ഇറ്റലിയിലെ ഫ്ലോറൻസ് ആസ്ഥാനമാക്കിയുള്ള സഹകരണ സംഘമായ Unicoopന്റെ അംഗങ്ങളുമായി പാപ്പാ.  ഇറ്റലിയിലെ ഫ്ലോറൻസ് ആസ്ഥാനമാക്കിയുള്ള സഹകരണ സംഘമായ Unicoopന്റെ അംഗങ്ങളുമായി പാപ്പാ.   (Vatican Media)

പാപ്പാ: “ശിലാ ഹൃദയത്തിൽ”നിന്ന് “മാംസളമായ ഹൃദയം”രൂപീകരിക്കുന്ന പ്രക്രിയ തുടരുക

ബുദ്ധി കൊണ്ട് മാത്രമുള്ള അറിവ് അപൂർണ്ണമാണ്; ഹൃദയമില്ലാതെയുള്ള മനുഷ്യന്റെ അറിവ് പരിപൂർണ്ണമാകുന്നില്ല. ഇറ്റലിയിലെ ഫ്ലോറൻസ് ആസ്ഥാനമാക്കിയുള്ള സഹകരണ സംഘമായ Unicoopന്റെ അംഗങ്ങളുമായി ജനുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഉപഭോക്താക്കളുടെ ആവശ്യങ്ങളും അവരുടെ ആരോഗ്യം, സുരക്ഷിതത്വം എന്നിവ സംരക്ഷിക്കാനായി വിവരങ്ങൾ കൈമാറാനുമായി അമ്പത് വർഷങ്ങളോളം സഹകരണ സംഘമായും 2010 മുതൽ “അലിയുന്ന ഹൃദയം”എന്ന സ്ഥാപനമായും മാറിയതാണ് Unicoop. കർത്താവിന്റെ പ്രത്യക്ഷീകരണ തിരുനാളിന്റെ ജാഗരണത്തിൽ അവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച പാപ്പാ കർത്താവിന്റെ മനുഷ്യാവതാരത്തിന്റെ രഹസ്യം ഉണ്ണിയേശുവിൽ ദൈവം നമ്മുടെ ദാരിദ്ര്യത്തിൽ സമീപമെത്തി അവനെ കണ്ടെത്താനുള്ള എളുപ്പവഴിയാണത് എന്ന് കാട്ടിത്തന്നതിലാണെന്ന് വിവരിച്ചു. ഈ സാഹചര്യത്തിലാണ് അവരുടെ “അലിയുന്ന ഹൃദയം”എന്ന സേവനത്തിന്റെ പ്രസക്തിയെന്ന് പറഞ്ഞ പാപ്പാ അതിനെ ദൈവവചനത്തിന്റെ ഭാഷയിൽ “ശിലാ ഹൃദയത്തിൽ”നിന്ന് “മാംസളമായ ഹൃദയം”രൂപീകരിക്കുന്ന പ്രക്രിയ എന്ന് വിശേഷിപ്പിച്ചു.

ഹൃദയം അറിവിന്റെ ഒരു ഉറവിടമാണ്. ബുദ്ധികൊണ്ടുള്ള അറിവ് ഒരു ഭാഗം മാത്രമാണ്. ബുദ്ധിയും, ഹൃദയവും കൊണ്ടു അറിഞ്ഞ ശേഷം കൈകൾകൊണ്ട് പ്രവർത്തിക്കേണ്ട ഭാഷയെ മറക്കാതിരിക്കാൻ പാപ്പാ അവരെ ഉദ്ബോധിപ്പിച്ചു. മനസ്സ് ഹൃദയത്തോടും കൈകളോടും ഐക്യപ്പെടണമെന്നും, ഹൃദയം കൈകളോടും മനസ്സിനോടും ഐക്യപ്പെടണമെന്നും, കൈകൾ ഹൃദയത്തിന്റെയും മനസ്സിന്റെയും സേവകരാകുകയും ചെയ്യുന്ന ഒരു ത്രിഭാഷ മറക്കരുതെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ഉപഭോക്താവിന്റെ സംരക്ഷണത്തിലുള്ള വാണിജ്യപരമായ തലത്തിൽ നിന്ന് അവർ അടിസ്ഥാനപരവും മാനുഷികവുമായ ഒരു തലത്തിലേക്ക് ഉയർന്ന് മറ്റുള്ളവരെ സഹായിക്കുവാൻ ഓരോരുത്തരെയും ഒരുക്കുന്ന സ്നേഹത്തിന്റെയും ഉപവിയുടേയും പ്രവർത്തികളിലേക്ക് തിരിഞ്ഞത് അടിവരയിട്ടു കൊണ്ട് അവർ വ്യക്തികളും സാക്ഷാത്ക്കാരവും അന്തസ്സും ഉദ്ധരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിനെ ശ്ലാഘിച്ചു. ഇതെല്ലാം വളരെ ക്രിയാത്മകമായി അവർ ചെയ്യുന്നത് ഒരു പൊതു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അവർ ഇറ്റലിക്കകത്തും പുറത്തും ചെയ്യുന്ന പ്രത്യേകിച്ച് യുക്രെയ്നിന് നൽകിയ സഹായങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുമായി അവർ നടത്തുന്ന സഹകരണങ്ങൾക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തി.

വ്യക്തികളുടെ സമഗ്ര വികസനം, വിഭവങ്ങളുടെയും കഴിവുകളുടെയും വിതരണത്തിൽ സമൂഹമായുള്ള വളർച്ച, ഓരോരുത്തരുടേയും സംഭാവനകൾ എല്ലാവരുടേയും നന്മയ്ക്കായി ഉപയോഗിക്കുന്ന ഉൾചേർക്കൽ  എന്നിവ കേന്ദ്രീകരിച്ച് അവരുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. അവർക്ക് ആശീർവ്വാദം നൽകി പുതുവത്സരാശംസകളും അവരുടെ പ്രാർത്ഥന അഭ്യർത്ഥിച്ചു കൊണ്ടുമാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2024, 13:03