തിരയുക

ജർമ്മൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടനാംഗങ്ങളുമായി ജനുവരി നാലാം തിയതി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ. ജർമ്മൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടനാംഗങ്ങളുമായി ജനുവരി നാലാം തിയതി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ.  (Vatican Media)

പാപ്പാ : സുവിശേഷത്താൽ അക്രമണ പ്രവണത വെടിഞ്ഞ ഹൃദയവുമായി ഭാഷയുടെ നിരായുധീകരണം സാധ്യമാക്കുക

ജർമ്മൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടനാംഗങ്ങളുമായി ജനുവരി നാലാം തിയതി നടത്തിയ കൂടിക്കാഴ്ചയിൽ സത്യസന്ധമായ വിവര കൈമാറ്റത്തിനും സംഘർഷങ്ങൾ വളർത്താതിരിക്കുന്നതിലും കത്തോലിക്കാ മാധ്യമ പ്രവർത്തകർക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് പാപ്പാ സംസാരിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജർമ്മൻ കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെ സംഘടന 75ആം വാർഷീകം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഫ്രാൻസിസ് പാപ്പാ മുപ്പത് പേരടങ്ങുന്ന സംഘത്തെ വത്തിക്കാനിലെ കൺസിസ്റ്ററി ഹാളിൽ സ്വീകരിച്ചത്. അവരുടെ സംഘടന മുന്നോട്ടുവയ്ക്കുന്ന എക്യുമേനിസത്തിനും സമാധാനത്തിനും സ്വാതന്ത്ര്യം, മനുഷ്യ അന്തസ്സ് എന്നിവയ്ക്കും വേണ്ടിയുള്ള ചർച്ചകളെ പാപ്പാ  ശ്ലാഘിച്ചു.

ചർച്ചകൾ കൊണ്ട് തീർക്കാമായിരുന്ന സംഘർഷങ്ങൾ മാധ്യമങ്ങൾ വഴി പരക്കുന്ന അസത്യ വാർത്തകളും, അക്രമത്തെ ഊതി വീർപ്പിക്കാവുന്ന പ്രസ്താവനകളും വഴി പടർന്നു പിടിക്കുന്നു എന്നും അതിനാൽ അവരുടെ ശക്തമായ ക്രൈസ്തവ വേരുകളും, വിശ്വാസവും, സുവിശേഷത്താൽ രണോത്സുകത വെടിഞ്ഞ ഹൃദയവുമായി ഭാഷയുടെ നിരായുധീകരണം സാധ്യമാക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. സമൂഹത്തിലും സഭയിലും സമാധാനത്തിന്റെയും പരസ്പര ധാരണയുടെയും ഭാഷ ആവശ്യമാണെന്നും അതിന് ശ്രവണത്തിനും ബഹുമാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് അനുകമ്പയും പ്രവാചികവുമായ ഒരു ആശയ വിനിമയമാവശ്യമാണെന്ന്  2023 ലെ ആഗോളസാമൂഹ്യ സാമ്പർക്ക ദിന സന്ദേശം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

ജർമ്മനിയിലെ സഭയുടെ സിനഡൽ യാത്രയെ സംബന്ധിച്ച് 2019ൽ എഴുതിയ കത്തിനെ പ്രതിപാദിച്ച പാപ്പാ  അത് ആത്മീയതലവും കാതോലിക തലവും ശ്രദ്ധിച്ചു കൊണ്ടുള്ളതാവട്ടെ എന്നാശംസിച്ചു. ആത്മീയ തലത്തിൽ സുവിശേഷവുമായുള്ള ദൃഢവും നിരന്തരവുമായ പൊരുത്തപ്പെടൽ കൂദാശകളും, പ്രാർത്ഥനയും പരിശുദ്ധാത്മാവിനോടുള്ള വിധേയത്വവും വഴി വ്യക്തിപരവും സമൂഹപരവുമായ ഒരു പരിവർത്തനത്തിലേക്ക് നയിക്കുന്നതാവണം അല്ലാതെ ലൗകീക മാതൃകയിൽ ആവരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതേപോലെ തന്നെ വിശ്വാസ ജീവിതത്തെ സ്വന്തം സംസ്കാര രാഷ്ട്രീയ ചുറ്റുപാടുകളുമായി മാത്രം ബന്ധപ്പെടുത്തി കാണാതെ കാതോലികമായ ഒരു തലത്തിൽ വീക്ഷിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. ഇത്തരത്തിൽ കത്തോലിക്കാ മാധ്യമ പ്രവർത്തകർ സിനഡൽ പ്രക്രിയയിൽ പങ്കു ചേർന്ന്  ശരിയായ വിവരങ്ങൾ നൽകുന്നത് തെറ്റിധാരണകൾ തിരുത്താനും പരസ്പരം മനസ്സിലാക്കാനും സഹായിക്കും പാപ്പാ പറഞ്ഞു.

അന്തർമുഖ മനോഭാവം വെടിഞ്ഞു ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവ സന്ദേശമെത്തിക്കാൻ ലഭ്യമായ എല്ലാ സാധ്യതകളേയും ഉപയോഗിച്ച് “ പുറത്തേക്ക് വരിക" എന്നതാണ് പ്രധാനം. തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു സഭ സ്വയം പരാമർശരോഗത്തിനടിമയാകുന്നു. മറിച്ച് സഭ ഒരു ദൗത്യമാണ് ഇതിൽ കത്തോലിക്കാ മാധ്യമ പ്രവർത്തകർക്ക് നിസ്സംഗരാകാനോ, “നിക്ഷ്പക്ഷ”രായോ ഇടപെടാതിരിക്കാനോ കഴിയില്ല എന്ന് “മാധ്യമങ്ങളുടെ നിക്ഷ്പക്ഷത വെറും തോന്നൽ മാത്രമാണ്: മുന്നിട്ടിറങ്ങി  ആശയ വിനിമയം നടത്തുന്നവൻ മാത്രമാണ് സൂചികയായി മാറുക" 2014 ലെ ലോക മാധ്യമ ദിന സന്ദേശം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

സമ്പന്ന വികസിത ജർമ്മനിയിൽ നിന്നു വരുന്ന അവരെ ശിശുക്കളുടെയും കുടുംബാംഗങ്ങളുടെയും ദാരിദ്യത്തെക്കുറിച്ചും, കുടിയേറ്റ അഭയാർത്ഥി പ്രതിഭാസത്തെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു. അവിടെ അവരുടെ നല്ല വാർത്ത കേൾക്കാനും ക്രൈസ്തവർ ഇറങ്ങി പുറമ്പോക്കിൽ കഴിയുന്നവർക്ക് സഹായത്തിനെത്തണമെന്നും സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നു എന്നും പാപ്പാ പറഞ്ഞു. ഇവിടെ മാധ്യമ പ്രവർത്തകരായ അവർ ആരും ശ്രദ്ധിക്കാത്ത ആളുകളുടെ മുഖങ്ങൾക്കും കഥകൾക്കും പ്രാധാന്യം നൽകാനായി അവരുടെ ചെരുപ്പുകൾ തേയിക്കാൻ മടിക്കരുതെന്ന് പാപ്പാ അവരെ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2024, 13:19