യയുടെയും സങ്കുചിത മനോഭാവങ്ങൾക്ക് പണയപ്പെടുത്താനാവില്ലെന്ന് മാർപ്പാപ്പാ.

വിഭവദാരിദ്ര്യമുള്ളിടങ്ങളിലെ വൈദ്യശാസ്ത്രഗവേഷണം പരീക്ഷണം എന്നിവയെ അധികരിച്ച് ഹെൽസിങ്കി പ്രഖ്യാപനത്തിൽ ഭേദഗതിവരുന്നതുന്നതിനെ  സംബന്ധിച്ച് വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ 18-19 തീയതികളിലായിരുന്നു  ലോക വൈദ്യശാസ്ത്ര സംഘടനയുടെയും (WMA) അമേരിക്കൻ വൈദ്യശാസ്ത്ര സംഘടനയുടെയും (AMA) സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനം.

ഒരു വ്യക്തിയെ മറ്റൊരാളെ ഭരമേൽപ്പിക്കുന്നതിലൂടെ മാനവജീവിതാഭ്യുന്നതിക്ക് വഴിയൊരുക്കുന്ന അനിവാര്യ മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നതാണ് കരുതൽ എന്ന് പാപ്പാ പറയുന്നു. 1964-ലെ പ്രഥമ പതിപ്പിലും കാലാകാലങ്ങളായുള്ള ഭേദഗതികളിലും ഹെൽസിങ്കി പ്രഖ്യാപനം രോഗികളിലുള്ള ഗവേഷണത്തിൽ നിന്ന് രോഗികളുമായുള്ള ഗവേഷണത്തിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിന് കാതലായ സംഭാവന ചെയ്തിട്ടുണ്ട് എന്ന് പാപ്പാ അനുസ്മരിക്കുന്നു.

ഭിഷഗ്വരനും രോഗിയും തമ്മിലുള്ള ബന്ധത്തിൽ നൂതനമായൊരു ഐക്യം ഊട്ടിവളർത്തുന്നതിന് ഈ മാറ്റം സുപ്രധാനമാണെന്ന വസ്തുതയും ചൂണ്ടിക്കാട്ടുന്ന പാപ്പാ ചികിത്സാപരമായ ബന്ധത്തിൽ നിലനിൽക്കുന്ന അസമത്വം വളരെ പ്രകടമാണെന്നു പറയുകയും ചെയ്യുന്നു.

വൈദ്യശാസ്ത്രം അതിശീഘ്രം മുന്നേറുന്ന, നൂതന സാങ്കേതികവിദ്യ ഔഷധവിഭവങ്ങളുടെ ലഭ്യത, സാമ്പത്തിക താല്പര്യങ്ങൾ, വ്യവസായിക സഖ്യങ്ങൾ, സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, സ്വന്തം താല്പര്യങ്ങൾക്കായി ഒരുവനെ കരുവാക്കുക അനായാസകരമാകുന്ന വിപത്തിനെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വൈദ്യശാസ്ത്ര ഗവേഷണം അത്തരം അപകടസാധ്യതയുള്ള ഒരു മേഖലയാണെന്നും പാപ്പാ മുന്നറിയേപ്പേകുന്നു. ഗവേഷണാവസരങ്ങളും രോഗികളുടെ ക്ഷേമവും സന്തുലിതമാക്കേണ്ടതുണ്ടെന്നും അതുവഴി, ഗവേഷണച്ചെവുകളും ഗവേഷണഫലങ്ങളും തുല്യമായി വിതരണം ചെയ്യപ്പെടുമെന്നും പാപ്പാ പറയുന്നു.

സാമൂഹിക സൗഹൃദത്തിൻറെയും സാർവ്വത്രിക സാഹോദര്യത്തിൻറെയും വീക്ഷണത്തിലേക്ക് തിരിയുകയും മാനവകുടുംബത്തെ ഫലപ്രദമായി സേവിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തെക്കുറിച്ചുള്ള ചിന്താധാര വളർത്തിയെടുക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2024, 12:53