ടിവി 2000ന്റെയും ഇൻ ബ്ളൂ റേഡിയോയുടെയും പ്രവർത്തകരുമായി ഫ്രാൻസിസ് പാപ്പാ. ടിവി 2000ന്റെയും ഇൻ ബ്ളൂ റേഡിയോയുടെയും പ്രവർത്തകരുമായി ഫ്രാൻസിസ് പാപ്പാ.   (VATICAN MEDIA Divisione Foto)

പാപ്പാ: സത്യം സ്നേഹത്തിൽ നിന്ന് വേർപെടുത്താതെ അറിയിക്കുക

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ രണ്ട് പ്രക്ഷേപണ മാധ്യമങ്ങളായ ടിവി 2000ന്റെയും ഇൻ ബ്ളൂ റേഡിയോയുടെയും പ്രവർത്തകരുമായി ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സാമിപ്യം, ഹൃദയം, ഉത്തരവാദിത്വം എന്നിവയായിരിക്കണം അവരുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസ്യത പകരേണ്ടതെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ടിവി 2000, ഇൻ ബ്ളൂ 2000 എന്നീ ശ്രുംഖലകളുടെ പിറവിയുടെ 25ആം വാർഷികം പ്രമാണിച്ചായിരുന്നു ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ മാധ്യമ പ്രവർത്തനത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചു പാപ്പാ സംസാരിച്ചു. സാങ്കേതിക വികസനങ്ങളും കൃത്രിമ ബുദ്ധിയുടെ വരവും മൂലം വിവര സമ്പർക്ക രീതികളിൽ ഉണ്ടാവുന്ന സമൂല പരിവർത്തനത്തിന്റെ നീർക്കുഴിയിൽ മാധ്യമ പ്രവർത്തകർ മാത്രമല്ല എല്ലാവരും ഒലിച്ചുപോയേക്കാവുന്ന അപകടം പാപ്പാ സൂചിപ്പിച്ചു. അതിനാൽ മെത്രാൻ സമിതിയോടു ചേർന്നുള്ള അവരുടെ പ്രവർത്തനം ഒരു കുറവായല്ല വലിയ സ്വാതന്ത്യത്തിന്റെ പ്രകടനമായാണ് കാണേണ്ടതെന്നും അതിനു കാരണം സമ്പർക്ക മാധ്യമങ്ങളുടെ വേരുകൾ മനുഷ്യത്വത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതിനാലാണെന്നും പാപ്പാ വിശദീകരിച്ചു. പിന്നീട് കത്തോലിക്കാ മാധ്യമ പ്രവർത്തകരെന്ന നിലയിൽ  അവരുടെ പ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട മൂന്ന് പദങ്ങൾ പാപ്പാ വിശദീകരിച്ചു.

സാമിപ്യം

ഇന്നത്തെ ലോകത്ത് കാണുന്ന ആധിപത്യ യുക്തിയിൽ നിന്ന് സാമിപ്യത്തിന്റെ ഒരു യുക്തിയിൽ പ്രവർത്തിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. അനേകർക്ക് വിവരങ്ങൾ പകർന്നു നൽകുകയും അനേകർ അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു കൊണ്ട് പുതിയ അനുഭവങ്ങളും, യാഥാർത്ഥ്യങ്ങളും, സ്ഥലങ്ങളും കണ്ടെത്തുന്നു. ഈ സാമിപ്യം പ്രാന്തപ്രദേശങ്ങളിലേക്കും എത്തണമെന്നും ഒരിക്കലും പരിഗണിക്കപ്പെടാത്തവരും അവരുടെ പ്രക്ഷേപണങ്ങളിൽ നായകരാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വാർത്താവിനിമയം പലപ്പോഴും ആധിപത്യത്തിന്റെയും അധികാരത്തിന്റെയും മുന്നിൽ മുട്ടുമടക്കാറുണ്ട്, കള്ള വാർത്തകൾ സൃഷ്ടിക്കാറുണ്ട്. ആ പ്രലോഭനങ്ങളിൽ വീഴാതെ കാക്കാനും, “വിളിയിൽ വിശ്വസ്തത” പുലർത്തുന്നവരായിരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തഴയപ്പെട്ടവരെയും മറക്കാതിരിക്കാനും പാപ്പാ അവരോടാവശ്യപ്പെട്ടു.

ഹൃദയം

വിശുദ്ധ ഗ്രന്ഥത്തിന്റെയും ക്രൈസ്തവ പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ അർത്ഥഗർഭമാണ് ഹൃദയം എന്ന പദം. ഹൃദയത്തിന്റെ വിശാലതയിൽ നിന്നാണ് മറ്റുള്ളവർക്ക് സമീപസ്ഥരാകാൻ നമുക്കാവുക. “അഹം'’ കുറച്ച് മാറ്റി വച്ച് മറ്റുള്ളവർക്ക് ഇടം നൽകാൻ കഴിയുന്നതും, മുൻ വിധികളുടെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രരായി സ്നേഹത്തിൽ നിന്ന് വേർപെടുത്താതെ സത്യം പറയിക്കുന്നതും ഹൃദയമാണ്. അതിനാൽ വസ്തുതകളെ ഹൃദയത്തിൽ നിന്ന് വേർപിരിക്കാതെ ധൈര്യത്തോടെ നീങ്ങണമെന്ന് പരിശുദ്ധ പിതാവ്  പറഞ്ഞു. തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ അടിച്ചേൽപ്പിക്കാതെ വിശ്വാസ്യത വരുത്താൻ ഹൃദയമുള്ളവർക്ക് കഴിയും. പാപ്പാ പങ്കുവച്ചു.

ഉത്തരവാദിത്വം

ഓരോ ആശയ വിനിമയ രീതിയും വസ്തുനിഷ്ഠമായിരിക്കേണ്ടതിനും, മനുഷ്യ അന്തസ്സ് ബഹുമാനിക്കേണ്ടതിനും, പൊതു നന്മയ്ക്കായി ശ്രദ്ധ ചെലുത്തേണ്ടതിനും ഓരോരുത്തരും ഉത്തരവാദികളായിരിക്കണം. ഇത്തരത്തിൽ മാത്രമേ മുറിവുകൾ തുന്നിക്കെട്ടാനും നിസ്സംഗതയെ സ്വാഗതമാക്കി മാറ്റാനും ബന്ധങ്ങൾ സൃഷ്ടിക്കാനും നമുക്കു കഴിയൂ എന്ന് പ്രത്യേകം പാപ്പാ ഓർമ്മിപ്പിച്ചു. അവരുടെ തൊഴിൽ, വിഘടനവാദങ്ങളെയും അസ്വാരസ്യങ്ങളെയും മറികടക്കാൻ  ബഹുമാനത്തോടും ആധികാരികതയോടും കൂടെ  അറിവ് പകരേണ്ട സന്ദേശവാഹകരുടെ വിളിയാണ്. അതിനാൽ സാമിപ്യം കൊണ്ടും ഹൃദയത്തോടും  ഉത്തരവാദിത്വത്തോടും കൂടെ നടത്തുന്ന  അവരുടെ ഓരോ പ്രക്ഷേപണത്തിന്റെയും കേന്ദ്രം “മനുഷ്യ വ്യക്തി”യായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2024, 21:05