യുക്രെയ്നിലെ ഡിനിപ്രോയിൽ നടന്ന ആക്രമണത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കത്തുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. യുക്രെയ്നിലെ ഡിനിപ്രോയിൽ നടന്ന ആക്രമണത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കത്തുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 

പാപ്പാ : റഷ്യൻ അക്രമം “നിന്ദ്യവും, അംഗീകരിക്കാനാവത്തതും”

പൊതുജനങ്ങൾക്കും അടിസ്ഥാന സംവിധാനങ്ങൾക്കും നേരെയുള്ള റഷ്യൻ ആക്രമണം പാപ്പാ അപലപിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗ്രീക്ക് കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനയച്ച കത്തിലാണ് ദുരിതമനുഭവിക്കുന്ന യുക്രെയ്നിനോടു ഐക്യദാർഢ്യം ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ചത്.

ഡിസംബർ 29ന് സാധാരണക്കാരായ പൊതു ജനങ്ങൾക്കും, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ 'നിന്ദ്യവും' 'അംഗീകരിക്കാനാവാത്തതുമായ' ആക്രമണങ്ങൾ എന്ന് വിശേഷിപ്പിച്ച്  ഫ്രാൻസിസ് പാപ്പാ തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന യുക്രെയ്നിനോടു ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പാ അപകടത്തിൽ മരിച്ചവരെ പ്രതി ദുഃഖിക്കുകയും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അറിയിച്ചു.

വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കത്തിൽ പാപ്പാ യുക്രെയ്ൻ ഒരു 'വിസ്മരിക്കപ്പെട്ട' യുദ്ധമായി മാറുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.  സംഘർഷത്തെ നിശബ്ദത കൊണ്ട് മൂടുന്നത് തടയാനുള്ള കടമ പാപ്പാ എടുത്തു പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങൾ തേടാൻ അന്താരാഷ്ട്ര സമൂഹത്തോടു ആവശ്യപ്പെടുകയും ചെയ്തു.

നിരാശാജനകമായ സാഹചര്യങ്ങൾക്കിടയിൽ പ്രത്യാശ നൽകുന്നതിൽ അജപാലകരുടെ വെല്ലുവിളി നിറഞ്ഞ പങ്കിനെ പാപ്പാ ഊന്നിപറഞ്ഞു. “വീണ്ടുമൊരിക്കൽ കൂടി, രക്തസാക്ഷിയായ യുക്രെയ്നിനോടു എന്റെ സാമീപ്യം പ്രകടിപ്പിക്കാനും, മരിച്ചവരെ പ്രതി വിലപിക്കാനും അവരെ ദൈവത്തിന്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കാനും, മുറിവേറ്റവരെ ആശ്വസിപ്പിക്കാനും, ഏതെങ്കിലും വിധത്തിൽ കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”  പാപ്പാ കത്തിൽ രേഖപ്പെടുത്തി. കൂടുതൽ നിരാശാജനകമായി കാണപ്പെടുന്ന ഒരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രത്യാശ പകരാ൯ പരിശ്രമിക്കുന്ന അജപാലകർക്ക് തന്റെ സാമീപ്യം അറിയിക്കുകയും ചെയ്തു.

ജനുവരി മൂന്നിന്  ഫ്രാൻസിസ്  പാപ്പാ പൊതുജന കൂടികാഴ്ചയിൽ യുദ്ധത്തെക്കുറിച്ചുള്ള തന്റെ നിലപാട് ആവർത്തിച്ചിരുന്നു. "യുദ്ധം ഭ്രാന്താണ്, എല്ലായ്പ്പോഴും യുദ്ധം ഒരു പരാജയമാണ്" എന്ന് പ്രസ്താവിക്കുകയും പലസ്തീൻ, ഇസ്രായേൽ, യുക്രെയ്ൻ എന്നീ സംഘർഷ മേഖലകളിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. യുക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും നീതിയുക്തമായ സമാധാനം പിന്തുടരാനും തീവ്രമായ അഭ്യർത്ഥനകൾ നടത്താനുള്ള പ്രതിജ്ഞാബദ്ധത ഗ്രീക്ക് കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുകിന് ഉറപ്പുനൽകി കൊണ്ടാണ് പാപ്പാ തന്റെ കത്ത് അവസാനിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2024, 16:56