പാപ്പാ: ജ്ഞാനസ്നാനം സ്വീകരിച്ച സമൂഹത്തിന്റെ യാത്രയുടെ പൊതു ലക്ഷ്യം യേശു
സി. റൂബിനി ചിന്നപ്പ൯, സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വിശുദ്ധ ഹെൻറിക്കിന്റെ തിരുനാൾ ഒരു നല്ല എക്യുമേനിക്കൽ സംരംഭമായി മാറുന്നിൽ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, അവരോടൊപ്പം എത്തിയ ഹെൽസിൻകിയിലെ പുതിയ കത്തോലിക്കാ മെത്രാൻ റൈമോയ്ക്ക് അഭിവാദനങ്ങൾ അർപ്പിക്കുകയും അവർ കൊണ്ടുവന്ന പ്രത്യേക സമ്മാനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ബിഷപ്പ് ആസ്ട്രാൻഡ് നടത്തിയ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ച വിശുദ്ധരുടെ സാക്ഷ്യവും അതിന്റെ വിശാലമായ എക്യുമേനിക്കൽ ചൈതന്യവും ഏറ്റെടുത്തു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്.
ബിഷപ്പ് ആസ്ട്രാൻഡിന്റെ പ്രഭാഷണത്തിൽ തന്നെ സ്പർശിച്ച 'യാത്ര’ ‘തീർത്ഥാടക സഭ’ എന്നീ ആശയങ്ങൾ ഏറ്റെടുത്തു കൊണ്ട് ജ്ഞാനസ്നാനം സ്വീകരിച്ച സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ നമ്മൾ യേശു എന്ന നമ്മുടെ പൊതു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണെന്ന് പാപ്പാ പറഞ്ഞു. ആ ലക്ഷ്യം വളരെ വിദൂരമല്ല, മാംസാവതാരത്തിലൂടെ നമ്മുടെ സമീപത്തെത്തിയ അവൻ, നമുക്ക് വഴി തെറ്റാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ അവനെ തന്നെ വഴിയാക്കി.
ഈ യാത്ര പൂർത്തീകരിച്ച് ലക്ഷ്യത്തിലെത്തിയ നമ്മുടെ സഹോദരരാണ് വിശുദ്ധർ. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി അവർ നമ്മോടൊപ്പം സഞ്ചരിച്ചു കൊണ്ടു് ശിഷ്യത്വത്തിന്റെ പാതയിൽ നിലനിൽക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. വിഷമഘട്ടങ്ങളിൽ ദൈവം തെളിച്ചുതരുന്ന വിളക്കു കാലുകൾ പോലെ, അവർ നമ്മുടെ വഴിക്ക് വെളിച്ചമാക്കുകയും ലക്ഷ്യം മുന്നിൽ വച്ച് ദൈവകൃപയിൽ ആശ്രയിക്കാൻ നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
ബിഷപ്പ് ആസ്ട്രാൻഡിന്റെ സ്വാഗതം ശ്രവിച്ചുകൊണ്ടിരുന്നപ്പോൾ വിശുദ്ധരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് താൻ ദൈവത്തിനു നന്ദി പറയുകയിരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഒരുകാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള വിഘടനത്തിന് കാരണമായി മാറിയ വിശുദ്ധരുടെ വന്ദനത്തെക്കുറിച്ചുള്ള തർക്കങ്ങൾ ദൈവജനത്തിനിടയിൽ യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല എന്ന് പരിശുദ്ധ കുർബ്ബാനയിൽ നിന്നും (Preface of Saints I) ഔസ്ബുർഗ് പ്രഖ്യാപനത്തിൽ (Augsburg Confession, 21) നിന്നും ഉദ്ധരിച്ചു കൊണ്ട് പാപ്പാ ഓർമ്മിച്ചു.
വി. ജോൺ പോൾ രണ്ടാമൻ തന്റെ Ut Unum Sint എന്ന ചാക്രിക ലേഖനത്തിൽ അനുസ്മരിക്കുന്ന ബ്രിജിത്തയെ വിശുദ്ധയാക്കിയതിന്റെ ആറാം ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ ലൂതറൻ ആർച്ച് ബിഷപ്പുമാരൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥനയും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ഇവയെല്ലാം ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന നമ്മുടെ കടമയാണെന്നും സഭാ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു എന്നും പാപ്പാ അടിവരയിട്ടു. 2030ൽ വരുന്ന വി. ഒലാവിന്റെ മരണ സഹസ്രാബ്ദി ആഘോഷങ്ങൾ ക്രൈസ്തവ ഐക്യത്തിനായി നമ്മെ പ്രചോദിപ്പിക്കാനും അതിനായി കൂടുതൽ ആഴത്തിൽ പ്രാർത്ഥിക്കാനും ഒരുമിച്ച് സഞ്ചരിക്കാനും ഇടയാക്കിയാൽ മുഴുവൻ എക്യുമേനിക്കൽ മുന്നേറ്റത്തിനും അതൊരു സമ്മാനമായിരിക്കുമെന്ന് പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വർഷംതോറുമുള്ള ഈ എക്യുമേനിക്കൽ കൂടിക്കാഴ്ച തുടർന്നും വളരുകയും പുഷ്ടിപ്പെടുകയും ചെയ്യട്ടെ എന്നാശംസിച്ച പാപ്പാ, പരിശുദ്ധാത്മാവിനാൽ സജീവമാക്കപ്പെട്ട് ദരിദ്രരേയും മറവിലാണ്ട നമ്മുടെ സഹോദരീ സഹോദരന്മാരേയും പ്രത്യേകിച്ച് ദൈവം പോലും തങ്ങളെ ഉപേക്ഷിച്ചു എന്നു കരുതുന്നവരെയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വഴിവെടിഞ്ഞവരേയും സ്വാഗതം ചെയ്തു ചേർത്തു പിടിക്കാൻ ഇടയാക്കട്ടെ എന്നും പാപ്പാ ആശംസിച്ചു. ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കുന്ന ഈ ആഴ്ചയിൽ ഈ കൂടിക്കാഴ്ച ഒരു സജീവമായ അടയാളമാണെന്നും സന്തോഷം പ്രകടിപ്പിച്ചു. ഓരോരുത്തരേയും അവരവരുടെ ഭാഷയിൽ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന ഒരുമിച്ചു ചൊല്ലാൻ ക്ഷണിച്ചു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം സംഗ്രഹിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: