സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന നോമ്പുകാലം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കുരിശുവരതിരുന്നാളെന്ന വിഭൂതിദിനത്തോടെയാണ് നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുന്നത്. അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും, പരിത്യാഗത്തിന്റെയും, തീർത്ഥാടനങ്ങളുടെയും, ആധ്യാത്മികവിചിന്തനങ്ങളുടെയും, പരിവർത്തനത്തിന്റെയും ഒക്കെ കാലമാണ് നോമ്പുകാലം, തപസ്സുകാലം എന്നൊക്കെ അറിയപ്പെടുന്ന ഈസ്റ്ററിന് ഒരുക്കമായുള്ള കുറച്ചു ദിനങ്ങൾ. നോമ്പുകാലം മരുഭൂമിയുടെ അനുഭവമാണ്. ആത്മാവിന്റെ കറകൾ നീക്കി വിശുദ്ധിയുടെ സ്വാതന്ത്ര്യത്തിലേക്ക്, നന്മയിലേക്ക്, ക്രിസ്തുവിലേക്ക്, ദൈവത്തിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കാനുള്ള ഒരു സമയമാണിത്.
സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ദൈവം
മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു എന്നാണ് ഫ്രാൻസിസ് പാപ്പാ 2024-ലെ വലിയനോമ്പുകാലത്തേക്കുള്ള സന്ദേശത്തിൽ പറയുന്നത്. മരുഭൂമിയെക്കുറിച്ചുള്ള ചിന്തകൾ വിശുദ്ധഗ്രന്ഥത്തിന്റെ, പ്രത്യേകിച്ച് പഴയനിയമത്തിന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായും നമ്മെ മരുഭൂമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയെയായിരിക്കണം ഓർമ്മിപ്പിക്കുന്നത്. ഈജിപ്തിലെ ഫറവോന്റെ അടിമത്തത്തിൽനിന്ന്, തേനും പാലുമൊഴുകുന്ന കാനാൻദേശം ലക്ഷ്യമാക്കിയുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര. പുറപ്പാട് പുസ്തകം ഇരുപതാം അധ്യായത്തിന്റെ ആരംഭത്തിൽ, പത്തുപ്രമാണങ്ങൾ നൽകുന്ന അവസരത്തിൽ ദൈവം ഇസ്രായേൽ ജനത്തെ ഇത് ഓർമ്മിപ്പിക്കുന്നുണ്ട്: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ്" (പുറപ്പാട് 20, 2). സിനായ് മലയിൽ വച്ച് മോശയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് പത്തു കൽപനകൾ നൽകുമ്പോൾ, ദൈവജനം തങ്ങളുടെ സമീപകാലചരിത്രത്തിൽ നടന്ന ഈയൊരു സ്വാതന്ത്ര്യത്തിന്റെ അനുഭവം പൂർണ്ണമായും മറന്നിട്ടില്ല. എന്നാൽ അതേസമയം വിരോധാഭാസമായ ഒരു കാര്യം, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലും, ഈജിപ്തിലെ അടിമത്തത്തിന്റെ അനുഭവം ഇപ്പോഴും അവർക്ക് മറക്കാനായിട്ടില്ലെന്നതും ആ അനുഭവം അവർ ഗൃഹാതുരത്വത്തോടെ അയവിറക്കാൻ തുടങ്ങിയിരിക്കുന്നു എന്നതുമാണ്. മരുഭൂമിയുടെ ഊഷരതയിലും, അനിശ്ചിതത്വത്തിലും അവർ തങ്ങളുടെ പഴയകാല അടിമത്തജീവിതത്തെ സുഖമുള്ള ഒരു നൊമ്പരമായി വീണ്ടും ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. ഇവിടെയാണ് ദൈവം അവർക്ക് മുന്നിൽ വ്യവസ്ഥകളും നിയമങ്ങളുമൊക്കെ വയ്ക്കുന്നത്. മരുഭൂമിയനുഭവം, നോമ്പുകാലം ദൈവത്തെ സ്നേഹിക്കാനുള്ള, ദൈവകൃപയിൽ ജീവിക്കാനുള്ള ഒരു സമയമായി മാറേണ്ടിയിരിക്കുന്നു. മരുഭൂമി പുതിയൊരു സ്നേഹത്തിന്റെ ഇടമായി മാറേണ്ടിയിരിക്കുന്നു. മരണത്തിന്റെയും അടിമത്തത്തിന്റെയുമൊക്കെ ഇടങ്ങളിൽനിന്ന്, ദൈവം നൽകുന്ന ജീവന്റെയും സ്വാതന്ത്ര്യത്തിന്റെയുമൊക്ക അനുഭവത്തിലേക്കും ചിന്തകളിലേക്കും ഇസ്രായേൽ ജനവും നമ്മളോരോരുത്തരും മാറേണ്ടിയിരിക്കുന്നു.
സഹനത്തിന്റെയും അടിച്ചമർത്തലിന്റെയും വേദനയിൽ എത്തുന്ന സ്വാതന്ത്ര്യം
ഇസ്രായേൽ ജനത്തിന് ദൈവം നൽകുന്ന സ്വാതന്ത്ര്യം സൗജന്യമായി നൽകപ്പെടുന്ന ഒന്നാണ്. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹപ്രകടനമാണത്. ഇസ്രായേൽ ജനം ഈജിപ്തിൽ അനുഭവിക്കുന്ന സഹനങ്ങളും വേദനകളും തിരിച്ചറിഞ്ഞ്, അവരെ തേനും പാലുമൊഴുകുന്ന നാട്ടിലേക്ക് കൊണ്ടുവരാൻ ദൈവം തയ്യാറാകുന്നത്, മോശയോട് ദൈവം മുൾപ്പടർപ്പിൽനിന്ന് സംസാരിക്കുന്ന അവസരത്തിൽ വ്യക്തമായി നാം കാണുന്നുണ്ട്: "ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടു, മേല്നോട്ടക്കാരുടെ ക്രൂരത കാരണം അവരിൽനിന്ന് ഉയർന്നുവരുന്ന രോദനം ഞാൻ കേട്ടു. അവരുടെ യാതനകൾ ഞാൻ അറിയുന്നു. ഈജിപ്‌തുകാരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്‌തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് അവരെ നയിക്കാനാണ് ഞാൻ ഇറങ്ങിവന്നിരിക്കുന്നത്" (പുറ. 3, 7-8). നോമ്പുകാലവുമായി ബന്ധപ്പെട്ട ഈ ചിന്തകൾ പങ്കുവയ്ക്കുന്നതിനിടെ, ഇസ്രായേൽക്കാരുടെ നിലവിളിയെക്കുറിച്ച് പറയുന്ന പാപ്പാ ചോദിക്കുന്നുണ്ട്, ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചമർത്തപ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാർ സഹായത്തിനായി ഉയർത്തുന്ന നിലവിളി നമ്മുടെ ചെവികളിൽ എത്തുന്നുണ്ടോ? അവ നമ്മിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടോ? ഉൽപ്പത്തിപുസ്തകത്തിൽ ദൈവം കായേനോട് ആബേലിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യം ഇന്നും നമ്മുടെ മുന്നിൽ ദൈവം ഉയർത്തുന്നുണ്ട്: നീ എവിടെയാണ്, നിന്റെ സഹോദരൻ എവിടെയാണ്? (ഉൽപ്പത്തി 3, 9; 4, 9). ലോകത്തു നടക്കുന്ന വിവിധ സംഘർഷങ്ങളുടെയും, പാപ്പായുടെ ഭാഷയിൽ പറഞ്ഞാൽ, പലയിടങ്ങളിലായി നടക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ, പാപ്പായുടെ ചോദ്യം ഏറെ പ്രധാനപ്പെട്ടതാണ്.
സുഖമായി മാറുന്ന അടിമത്തം
പാരതന്ത്ര്യത്തിന്റെ ഗൃഹാതുരത്വത്തിൽ സുഖം കണ്ടെത്തുന്നവരായി പലപ്പോഴും മനുഷ്യർ മാറാറുണ്ട്. ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്തത്തിന്റെ അനുഭവത്തിൽ നിലവിളിക്കുമ്പോഴും, അവർ സ്വാതന്ത്ര്യത്തിനായി ദൈവത്തോട് ആവശ്യപ്പെടുന്നില്ല. തന്റെ ജനത്തിന്റെ വേദന കണ്ട്, മനസ്സലിഞ്ഞ്, ദൈവമാണ് അവരെ സ്വാതന്ത്രരാക്കുന്നത്. ദൈവത്താൽ മോചിപ്പിക്കപ്പെട്ട് ഈജിപ്തിൽനിന്ന് പുറത്തുവന്ന്, വാഗ്ദത്തനാട്ടിലേക്കു യാത്രചെയ്യുന്ന ഇസ്രായേൽജനത, ഈജിപ്തിലെ ദുരിതാനുഭവങ്ങളുടെ അടിമത്തകാലത്തെ ഇപ്പോൾ ഒരുതരം ആലസ്യത്തോടെയാണ് ഓർക്കുന്നത്. ജ്ഞാനപീഠവും, പദ്‌മശ്രീയുമൊക്കെ ലഭിച്ച നമ്മുടെ മഹാകവി അക്കിത്തത്തിന്റെ "വെളിച്ചം ദുഃഖമാണുണ്ണീ, ഇരുട്ടല്ലോ സുഖപ്രദം" എന്ന വാക്കുകൾ ഇവിടെ ഓർമ്മയിൽ വരുന്നുണ്ട്.
ഇന്നത്തെ ലോകം എല്ലാ മനുഷ്യരുടെയും അന്തസ്സിനെ ഉയർത്തിപ്പിടിക്കാൻ തക്കവിധത്തിൽ, ആഗോളസഹോദര്യമെന്ന ചിന്തയിൽ മുന്നോട്ട് പോവുകയും, ശാസ്ത്രീയ, സാങ്കേതിക, സാംസ്‌കാരിക, നൈയാമിക രംഗങ്ങളിൽ പുരോഗതി കൈവരിക്കുകയും ചെയ്‌തിട്ടും, ഇന്നും നമ്മുടെ ഇടയിൽ അസമത്വങ്ങളും സംഘർഷങ്ങളുമൊക്കെ നിലനിൽക്കുന്നു എന്ന വൈരുദ്ധ്യത്തെ പാപ്പാ എടുത്തുപറയുന്നുണ്ട്. നമ്മെ അടിമകളാക്കി വച്ചിരിക്കുന്ന തിന്മകളും, പാപവും, വീഴ്ചകളുമൊക്കെ പലപ്പോഴും നമ്മുടെ അന്തസ്സിനെയും വ്യക്തിത്വത്തെയുമൊക്കെ ചവിട്ടിമെതിച്ച്, നമ്മെ ചങ്ങലക്കിടാറുണ്ട്. നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മുന്നിലുള്ള ചില ചോദ്യങ്ങൾ ഇവയായിരിക്കണം; ഞാൻ യഥാർത്ഥത്തിൽ പുതിയ ഒരു ലോകം പ്രതീക്ഷിക്കുന്നുണ്ടോ? എന്നിൽ മാറ്റങ്ങൾ വരണമെന്ന് ഞാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? സ്വാതന്ത്ര്യം ഞാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നിൽ പ്രത്യാശ ഇനിയും അവശേഷിക്കുന്നുണ്ടോ? സ്വപ്‌നങ്ങൾ കാണാൻ എനിക്ക് സാധിക്കുന്നുണ്ടോ? ദൈവത്തോളമെത്തുന്ന വേദനയുടെ നിലവിളി എന്നിൽ നിന്ന് ഉയരുന്നുണ്ടോ? അതോ പാപത്തിന്റെ ചെളിക്കുണ്ടിൽ, അടിമത്തത്തിന്റെ ഈജിപ്തിൽ, എന്നെത്തന്നെ തളച്ചിടുകയാണോ ഞാൻ? നിന്നെക്കൂടാതെ നിന്നെ സൃഷ്‌ടിച്ച ദൈവത്തിന് പക്ഷെ നിന്നെക്കൂടാതെ നിന്നെ രക്ഷിക്കാനാകില്ലെന്ന് വിശുദ്ധ അഗസ്തീനോസ് പറഞ്ഞത് ഇവിടെ നമുക്കോർക്കാം (Sermon CLXIX, 13).
പരിവർത്തനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നോമ്പുകാലം
ദൈവത്തിന് ഇനിയും നമ്മെ മടുത്തിട്ടില്ല എന്ന സത്യം നാം എപ്പോഴും ഓർത്തിരിക്കേണ്ട ഒന്നാണ്. ഇസ്രായേൽ ജനതയോട് പറഞ്ഞതുപോലെ, നിന്നെ സ്വാതന്ത്രനാക്കുന്ന ദൈവമാണെന്ന് പറഞ്ഞുകൊണ്ട് അവൻ നമുക്ക് മുന്നിലുണ്ട് (പുറപ്പാട് 20, 2). നോമ്പുകാലം പരിവർത്തനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമയമാണ്. നാൽപ്പത് ദിനങ്ങൾ മരുഭൂമിയിലായിരുന്ന യേശുവിനെയാണ് നോമ്പുകാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷവായനയിൽ നാം അനുസ്മരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ദിനങ്ങളിൽ യേശു നമുക്ക് മുന്നിൽ, നമ്മോടൊപ്പമുണ്ട്. ഈജിപ്തിലെ ഫറവോനെപ്പോലെ അടിമകളായല്ല, മക്കളായാണ് ദൈവം നമ്മെ കണക്കാക്കുന്നത്. മരുഭൂമിയുടെ കാഠിന്യത്തിൽ, ദൈവത്തോട് മറുതലിച്ചുവെങ്കിലും, അടിമത്തത്തിന്റെ ഈജിപ്തിനെ മനസ്സിൽ സൂക്ഷിച്ചുവെങ്കിലും, ദൈവസഹായത്താൽ വാഗ്ദത്തനാട്ടിലേക്ക് നടന്നടുക്കാൻ സാധിച്ച ഇസ്രായേൽ ജനത്തെപ്പോലെ, പരിവർത്തനത്തിലൂടെ, പാപത്തിന്റെ അടിമത്തത്തിൽനിന്നും, തിന്മകളിൽനിന്നും അകന്നുമാറി, സ്വാതന്ത്ര്യത്തിലേക്ക്, ദൈവസ്നേഹത്തിലേക്ക് തിരികെവരാൻ വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള ഒരു സമയമാണിത്.
പ്രലോഭനങ്ങളും പ്രതിരോധവും
മരുഭൂമിയിൽ ഇസ്രയേലും യേശുവും ഒക്കെ കടന്നുപോകുന്ന പ്രലോഭനങ്ങൾ പോലെ ജീവിതത്തിൽ, പ്രത്യേകിച്ച് വിശുദ്ധമായ നോമ്പുകാലത്ത് നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളെക്കുറിച്ച് നാം അവബോധമുള്ളവരായിരിക്കണം. പ്രതിരോധത്തിന്റെയും ആത്മീയയുദ്ധത്തിന്റെയും ഒരു സമയമാണിത്. എന്നാൽ ദൈവത്താൽ സ്നേഹിക്കപ്പെടുന്ന, രക്ഷിക്കപ്പെട്ട ഒരു ജനതയാണ് നാമെന്ന് മറന്നുപോകാതെ വേണം നാം ജീവിക്കേണ്ടത്. ജ്ഞാനസ്നാനവേളയിൽ യേശുവിനോട് പിതാവായ ദൈവം പറയുന്ന വാക്കുകൾ നാമോർക്കേണ്ടതുണ്ട്. "നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (മർക്കോസ് 1, 11). "ഞാനല്ലാതെ വേറൊരു ദൈവം നിനക്കുണ്ടാകരുത്" (പുറ. 20, 3) എന്ന് ഉൽപ്പത്തിപുസ്തകത്തിൽ ദൈവം ഇസ്രായേൽ ജനത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇവ രണ്ടിനും എതിരാണ് പിശാചിന്റെ പ്രലോഭനങ്ങൾ. ദൈവം നമ്മെ സ്നേഹിക്കുന്നില്ലെന്ന് ചിന്തിക്കാൻ, അധികാരത്തിനും, അപ്പത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി ദൈവത്തിൽനിന്ന് അകന്ന്, ദൈവത്തെ ഉപേക്ഷിച്ച് ജീവിക്കാമെന്ന് അവൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെക്കാൾ പ്രധാനപ്പെട്ടവരാകാൻ, എല്ലാവരേക്കാളും കൂടുതൽ സ്വന്തമാക്കാൻ, തന്നെത്തന്നെ ഏറ്റവും വലിയവനായി കാണാൻ, ധനത്തോടും, ചില ലക്ഷ്യങ്ങളോടും, വ്യക്തികളോടും ഒക്കെ അമിതമായ താല്പര്യം തോന്നാൻ, അങ്ങനെ പ്രലോഭനങ്ങൾ ഏറെയാണ്.
നോമ്പുകാലം നമ്മുടെ ഓട്ടങ്ങൾ ഒക്കെ ഒന്ന് പതുക്കെയാക്കി, ഒരൽപ്പസമയം നിന്ന്, പ്രാർത്ഥിക്കാനും, ദൈവവചനം വായിക്കാനും, അതുവഴി ദൈവത്തെയും, ദൈവഹിതത്തെയും അടുത്തറിയാനുള്ള, വചനം ഹൃദയത്തിൽ സ്വീകരിച്ച്, അതനുസരിച്ച് ജീവിക്കാനും ഒക്കെയുള്ള സമയമാണ്. സുവിശേഷത്തിലെ ഉപമയിലെന്നപോലെ, നമ്മുടെ ചുറ്റുമുള്ള മുറിവേറ്റ സഹോദരങ്ങൾക്ക് നല്ല സമരിയക്കാരനായി മാറാനുള്ള സമയമാണ്. ഇവിടെ, ദൈവത്തോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവുമൊക്കെ ഒരുമിച്ച് പോകുന്ന ഒന്നാണ് എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകമായി ഓർമ്മിപ്പിക്കുന്നുണ്ട്. മറ്റു ബിംബങ്ങളെയും, ആരാധനാപാത്രങ്ങളെയും ദൈവങ്ങളെയും മുന്നിൽ നിറുത്താതെ, ഇസ്രയേലിന്റെ ദൈവത്തെ മുന്നിൽ കാണാനുള്ള ഒരു സമയമാണിത്. വചനം മാംസമായ ക്രിസ്തുവിന്റെ മുന്നിൽ ധ്യാനനിമഗ്നരായിരിക്കാൻ നമുക്ക് സാധിക്കണം. പ്രാർത്ഥന, ദാനധർമ്മം, ഉപവാസം, തുടങ്ങിയ പ്രവർത്തികൾ ജീവിതത്തോട് ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ കഴിയണം. നോമ്പുകാലത്ത്, എപ്പോഴുമുള്ള നമ്മുടെ ധൃതി പിടിച്ച ജീവിതശൈലിയിൽനിന്ന് ഒരൽപം മാറി, ദൈവത്തിന് മുൻപിൽ പ്രാർത്ഥനയിൽ ആയിരിക്കുന്നതിലൂടെ ജീവിതത്തിലേക്ക് കൂടുതൽ നവമായ ഊർജ്ജം ശേഖരിക്കുവാൻ നമുക്ക് സാധിക്കും. അവനുമുൻപിൽ നാമൊക്കെ സഹോദരീസഹോദരന്മാരാണെന്ന് തിരിച്ചറിയാൻ സാധിക്കണം.
ഒരുമിച്ച് വളരാനും പരസ്പരം കണ്ടെത്താനുമുള്ള സമയം
നോമ്പുകാലം ഒരുമിച്ച് വളരാനുള്ള ഒരു സമയമാണ്. ജീവിതത്തെ കുറച്ചുകൂടി തുറന്ന മനോഭാവത്തോടെ കാണാൻ പരിശ്രമിക്കേണ്ട ഒരു സമയം. സഭയിൽ കുറച്ചുനാളുകളായി നാം സിനഡാലിറ്റിയെക്കുറിച്ച് പറയാറുണ്ട്. ഒരുമിച്ച്, ഒരുമയോടെ, എല്ലാവർക്കും വേണ്ടി ഒക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇതുവഴി നാം ലക്ഷ്യമാക്കേണ്ടത്. നമ്മുടെ തീരുമാനങ്ങൾ വ്യക്തിപരമായ നേട്ടങ്ങളെക്കാൾ, പൊതുവായ നന്മയെ ലക്ഷ്യമാക്കിയുള്ളതാക്കാൻ നോമ്പുകാലം നമ്മെ സഹായിക്കണം. പ്രകൃതിയെയും, ഭൂമിയെയും, സഹോദരങ്ങളെയും ഒക്കെ മുന്നിൽ കണ്ടുള്ള തീരുമാനങ്ങൾ എടുക്കാൻ പഠിക്കണം. മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളാൻ, പ്രത്യേകിച്ച് സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെയും, സമൂഹം വിലകുറഞ്ഞവരായി മാറ്റിനിറുത്തിയവരെയുമൊക്കെ ചേർത്തുനിറുത്താനുള്ള ഒരു സമയമായിരിക്കണം ഇത്.
തന്റെ സന്ദേശത്തിന്റെ അവസാനഭാഗത്തായി പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. നോമ്പുകാലം നമ്മെ വിഷാദസ്വഭാവികളാക്കി മാറ്റാൻ അനുവദിക്കരുത് എന്നതാണ് അത്. പ്രാർത്ഥന, ഉപവാസം, ധ്യാനം എന്നൊക്കെയുള്ള പ്രവർത്തികൾ ഒരിക്കലും ദുഃഖത്തിലേക്കും, നിരാശയിലേക്കും, വിഷാദമനോഭാവത്തിലേക്കുമല്ല നമ്മെ നയിക്കേണ്ടത്, മറിച്ച് ദൈവത്തോടൊത്തായിരിക്കുന്നതിലും, സ്വാതന്ത്ര്യത്തിലേക്കും നന്മയിലേക്കും വളരുന്നതിലും ഉള്ള സന്തോഷവുമാണ് നോമ്പുകാലവും, പ്രാർത്ഥനയും ധ്യാനവുമൊക്കെ നമ്മിലുണ്ടാക്കേണ്ടത്. പുതിയ പ്രതീക്ഷകളുടെ സമയമായി നോമ്പുകാലത്തെ മാറ്റാൻ നമുക്ക് സാധിക്കണം.
ഉപസംഹാരം
നമ്മുടെ മരുഭൂമിയനുഭവങ്ങളെ, ഇസ്രായേൽ ജനത്തെപ്പോലെ വാഗ്ദത്തനാടിനെയും, ദൈവസ്നേഹത്തെയും സാന്നിദ്ധ്യത്തെയുമൊക്കെ സ്വപ്നം കാണാനും കൈയ്യെത്തിപ്പിടിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റാനുള്ള ക്ഷണമാണ് ഫ്രാൻസിസ് പാപ്പായുടെ നോമ്പുകാലസന്ദേശം. സ്വാതന്ത്ര്യത്തിലേക്ക് നമ്മെ വിളിക്കുന്ന ദൈവത്തെ തിരിച്ചറിയാനുള്ള സമയം. അടിമത്തത്തിന്റെ, പാപത്തിന്റെ, പ്രലോഭനങ്ങളുടെ, വീഴ്ചകളുടെ ഈജിപ്തിനെ മറന്നുപേക്ഷിച്ച് ആധ്യാത്മികജീവിതത്തിൽ വളരാനുള്ള സമയം. നമ്മുടെ കുറവുകളെ തിരിച്ചറിയാനും, സഹായത്തിനായി നിലവിളിക്കാനുമുള്ള സമയം. മുറിവേറ്റ, വേദനയനുഭവിക്കുന്ന, ആരോരുമില്ലാത്ത, അവഗണിക്കപ്പെട്ട, കഴിവുകളും ഭംഗിയുമൊന്നുമില്ലാത്ത ജീവിതങ്ങൾക്ക് മുന്നിൽ മറ്റൊരു നല്ല സമരിയക്കാരനാകാനുള്ള ഒരു അവസരമാണ് നോമ്പുകാലത്തിന്റെ ദിനങ്ങൾ. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരാണ് നാമെന്ന് തിരിച്ചറിയാനും, ലോകത്തേക്കാളും, നമ്മുടെ ലൗകിക ആഗ്രഹങ്ങളെക്കാളും ഉപരിയായി ദൈവത്തെ സ്നേഹിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ കുറച്ചുകൂടി ഉൾക്കൊള്ളാനും, പൊതുനന്മയെ ലക്ഷ്യമാക്കി ജീവിക്കാനും തീരുമാനങ്ങളെടുക്കാനും, നമ്മുടെ പൊതുഭവനമായ ഈ ഭൂമിയെ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ഇടമാക്കി മാറ്റാനും നമുക്ക് സാധിക്കണം. ഏറ്റവും ഉപരിയായി, യേശുവിനെപ്പോലെ, നോമ്പുകാലമെന്ന മരുഭൂമിയിലെ പ്രാർത്ഥനയുടെയും പ്രലോഭനങ്ങളുടെയും ദിനങ്ങൾക്കപ്പുറം, ശക്തമായ വിശ്വാസത്തോടെ, പരിശുദ്ധാത്മാവിന്റെ കൃപയിൽ വളർന്ന്, സുവിശേഷത്തിന്റെ സാക്ഷ്യം വഹിക്കുന്ന, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം ജീവിക്കുകയും അറിയിക്കുകയും ചെയ്യുന്ന നല്ല ക്രൈസ്തവരായി മാറാൻ നമുക്ക് പരിശ്രമിക്കാം. നോമ്പിന്റെ നോവ്, സ്വർഗ്ഗത്തിന്റെ മാധുര്യത്തിലേക്കും ആനന്ദത്തിലേക്കും നമ്മെ കൂടുതൽ അടുപ്പിക്കട്ടെ. മാംസമായിത്തീർന്ന വചനത്തിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം നമ്മുടെ ഈ നോമ്പുകാലയാത്രയിൽ തന്റെ പ്രാർത്ഥനകളാലും സാമീപ്യത്താലും നമ്മെ ശക്തരാക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: