പൂർവ്വ തിമോറിൻറെ പ്രസിഡൻറ് പാപ്പായെ സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കിഴക്കെ തിമോറിൻറെ പ്രസിഡൻറ് ഹൊസേ മനുവേൽ റാമൊസ് ഹൊർത്തയെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
ഇരുപത്തിരണ്ടാം തീയതി (22/01/24) തിങ്കളാഴ്ചയായിരുന്നു ഇരുവരും തമ്മിൽ 35 മിനിറ്റു ദീർഘിച്ച ഈ കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് റാമൊസ് ഹൊർത്ത വത്തിക്കാൻസംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും രാജ്യാന്തര സംഘടനകളും തമ്മിലുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.
പരിശുദ്ധസിംഹാസനവും പൂർവ്വ തിമോറും തമ്മിലുള്ള നല്ല ബന്ധങ്ങൾ, കത്തോലിക്കാ സഭ അന്നാടിന് അനുദിനം നല്കുന്ന സംഭാവനകൾ, നാടിൻറെ സാമൂഹ്യസാമ്പത്തിക സ്ഥിതി, കാലാവസ്ഥ മാറ്റം ആ പ്രദേശത്തുളവാക്കുന്ന പ്രശ്നങ്ങൾ, അന്തർദ്ദേശീയ പ്രാദേശിക തലങ്ങളിൽ പ്രാധാന്യമുള്ള കാര്യങ്ങൾ എന്നിവ ചർച്ചാവിഷയങ്ങളായി.
തെക്കുകിഴക്കെ ഏഷ്യൻ രാജ്യമായ പൂർവ്വ തിമോറിൻറെ വിസ്തൃതി 15410 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ 11 ലക്ഷത്തി പതിനയ്യായിരത്തിൽപ്പരമാണ്. പോർച്ചുഗലിൻറെ കോളണിയായിരുന്ന ഈ നാട് 1975-ൽ ഇന്തൊനേഷ്യയുടെ ആധിപത്യത്തിലാകുകയും 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് സ്വതന്ത്ര രാജ്യമായിത്തീരുകയും ചെയ്തു. 2002 മെയ് 20-നു പൂർവ്വ തിമോർ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ജനസംഖ്യയുടെ ഭൂരിഭാഗവും കത്തോലിക്കരായ രണ്ട് ഏഷ്യൻ രാജ്യങ്ങളിലൊന്നാണ് പൂർവ്വ തിമോർ. കത്തോലിക്കർ ഭൂരിപക്ഷമുള്ള ഇതര ഏഷ്യൻ നാട് ഫിലിപ്പീൻസ് ആണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: