തിരയുക

കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി  ജപമാല പ്രാർത്ഥനാവേളയിൽ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി ജപമാല പ്രാർത്ഥനാവേളയിൽ  (Vatican Media)

പ്രാർത്ഥനയെന്ന രഹസ്യം അനിർവ്വചനീയം, പാപ്പാ !

വത്തിക്കാൻ നഗരത്തിൽ പാപ്പായുടെ വികാരിയായിരുന്ന കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി “പ്രാർത്ഥിക്കുകയെന്നാൽ ഇന്ന്” (Pregare oggi) എന്ന ശീർഷകത്തിൽ രചിച്ച പുസ്തകത്തിന് അവതാരികയെഴുതി ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥന വിശ്വാസത്തിൻറെ നിശ്വാസവും തനതായ ആവിഷ്ക്കാരവുമാണെന്ന് മാർപ്പാപ്പാ.

വത്തിക്കാൻ നഗരത്തിൽ പാപ്പായുടെ വികാരിയായിരുന്ന കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രി “പ്രാർത്ഥിക്കുകയെന്നാൽ ഇന്ന്” (Pregare oggi) എന്ന ശീർഷകത്തിൽ രചിച്ച പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന നിശബ്ദമായ നിലവിളിയാണ് അതെന്നും പാപ്പാ കുറിക്കുന്നു. പ്രാർത്ഥന എന്ന രഹസ്യം ആവിഷ്ക്കരിക്കാൻ കഴിയുന്ന വാക്കുകൾ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നും വിശുദ്ധന്മാരിലും ആത്മിയഗുരുക്കന്മാരിലും ദൈവശാസ്ത്ര പരിചിന്തനങ്ങളിലും നിന്ന് പ്രാർത്ഥനയുടെ അനേകം നിർവ്വചനങ്ങൾ നമുക്ക് സമാഹരിക്കാനാകുമെങ്കിലും അത് ജീവിക്കുന്നവരുടെ ലാളിത്യത്തിനു മാത്രമേ അതിന് വിശദീകരണം നല്കാൻ കഴിയുകയുള്ളുവെന്നു പാപ്പാ പറയുന്നു.

വാക്കുകളുടെ ധാരാളിത്തംമൂലം ദൈവം കേൾക്കുമെന്ന മിഥ്യാധാരണയിൽ വെറുതെ വാക്കുകൾ പാഴാക്കരുതെന്ന മുന്നറിയിപ്പ് കർത്താവ് നമുക്കു നല്കുന്നതിനെക്കുറിച്ചും അവിടന്ന് നിശബ്ദതയ്ക്ക് പ്രാധാന്യം കല്പിക്കുന്നതിനെക്കുറിച്ചും പാപ്പാ തൻറെ അവതാരികയിൽ സൂചിപ്പിക്കുന്നു.

പ്രാർത്ഥനയ്ക്കായി പൂർണ്ണമായി സമർപ്പിതമായിരിക്കുന്ന 2024-ാം ആണ്ട് ഒരുക്കത്തിൻറെ സമയമാണെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഇന്ന് ഉയർന്നുവരുന്ന വലിയ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ കഴിവുള്ള മഹത്തായ ഒരു ആത്മീയതയുടെ ആവശ്യകത ശക്തമാണെന്നു പറയുന്നു.

സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക പ്രതിസന്ധികൾ, മരണത്തിനും നാശത്തിനും ദാരിദ്ര്യത്തിനും കാരണമാകുന്ന യുദ്ധങ്ങൾ, സമാധാനത്തിനും ഐക്യദാഢ്യത്തിനുമായുള്ള അഭിലാഷങ്ങളെ ശ്വാസംമുട്ടിക്കുന്ന നിസ്സംഗതയുടെയും വലിച്ചെറിയലിൻറെയും സംസ്കാരം, വൈക്തികവും സാമൂഹ്യവുമായ ജീവിതത്തിൽ നിന്ന് ദൈവത്തെ അകറ്റിനിറുത്തുന്ന പ്രവണത തുടങ്ങിയ തിന്മകൾ പാപ്പാ ഉദാഹരണങ്ങളായി നിരത്തുന്നു. ആകയാൽ ദൈവപിതാവിങ്കലേക്ക് പ്രാർത്ഥന കൂടുതലായി നിരന്തരം ഉയരേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറയുന്നു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2024, 19:19