വയോന്ത് ദുരന്തത്തിന്റെ 60-ആം വാർഷികത്തിൽ ബെല്ലുനോ-ഫെൽട്രെ രൂപതയുടെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ. വയോന്ത് ദുരന്തത്തിന്റെ 60-ആം വാർഷികത്തിൽ ബെല്ലുനോ-ഫെൽട്രെ രൂപതയുടെ പ്രതിനിധി സംഘവുമായി ഫ്രാൻസിസ് പാപ്പാ.  (Vatican Media)

പാപ്പാ: അത്യാഗ്രഹം നശിപ്പിക്കുന്നു; സാഹോദര്യം കെട്ടിപ്പടുക്കുന്നു

വയോന്ത് ദുരന്തത്തിന്റെ 60-ആം വാർഷികത്തിൽ ബെല്ലുനോ-ഫെൽട്രെ രൂപതയുടെ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯, സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

1963 ഒക്ടോബർ 9-ന് വൈകുന്നേരം ഇറ്റലിയിലെ ടോക്ക് എന്നറിയപ്പെടുന്ന മലയുടെ വടക്കുഭാഗത്ത്, വയോന്ത് അണക്കെട്ട് സൃഷ്ടിച്ച കൃത്രിമ തടാകത്തിലേക്ക് ഏകദേശം 270 ദശലക്ഷം ക്യുബിക് മീറ്റർ പാറ തെന്നിവീണു, ഇത് 200 മീറ്ററിലധികം ഉയരത്തിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. ഈ ദുരന്തം ചരിത്രത്തിൽ വയോന്ത് ദുരന്തം എന്നാണ് അറിയപ്പെടുന്നത്. ദുരന്തത്തിൽ ഏകദേശം 1910 പേർ മരിച്ചു. ആ ദുരന്തത്തെ അനുസ്മരിച്ച പാപ്പാ കൂടികാഴ്ച്ചയിൽ സന്നിഹിതരായവരുടെ സാന്നിധ്യം പ്രതീക്ഷയുടെ തരംഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വെളിപ്പെടുത്തി.

വാസ്‌തവത്തിൽ, ഉന്മൂലനത്തിന്റെയും നാശത്തിന്റെയും തരംഗത്തോടു അവർ പ്രതികരിച്ചത് ഓർമ്മയുടെയും പുനർനിർമ്മാണത്തിന്റെയും ധൈര്യത്തിലാണ്. നന്മയുടെ ഈ മഹത്തായ തരംഗം രൂപപ്പെടുത്തിയ രക്ഷാപ്രവർത്തകർ, പുനർനിർമ്മാണക്കാർ എല്ലാവരെയും പാപ്പാ  അനുസ്മരിച്ചു. അവർ കൈത്തൊഴിലാളികളും പുനരുത്ഥാനത്തിന്റെ വിത്തുകളുടെ സാക്ഷികളുമാണ്, അവ വലിയ വാർത്തകൾ ഉണ്ടാക്കില്ലായിരിക്കാം, പക്ഷേ "പുനരാരംഭിക്കുന്നതിൽ വിദഗ്ദ്ധനും", മരണത്തിന്റെ ശവകുടീരത്തിൽ നിന്ന് പുതിയ ജീവന്റെ നിത്യ ചരിത്രം ആരംഭിക്കുകയും ചെയ്ത ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ വിലപ്പെട്ടവരാണ്. പാപ്പാ പറഞ്ഞു.

വയോന്ത് ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു വശം ശ്രദ്ധേയമാണ്: ഡാമിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ സംഭവിച്ച പിഴവുകളല്ല ദുരന്തത്തിന് കാരണം, മറിച്ച് തെറ്റായ സ്ഥലത്ത് ഒരു കൃത്രിമ ജലസംഭരണി നിർമ്മിക്കാൻ ആഗ്രഹിച്ചതാണ്. എന്തുകൊണ്ട്? അന്തിമ വിശകലനത്തിൽ, മനുഷ്യന്റെയും അവൻ ജീവിക്കുന്ന പരിസ്ഥിതിയുടെയും പരിപാലനത്തേക്കാൾ ലാഭത്തിന്റെ യുക്തിക്ക് പ്രാധാന്യം നൽകിയതാണ് കാരണം; അതിനാൽ അവരുടെ പ്രത്യാശയുടെ തരംഗം സാഹോദര്യത്താൽ നയിക്കപ്പെടുന്നതാണെങ്കിൽ, അന്നത്തെ നിരാശയുടെ തരംഗം അത്യാഗ്രഹത്താൽ ഉണ്ടായതാണ്. സാഹോദര്യം കെട്ടിപ്പടുക്കുമ്പോൾ അത്യാഗ്രഹം നശിപ്പിക്കുന്നു. പാപ്പാ സന്ദേശത്തിൽ ഊന്നി പറഞ്ഞു.

സൃഷ്ടിയുടെ പരിപാലനം ഒരു ലളിതമായ പാരിസ്ഥിതിക ഘടകമല്ല, മറിച്ച് ഒരു നരവംശശാസ്ത്രപരമായ ചോദ്യമാണെന്ന് ആവർത്തിക്കുന്നതിൽ താൻ ഒരിക്കലും മടുക്കുന്നില്ല എന്നു പറഞ്ഞ പാപ്പാ സ്രഷ്ടാവ് വിഭാവനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തതുപോലെ സൃഷ്ടിയുടെ പരിപാലനം മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും നാം വസിക്കുന്ന ആഗോള സമൂഹത്തിലെ എല്ലാവരുടെയും ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശദീകരിച്ചു. പരിസ്ഥിതി ചൂഷണത്തിൽ നിന്ന് ഉണ്ടാകാനിടയുള്ള ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സൃഷ്ടിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഈ ദുരന്തം സാക്ഷ്യം വഹിക്കുന്നുവെന്ന് പാപ്പാ അവരോടു പറഞ്ഞു.

ലാഭത്തിനായുള്ള അത്യാഗ്രഹം, സർവ്വശക്തനാണ് മനുഷ്യൻ എന്ന മിഥ്യാധാരണയിൽ സമ്പാദിച്ചു കൂട്ടാനും കൈവശപ്പെടുത്തുവാനുള്ള ത്വര എന്നിവയാൽ നാം വസിക്കുന്ന ഭൂമി തകർന്നു കൊണ്ടിരിക്കുമ്പോൾ നമ്മുടെ പ്രകൃതി ബഹുമാനത്തോടെയും കരുതലോടെയും ജീവിക്കുക എന്നത് മർത്ത്യൻ എന്ന നിലയിലുള്ള നമ്മുടെ പരിമിതികളെ അംഗീകാരിക്കുന്ന നിറവിന്റെ സാധ്യതയാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു,

ഈ വർഷം ഇറ്റലിയിലെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസി  ജീവജാലങ്ങളുടെ സ്തോത്രഗീതം രചിച്ചതിന്റെ എട്ടാം ശതാബ്ദി ആഘോഷിക്കുകയാണ്. ഇറ്റാലിയൻ സാഹിത്യത്തിന് തുടക്കമിട്ട പാഠം കൂടിയാണിത്. ആ മഹത്തായ സ്തുതിയിൽ,  അസീസിയിലെ ദരിദ്രനായ ഫ്രാ൯സിസ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാറ്റിനെയും അഗ്നിയെയും മറ്റ് ഘടകങ്ങളെയും സഹോദരീസഹോദരന്മാർ എന്ന് വിളിക്കുന്നു, കാരണം സൃഷ്ടികൾ നമുക്കായി കർത്താവ് സ്നേഹപൂർവ്വം ക്രമീകരിച്ച ഒരൊറ്റ "നന്മയുടെ ജീവനുള്ള ശൃംഖലയുടെ" ഭാഗമാണ്. പാപ്പാ വിശദീകരിച്ചു.

അത്യാഗ്രഹത്തിന്റെ മാരകമായ യുക്തികൊണ്ട് പരിസ്ഥിതിയെ നശിപ്പിക്കുന്നത് അവസാനിപ്പിച്ച് ജീവിതവികാസത്തിൽ സാഹോദര്യത്തോടെ സഹകരിക്കാൻ, സൃഷ്ടിയുടെ സൗന്ദര്യം തിരിച്ചറിയാനും കാര്യങ്ങൾ ശരിയായ രീതിയിൽ എങ്ങനെ നൽകാമെന്ന് അറിയാനും നമുക്ക് വിശുദ്ധ ഫ്രാൻസിസിന്റെ ധ്യാനാത്മകവും ആദരവുമുള്ള ദർശനം ആവശ്യമാണ് എന്ന് പാപ്പാ പറഞ്ഞു. അവിടെ സന്നിഹിതരായവരെ നോക്കി അവർ അതാണ് ചെയ്യുന്നതെന്നും ഓർമ്മ നിലനിർത്തുകയും മരണം എല്ലാം വിഴുങ്ങിയിടത്ത് ജീവൻ എങ്ങനെ ഉയിർത്തെഴുന്നേൽക്കുമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പറഞ്ഞ്  അവരെ അഭിനന്ദിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2024, 16:03