സ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ടെന്നിസ് റിയൽ ക്ലബ്ബിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. സ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ടെന്നിസ് റിയൽ ക്ലബ്ബിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ.  (Vatican Media)

പാപ്പാ: കായിക വിനോദം അപരനെ ബഹുമാനിക്കുന്ന ഒരു സംവാദമായി കാണുക

സ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ടെന്നിസ് റിയൽ ക്ലബ്ബിന്റെ 125 ആം വാർഷികം പ്രമാണിച്ച് ക്ലബ്ബിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ജനുവരി 29ആം തിയതി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോൾ ഇങ്ങനെ സൂചിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഒരു കായിക വിനോദം  എങ്ങനെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് കാരണമാകുന്നതെന്ന് പാപ്പാ ടെന്നിസ് റിയൽ ക്ലബ്ബിന്റെ അംഗങ്ങളെ

ഓർമ്മിപ്പിച്ചു. ടെന്നിസ് ഒരു വ്യക്തിയുടെ മാത്രമോ രണ്ടു പേർ മാത്രം  ചേർന്നുള്ള ഒരു കായിക സംരംഭമായതിനാൽ അത് വിചിന്തനത്തിന്റെ ഒരു പ്രത്യേക തലത്തിലേക്ക് നയിക്കുന്നു എന്നു പറഞ്ഞ പാപ്പാ അതിനെ ഒരു സംവാദത്തിന്റെ രീതിയിൽ കാണാൻ ആവശ്യപ്പെട്ടു.   ജീവിതത്തിലെന്ന പോലെ ടെന്നിസിലും നമുക്കെപ്പോഴും വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നത് അടിവരയിട്ട പാപ്പാ കായിക മര്യാദയും നിയമങ്ങളും അനുസരിച്ച് കളിക്കാൻ ശ്രമിച്ചാൽ അത് ഒരു സമ്പന്നദായകമായ വെല്ലുവിളിയാണെന്ന് കൂട്ടിച്ചേർത്തു.

ജീവിതത്തിലെന്ന പോലെ കളിക്കളത്തിലും ചിലപ്പോഴെല്ലാം തനിച്ചാകാം, അതേപോലെ തന്നെ കൂടെക്കളിക്കുന്ന വ്യക്തിയാൽ പിന്തുണയ്ക്കപ്പെടാം. എന്നാൽ തനിച്ചു കളിക്കുമ്പോഴും നാം മറ്റുള്ളവരെ ബഹുമാനിക്കേണ്ടതും മനസ്സിലാക്കേണ്ടതും എങ്ങനെ എന്ന് പഠിപ്പിക്കുന കർത്താവിന്റെ സാന്നിധ്യത്തോടു നാം തുടർച്ചയായ സമ്പർക്കത്തിലാണെന്ന് മറക്കരുതെന്ന്  അവരെ പാപ്പാ ഓർമ്മിപ്പിച്ചു.

ഒത്തിരി അന്തർദേശീയ ടെന്നിസ് കളിക്കാരെ സംഭാവന ചെയ്ത ക്ലബ്ബിന്റെ മഹത്തരമായ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. അതോടൊപ്പം കുട്ടികളുമൊത്ത് പ്രവർത്തിക്കുമ്പോൾ അവർ സ്വപ്നം കാണുന്ന കായിക ഭാവി അവരുടെ സമഗ്രമായ വളർച്ചയെ മറികടന്നു കൊണ്ടാവരുതെന്നും പരിശുദ്ധ പിതാവ് അടിവരയിട്ടു. മാനുഷികവും ആത്മീയവുമായ വളർച്ചയേക്കാൾ പ്രധാനമല്ല മറ്റൊന്നും എന്ന് ഊന്നിപ്പറഞ്ഞ പാപ്പാ കുട്ടികളെ ശ്രദ്ധിക്കാനും, സമൂഹത്തിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ നിന്ന് കായിക വിനോദത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കാനും, എന്നാൽ അവരെ കുട്ടികളല്ലാതാക്കരുതെന്നും അവരെ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2024, 20:38