മാനവ സാഹോദര്യത്തിനായുള്ള സയെദ് അവാർഡ് ജേതാക്കളോടൊപ്പം പാപ്പാ. മാനവ സാഹോദര്യത്തിനായുള്ള സയെദ് അവാർഡ് ജേതാക്കളോടൊപ്പം പാപ്പാ.  (Vatican Media)

പാപ്പാ: പിതാവായ ദൈവത്തോടുള്ള തുറവില്ലാതെ സാഹോദര്യത്തിന് ദൃഢമായ അടിത്തറയില്ല

മാനവ സാഹോദര്യത്തിനായുള്ള സയെദ് അവാർഡ് ദാന ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാനവ സാഹോദര്യത്തിന്റെ പ്രമാണം ഒപ്പുവച്ചതിന്റെ  അഞ്ചാമത് വാർഷികം കൂടി അടയാളപ്പെടുത്തുന്ന 2024 ലെ അന്തർദ്ദേശീയ മാനവ സാഹോദര്യ ദിനത്തിൽ അവാർഡ് സമിതിയുടെ സെക്രട്ടറി ജനറലായ മുഹമ്മദ് അബ്ദൽസലാമിനും സമ്മേളനത്തിൽ സന്നിഹിതരായവർക്കും അഭിവാദനം അർപ്പിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

അഞ്ച് കൊല്ലം മുമ്പാരംഭിച്ച ഈ സംവാദത്തിന്റെ  യാത്രയും, സൗഹൃദവും, പരസ്പര ബഹുമാനവും തുടരുന്നതും ഫലം നൽകുന്നതും കാണുന്നതിലുള്ള സന്തോഷം പരിശുദ്ധ പിതാവ്  പങ്കുവച്ചു. സ്വർഗ്ഗസ്ഥനായ നമ്മുടെ ഏക പിതാവിന്റെ മക്കളും സഹോദരീ സഹോദരന്മാരെന്ന നിലയിൽ പരസ്പരം ബന്ധുക്കളുമെന്ന സത്യത്തിൽ അധിഷ്ഠിതമായ സഹോദര്യത്തിന്റെയും സാമൂഹിക കൂട്ടായ്മയുടേയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന പിന്തുണയ്ക്ക് അൽ- അസ്സാറിലെ വലിയ ഇമാമായ അഹമ്മദ് അൽ- തയീബിനോടും യു.എ.ഇ യുടെ പ്രസിഡണ്ടായ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും ഫ്രാൻസിസ് പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.

ഈ വർഷത്തെ അവാർഡിന് അർഹരായ ഇന്ത്യോനേഷ്യയിലെ നഹ്ദ്ലാതും ഉലാമാ മുഹമ്മദിയാ സംഘടനകൾക്കും, ഈജിപ്തിൽ നിന്നുള്ള ഡോ. മഗ്ദി യാക്കൂബ്, ചിലിയിൽ നിന്നുള്ള സി. നെല്ലി ലെയോൺ എന്നിവർക്ക് പാപ്പാ അഭിനന്ദനങ്ങൾ അർപ്പിച്ചു. വളരെയധികം ആളുകളിൽ നിന്നാണ് ഈ മൂന്നു പേർ തിരഞ്ഞെടുക്കെപ്പെട്ടത് എന്നതും ഈ ദിനം ആഘോഷിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന മൂല്യങ്ങൾ മനുഷ്യകുടുംബം മുഴുവനും പ്രതിധ്വനിക്കുന്നു എന്നതിന്റെ മറ്റൊരടയാളമാണ് എന്ന് പാപ്പാ സൂചിപ്പിച്ചു.

സാഹോദര്യ ഐക്യദാർഢ്യത്തിന്റെ പ്രതിഫലനങ്ങളുടെ കുറവ് എല്ലായിടത്തും അനുഭവവേദ്യമാകുന്നതും, പാരിസ്ഥികമായ നാശത്തിന്റെയും,സാമൂഹിക അധ:പതനത്തിന്റെയും തിക്തഫലങ്ങൾ ലോകം മുഴുവനും ധാരാളം ദുരിതങ്ങൾ വരുത്തി വയ്ക്കുന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. അനീതിയുടെയും വെറുപ്പിന്റെയും യുദ്ധത്തിന്റെയും കറുത്ത നിഴലുകളിലൂടെ സ്നേഹാർദ്രമായ സഹിഷ്ണുതയുടേയും, ദരിദ്രരുടേയും രോഗികളുടേയും പ്രത്യേകിച്ച് കുട്ടികളുടെ  നേർക്കുള്ള കരുതലിന്റെയും, തടവുകാരുടെ സമൂഹത്തിലുള്ള പുനരധിവാസത്തിന്റെയും പ്രവർത്തനങ്ങളാൽ തെളിച്ചമാർന്ന ഒരു ലോക സമൂഹത്തിലേക്ക് നയിച്ചവരാണ്  ഈ അവാർഡ് ജേതാക്കൾ. അവരുടെ തനതായ രീതിയിൽ അവർ ഉന്നതമായ സാമൂഹിക ഐക്യദാർഢ്യത്തിനും സാഹോദര്യ സ്നേഹത്തിനും വെളിച്ചം പകരുന്നു.

വ്യക്തിപരവും മാനുഷികവുമായ ശ്രമങ്ങൾ കൊണ്ടുമാത്രം ഈ യാത്ര മുന്നോട്ടു പോകില്ല എന്നും സകലരുടേയും പിതാവായ ദൈവത്തോടുള്ള തുറവില്ലാതെ സാഹോദര്യത്തിന് ദൃഢമായ അടിത്തറയില്ലെന്നും, ബുദ്ധി കൊണ്ട് സാമൂഹിക സഹവാസത്തിനാവശ്യമായ മനുഷ്യരുടെ സമത്വത്തെ മനസ്സിലാക്കാമെങ്കിലും സാഹോദര്യം സ്ഥാപിക്കാ൯ അതിനാവില്ല എന്നും പ്രത്തെല്ലി തൂത്തി  ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. അവാർഡ് ജേതാക്കളുടെ നന്മ പ്രവർത്തികളും അവരെ അതിന് പ്രേരിപ്പിച്ച മതബോധ്യങ്ങളും വിശ്വാസങ്ങളും ഹൃദയവിശാലതയും ഈ അന്തർദേശിയ ദിനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രചോദനമാകട്ടെ എന്നതാണ് തന്റെ പ്രാർത്ഥന എന്നും പാപ്പാ അറിയിച്ചു. സയെദ് അവാർഡുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിവാദങ്ങളും സഹനങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും പ്രാർത്ഥനാപൂർവ്വമായ ആശംസകളും നേർന്ന് ദൈവാനുഗ്രഹം പ്രാർത്ഥിച്ചു കൊണ്ടുമാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2024, 14:15