“ഏകാന്തത” മുത്തശ്ശീ-മുത്തച്ഛന്മാരുടെ ആഗോള ദിനത്തിന്റെ വിഷയം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
2024 ജൂലൈ 28ന് ആചരിക്കുന്ന മുത്തശ്ശീ-മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള ആഗോള ദിനാചാരണത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ! (സങ്കീ 71 : 9) എന്ന വാക്യത്തിൽ നിന്നെടുത്തിട്ടുള്ള വാർദ്ധക്യത്തിലുണ്ടാവുന്ന ഏകാന്തതയെക്കുറിച്ചായിരിക്കും.
വാർദ്ധക്യത്തിലെത്തിയ ഒരാളുടെ പ്രാർത്ഥനയാണ് സങ്കീർത്തനം 71 . നിർഭാഗ്യവശാൽ, വൃദ്ധരായവർ സമൂഹത്തിന് ഭാരമായി കരുതുന്ന വലിച്ചെറിയൽ സംസ്കാരത്തിന്റെ പരിണത ഫലമായി മുതിർന്നവരനുഭവിക്കുന്ന ഏകാന്തത വളരെ വലിയ ഒരു യാഥാർത്ഥ്യമാണ്. ഈ സത്യത്തെ അഭിമുഖീകരിക്കാൻ സഭാ സമൂഹങ്ങളും കുടുംബങ്ങളും ഒരു കൂടിക്കാഴ്ചയുടെ സംസ്കാരം വളർത്തിയെടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷത്തിലെ സ്നേഹം ഒരു സമൂർത്തയാഥാർത്ഥ്യമാക്കാർ പങ്കുവയ്ക്കലിന്റെയും, ശ്രവണത്തിന്റെയും, പിൻതുണയുടേയും സ്നേഹത്തിന്റെയും ഇടം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് കർദ്ദിനാൾ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
ഏകാന്തത വാർദ്ധക്യത്തിൽ മാത്രമെത്തുന്ന ഒന്നല്ല, അത് മനുഷ്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്. അതിനാൽ സങ്കീർത്തകന്റെ പ്രാർത്ഥന ദൈവ പിതാവിലേക്ക് തിരിയുന്ന, അവന്റെ സമാശ്വാസമന്വഷിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥനയാണ്.
2025 ലെ ജൂബിലിയുമായി ബന്ധപ്പെട്ട് പ്രാർത്ഥനാ വർഷമായി ആചരിക്കുന്ന 2024 ൽ വരുന്ന മുത്തശ്ശീ-മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള ആഗോള ദിനാചാരണം അതിനാൽ തലമുറകൾ തമ്മിൽ ഒരു വലിയ ഐക്യത്തിന്റെ "നമ്മൾ” എന്ന വികാരം സൃഷ്ടിക്കാൻ ഇടയാക്കണം എന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു. സഭ ഒന്നായുള്ള ഈ സംസർഗ്ഗം വലിച്ചെറിയൽ സംസ്കാരത്തിന്റെ എല്ലാത്തരം രീതികളേയും മറികടക്കാൻ സഹായിക്കും. ആരേയും ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സ്നേഹം അനുഭവവേദ്യമാക്കാൻ വിളിക്കപ്പെട്ടിട്ടുള്ള നമ്മുടെ സമൂഹങ്ങൾ ഏറ്റ ബലഹീനരായവരെ മറക്കരുതെന്ന് കർദ്ദിനാൾ ഫരേൽ അടിവരയിട്ടു. അതിനാൽ അൽമായർക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി ലോകം മുഴുവനുമുള്ള ഇടവകകളെയും, രൂപതകളെയും സംഘടനകളെയും മുത്തശ്ശീ-മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള ആഗോള ദിനാചാരണത്തിനായി ആത്മീയമായും അജപാലന തയ്യാറെടുപ്പുകളോടെയും ഒരുങ്ങാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. ഒരുക്കത്തിനാവശ്യമായ അജപാലന രീതികൾ വിശദീകരിക്കുന്ന കാര്യങ്ങൾ വരുന്ന മാസങ്ങളിൽ ഡികാസ്റ്ററിയുടെ വെബ് സൈറ്റിൽ (www.laityfamilylife.va.) ലഭ്യമാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: