തിരയുക

സഭയിലെ വൈവിധ്യം നമുക്ക് ആനന്ദകാരണമാകണം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം- 2024 ജനുവരി: സഭയിലെ വൈവിധ്യം എന്ന ദാനത്തിനായി പ്രാർത്ഥിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയിൽ പ്രകടമായ വൈവിധ്യങ്ങളെ ഭയക്കേണ്ടതില്ലെന്നും ഈ വൈവിധ്യത്തിൽ ജീവിക്കുന്നത് നമുക്കു സന്തോഷപ്രദായകമാകണമെന്നും മാർപ്പാപ്പാ.

പുതുവത്സരത്തിലെ, അതായത്, 2024-ലെ ആദ്യത്തെ പ്രാർത്ഥനാ നിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പാ സഭയിലുള്ള വൈവിധ്യത്തോടു നമ്മുടെ മനോഭാവം എപ്രകാരമായിരിക്കണം എന്ന് വ്യക്തമാക്കിക്കൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

സഭയിലെ വൈവിധ്യമെന്ന ദാനത്തിനായി പ്രാർത്ഥിക്കാൻ സഭാതനയരെ പ്രത്യേകം ക്ഷണിക്കുന്ന ജനുവരി മാസത്തെ പാപ്പായുടെ പ്രാർത്ഥനാനിയോഗം അടങ്ങിയ സ്പാനിഷ് ഭാഷയിലുള്ള വീഡിയൊ രണ്ടാം തീയതി ചൊവ്വാഴ്ച (02/12/23)യാണ് പരസ്യപ്പെടുത്തപ്പെട്ടത്.

ആദ്യ ക്രിസ്തീയ സമൂഹങ്ങളിൽ നാനാത്വവും ഏകത്വവും വളരെയധികം ഉണ്ടായിരുന്നുവെന്നു പറയുന്ന പാപ്പാ പിരിമുറുക്കം ഉന്നത തലത്തിൽ പരിഹരിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. അതിലുപരിയായി, വിശ്വാസ യാത്രയിൽ മുന്നേറുന്നതിന്  മറ്റ് ക്രൈസ്തവ സമൂഹങ്ങളിലെയും ക്രൈസ്തവവിഭാഗങ്ങളിലെയും സഹോദരീസഹോദരന്മാരുമായി എക്യുമെനിക്കൽ സംഭാഷണം, അഥവാ, ക്രൈസ്തവൈക്യസംഭാഷണ ആവശ്യമാണ് എന്നതും പാപ്പാ എടുത്തുകാട്ടുന്നു. 

വൈവിധ്യം, ആശയക്കുഴപ്പമുണ്ടാക്കുന്നതോ അസ്വസ്ഥത സൃഷ്ടിക്കുന്നതോ ആയ ഒന്നല്ലയെന്നും  മറിച്ച്, ഏക ശരീരമായി, ക്രിസ്തുഗാത്രമായി വളരുന്നതിന് ദൈവം ക്രൈസ്തവസമൂഹത്തിന് നൽകുന്ന ഒരു ദാനമാണ് അതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.  തനതായ പാരമ്പര്യങ്ങളും ആരാധനാക്രമങ്ങളും ഉള്ളതും എന്നിട്ടും വിശ്വാസൈക്യം നിലനിർത്തിപ്പോരുന്നതുമായ പൗരസ്ത്യ സഭകളെ പാപ്പാ ഇതിന്  ഉദാഹരണമായി അവതരിപ്പിക്കുന്നു. ഈ പൗരസ്ത്യ സഭകൾ ഈ വിശ്വാസൈക്യത്തെ പിളർക്കുകയല്ല പ്രത്യുത, ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കുന്നു.

നമ്മൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന പക്ഷം, സമൃദ്ധിയും വൈവിധ്യവും വിത്യാസവും ഒരിക്കലും സംഘർഷത്തിനു കാരണമാകില്ലെന്നും, പ്രഥമവും പ്രധാനവുമായി, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മക്കളും ദൈവത്തിൻറെ സ്നേഹത്തിൽ നാമെല്ലാവരും തുല്യരും നാം വ്യതിരിക്തരുമാണെന്ന് പരിശുദ്ധാരൂപി നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും  പാപ്പാ പറയുന്നു. ക്രിസ്തീയ സമൂഹങ്ങൾക്കുള്ളിലെ ദാനങ്ങളായ വിഭിന്ന സിദ്ധികൾ തിരിച്ചറിയുന്നതിനും കത്തോലിക്കാസഭയ്ക്കത്തുള്ള വ്യത്യസ്ത പാരമ്പര്യാചാരങ്ങളുടെ സമ്പന്നത വീണ്ടും കണ്ടെത്തുന്നതിനും പരിശുദ്ധാരൂപിയുടെ സഹായം അപേക്ഷിക്കാൻ പാപ്പാ സഭാമക്കളെ ക്ഷണിക്കുന്നുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2024, 09:26