പാപ്പാ : നിഷ്പക്ഷത ഒരു മരീചിക; കത്തോലിക്കാ സർവ്വകലാശാലകൾ സുവിശേഷം പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തണം
സി. റൂബിനി ചിന്നപ്പ൯, സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പതിനൊന്നാം പിയൂസ് പാപ്പാ 1924ൽ ആദ്യം പതിനെട്ട് കത്തോലിക്കാ സർവ്വകലാശാലകളുള്ള സംഘടന ആശീർവ്വദിച്ചതും പിന്നീട് 25 വർഷങ്ങൾക്കു ശേഷം പന്ത്രണ്ടാം പിയൂസ് പാപ്പാ 1949 ൽ കത്തോലിക്കാ സർവ്വകലാശാലകളുടെ സംഘടന സ്ഥാപിച്ചതുമായ സംഘടനയുടെ ഉത്ഭവത്തിന്റെ ചരിത്ര പശ്ചാത്തലം ഫ്രാൻസിസ് പാപ്പാ വിവരിച്ചു. ഇന്ന് ലോകത്തിൽ രണ്ടായിരത്തോളം വരുന്ന കത്തോലിക്കാ സർവ്വകലാശാലകൾ അടങ്ങുന്ന സംഘടന ഈ ചരിത്ര വേരുകളിൽ നിന്ന്, പരസ്പര സഹകരണത്തിന്റെ ശൃംഖലയിലൂടെ വലിയ വിഘടന പ്രവണത വിളയാടുന്ന ഇന്നത്തെ കാലഘട്ടത്തിൽ നിസ്സംഗതയുടെയും, ധ്രുവീകരണത്തിന്റെയും സംഘർഷങ്ങളുടേയും സ്ഥാനത്ത് പ്രത്യാശയുടേയും, ഐക്യത്തിന്റെയും ആഗോളവൽക്കരണം നടത്താൻ പാപ്പാ ആഹ്വാനം ചെയ്തു.
1949 ൽ സംഘടന രൂപീകരിച്ച സാഹചര്യവും ഇന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്നതും ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണെന്ന കാര്യം അടിവരയിട്ട പാപ്പാ കത്തോലിക്കാ സർവ്വകലാശാലകൾ സമാധാനത്തിന്റെ സംസ്ക്കാരം വളർത്തുന്നതിൽ മുന്നണിയിൽ എത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചു.
കത്തോലിക്കാ സർവ്വകലാശാലകളുടെ മാഗ്നാകാർത്ത എന്ന് വിശേഷിപ്പിക്കുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ അപ്പോസ്തലിക പ്രമാണം Ex Corde Ecclesiae ക്രൈസ്തവ ബുദ്ധിയിൽ നിന്ന് എന്നതിനേക്കാൾ കത്തോലിക്കാ സർവ്വകലാശാലയുടെ തുടക്കം ‘'സഭയുടെ ഹൃദയത്തിൽ നിന്ന്” എന്നു അത്ഭുതകരമായ തരത്തിൽ പറഞ്ഞു കൊണ്ടാണ് എന്നത് ഉയർത്തി കാണിച്ച ഫ്രാൻസിസ് പാപ്പാ ഹൃദയത്തിനു കൊടുത്ത പ്രാധാന്യം സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും പ്രചോദനം മനുഷ്യ വ്യക്തിയോടുള്ള ദൈവത്തിന്റെ സ്നേഹമാകണം എന്നതിന്റെ സൂചനയാണെന്ന് വിശദീകരിച്ചു.
വിദ്യാഭ്യാസം ഒരു വ്യാപാരമാവുകയും വലിയ സാമ്പത്തിക സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ സ്റ്റോക്ക് മാർക്കറ്റിൽ എന്നപോലെ നിക്ഷേപം നടത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സഭാസ്ഥാപനങ്ങൾ അവയുടെ വ്യത്യസ്ഥതയും വിഭിന്നമായ മനോഭാവമനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് പാപ്പാ പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനം എല്ലാം തികഞ്ഞ കാര്യപരിപാടികളിലും, ഉപകരണങ്ങളിലും, ബിസിനസ് നടപടികളിലും മാത്രമാശ്രയിച്ചല്ല മറിച്ച് സ്നേഹം തൊട്ടനുഭവിക്കാൻ കഴിയുന്ന വിജ്ഞാന സമൂഹത്തിലെ സത്യത്തിന്റെയും, ജീവിതത്തിന്റെ അർത്ഥത്തിന്റെയും പങ്കിട്ട അന്വേഷത്തിലാവണം.
സ്നേഹം ഇച്ഛിക്കലാണെന്ന് വി.അഗസ്റ്റിന്റെ സ്നേഹത്തെക്കുറിച്ചുള്ള ധാരണയുടെ പഠനം നടത്തിയ തത്വശാസ്ത്രജ്ഞൻ ഹാന്നാ അരെൺഡിനെ ഉദ്ധരിച്ചു കൊണ്ട് ആ ഇച്ഛാശക്തി നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിക്കാൻ പാപ്പാ അവരെ ഓർമ്മിപ്പിച്ചു. കത്തോലിക്കാ സർവ്വകലാശാലകൾ വിദ്യാഭ്യാസ ഡിഗ്രികൾ സമ്മാനിക്കുന്ന സ്ഥാപനങ്ങളാകാതെ ഓരോ മനുഷ്യനിലും “ആയിരിക്കാനുള്ള” (to be) ആഗ്രഹം നട്ടുവളർത്തുന്ന ഇടമാകണം. വിദ്യാർത്ഥികൾ ഫലവത്തായ പ്രവർത്തന മേഖലകൾ കണ്ടെത്തി, അവരിൽ അസ്തിത്വത്തിന്റെ ആധികാരികമായ വഴികൾക്ക് പ്രചോദനമായി വിപുല സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ ഓരോ വ്യക്തിയുടേയും സർഗ്ഗാത്മക സംഭാവന സമന്വയിപ്പിക്കാൻ ഇടയാക്കുന്നവയാകണം പാപ്പാ ഓർമ്മിപ്പിച്ചു. കൃത്രിമബുദ്ധിയെക്കുറിച്ച് വിചിന്തനം ചെയ്യണം അതേപോലെ തന്നെയാവണം ആത്മീയ ബുദ്ധിയുടെ കാര്യവും കാരണം ആത്മീയ ബുദ്ധിയുടെ അഭാവത്തിൽ വ്യക്തികൾ അവരിൽ തന്നെ അന്യരാകും പാപ്പാ മുന്നറിയിപ്പു നൽകി.
നമ്മുടെ സർവ്വകലാശാലകളുടെ നടത്തിപ്പിനെ ഭയം ബാധിക്കരുതെന്നും, സാംസ്കാരികമായ വെല്ലുവിളികളിലും, അപകട സാധ്യതകളിലും നിന്ന് കുമിളകളാകുന്ന സാമൂഹികമായ സുരക്ഷയുടെ മതിലുകൾക്കുള്ളിൽ ഒളിക്കുന്ന പ്രലോഭനം വെറും മിഥ്യയാണെന്ന് ഫ്രാൻസ് കഫ്ക്കായുടെ എലിയുടെ കഥ വിവരിച്ചുകൊണ്ട് പാപ്പാ ചൂണ്ടിക്കാണിച്ചു. ഇന്ന് നമ്മൾ വസിക്കുന്ന സമൂഹത്തിന്റെ അസമത്വത്തിന്റെയും, മനുഷ്യത്വമില്ലായ്മയുടേയും, അസഹിഷ്ണുതയുടേയും, ഉദാസീനതയുടെയും അല്ലെങ്കിൽ സഹോദര്യത്തേക്കാൾ സ്വാർത്ഥ താൽപ്പര്യങ്ങളിൽ നിക്ഷേപിക്കുന്ന മതിലുകൾക്കുള്ളിൽ കത്തോലിക്കാ സർവ്വകലാശാലകളെ തളച്ചിടരുതെന്നും അറിവിനുവേണ്ടി മാത്രമുള്ള അറിവു തേടൽ മനുഷ്യത്വമില്ലാത്തതാണെന്നും മിഗ്വെൽ ദെ ഉനമൂനോ എന്ന തത്വചിന്തകനെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.
നാം നൽകുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, അതിന്റെ പരിവർത്തന ശക്തി, ആരെയാണ്, എന്തിനാണ് നമ്മുടെ സേവനം എന്നിവ നിരന്തരം ചിന്തിക്കാൻ ആവശ്യപ്പെട്ട പാപ്പാ കത്തോലിക്കാ സർവ്വകലാശാലകൾക്ക് നിഷ്പക്ഷത ഒരു മരീചികയാണെന്നും അവ സുവിശേഷം പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തണമെന്നും ഊന്നിപ്പറഞ്ഞു. സുവിശേഷത്തിന്റെ ചൈതന്യത്തിൽ ലോകത്തെ രൂപാന്തരപ്പെടുത്താനും മനുഷ്യ വ്യക്തിയുടെ സേവനത്തിനായി “കൈകൾ മലിനപ്പെടുത്തുകയും” ചെയ്യുന്ന നിലപാടെടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു. അവരുടെ സേവനങ്ങൾക്ക് സർവ്വകലാശാലകളുടെ ചാൻസലർമാരും, റെക്ടർമാരും, വിദ്യാഭ്യാസ അധികാരികളുമടങ്ങുന്ന സംഘത്തിന് ഫ്രാൻസിസ് പാപ്പാ നന്ദി രേഖപ്പെടുത്തി. ക്രൈസ്തവ പാരമ്പര്യത്തിന്റെ സമ്പന്നത പുതിയ തലമുറയ്ക്കും പുതിയ കാലഘട്ടത്തിനും അനുയോജ്യവും തുറവുള്ളതുമായ ഒരു ഭാഷയിലേക്ക് സാംസ്കാരികമായി മൊഴിമാറ്റം നടത്താനും, സംതുലിതവും വിജ്ഞാനവും നിറഞ്ഞ ഒരു സമീപനത്തോടെ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടേയും, ചിന്തകളുടെയും പുതിയ ചക്രവാളങ്ങൾ കണ്ടെത്താനും സഹായിക്കാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു. കൂടാതെ, നമ്മുടെ പൊതു ഭവനത്തെ സംരക്ഷിക്കാനും പരിചരിക്കാനും തലമുറകളുടേയും സംസ്കാരങ്ങളുടെയും ഒരു ഉടമ്പടി കെട്ടിപ്പടുക്കാനും അങ്ങനെ ഭൂമിയുടെ നിലവിളിയോടും ദരിദ്രരുടെ രോദനത്തോടും പ്രതികരിക്കാനും സഹായിക്കാൻ അവരെ ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: