ഫ്രാൻസീസ് പാപ്പാ " നൊളിത്തെ തിമേരെ"   (Nolite timere) എന്ന സന്നദ്ധസേവന സംഘടനയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 27/01/24 ഫ്രാൻസീസ് പാപ്പാ " നൊളിത്തെ തിമേരെ" (Nolite timere) എന്ന സന്നദ്ധസേവന സംഘടനയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 27/01/24   (VATICAN MEDIA Divisione Foto)

യുദ്ധവും ആയുധങ്ങളും കുഞ്ഞുങ്ങളുടെ പുഞ്ചിരി മായിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, “നൊളിത്തെ തിമേരെ” (Nolite timere) സന്നദ്ധസേവന സംഘടനയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അതിൻറെ മൂന്നൂറോളം പ്രതിനിധികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സന്നദ്ധസേവകരായിരിക്കുകയെന്നാൽ നമ്മെ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി തുറന്നിടുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

1994-ൽ ആഫ്രിക്കൻ നാടായ റുവാണ്ടയിൽ തുത്സി വംശജർക്കെതിരെ നടന്നതും 4 ലക്ഷത്തിനും 8 ലക്ഷത്തിനുമിടയ്ക്ക് ആളുകളുടെ ജീവൻ അപഹരിച്ചതുമായ വംശഹത്യയിൽ അനാഥരായിത്തീർന്ന കുട്ടികൾക്കു താങ്ങാകുന്നതിനു വേണ്ടി മ്ബാരെ എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട “നസ്രത്തിലെ യുവതയുടെ നഗരം” എന്ന അർത്ഥം വരുന്ന "ചിത്തേ ദെസ് ഷേൻ നസറേത്തിനു" (Cité des Jeunes Nazareth) വേണ്ടിയുള്ള            “പേടിക്കേണ്ട” എന്നു വിവർത്തനം ചെയ്യാവുന്ന “നൊളിത്തെ തിമേരെ” (Nolite timere) സന്നദ്ധസേവന സംഘടനയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അതിൻറെ മൂന്നൂറോളം പ്രതിനിധികളുമായി ശനിയാഴ്‌ച (27/01/24) വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

സേവനമേകുന്നതിനെയും സാമ്പത്തികസഹായം നല്കുന്നതിനെയും ഒക്കെ കവച്ചുവയ്ക്കുന്ന ഒന്നാണ് സന്നദ്ധസേവനം എന്നും പാപ്പാ പറഞ്ഞു. "പുനരാരംഭിക്കാമെന്ന പ്രത്യാശ നമുക്കു പ്രദാനം ചെയ്യാം” എന്ന മുദ്രാവാക്യം ഈ സംഘടന സ്വീകരിച്ചിരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ സംഘടനയിലെ അംഗങ്ങൾ ഈ മുദ്രാവാക്യം ജീവിക്കുകയാണ് ചെയ്യുന്നതെന്നു ശ്ലാഘിച്ചു.

യുദ്ധവും ആയുധങ്ങളും കുഞ്ഞുങ്ങളുടെ പുഞ്ചിരി മായിക്കുകയും ഭാവി ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ഈ സംഘടന ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും സൗഹാർദ്ദാവസരങ്ങളും കാലങ്ങളിൽ നീണ്ടുനില്ക്കുന്ന ബന്ധങ്ങളും സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുവരുന്നത് മനോഹരമാണെന്ന് പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2024, 18:09