കുരിശുവരത്തിരുനാൾ ദിനത്തിലെ വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ കുരിശുവരത്തിരുനാൾ ദിനത്തിലെ വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ  (Vatican Media)

ബാഹ്യമോടികൾ അഴിച്ചുമാറ്റി നമ്മെത്തന്നെ കണ്ടെത്താനുള്ള സമയമാണ് നോമ്പുകാലം: ഫ്രാൻസിസ് പാപ്പാ

ബാഹ്യമോടികളും, നമ്മെത്തന്നെ മറ്റുള്ളവരുടെ മുന്നിൽ നല്ലവരായി കാട്ടാൻ നാമണിയുന്ന പൊയ്‌മുഖങ്ങളും അഴിച്ചുമാറ്റി, നമ്മുടെ യഥാർത്ഥ മുഖം തിരിച്ചറിയാനും, ദൈവത്തിലേക്ക് തിരികെ വരാനുമുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാൻസിസ് പാപ്പാ. റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്കയിൽ, വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14 ബുധനാഴ്ച അർപ്പിച്ച വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ്, ബാഹ്യമായവയ്ക്ക് നൽകുന്ന ശ്രദ്ധയേക്കാൾ നമ്മുടെ ഉള്ളവും നമ്മെത്തന്നേയും തിരിച്ചറിയുന്നതിനായി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാം ആയിരിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടവരായി മറ്റുള്ളവരുടെ മുന്നിൽ നമ്മെത്തന്നെ അവതരിപ്പിക്കാനായി നാമണിയുന്ന ചമയങ്ങൾ കഴുകിക്കളയാനുള്ള സമയമാണ് നോമ്പുകാലമെന്ന് പാപ്പാ. വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്കയിൽ, ഫെബ്രുവരി 14 ബുധനാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധബലിമദ്ധ്യേ പ്രസംഗിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ജോയേൽ പ്രവാചകന്റെ പുസ്തകം രണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യം പരാമർശിച്ചുകൊണ്ട്, ഹൃദയത്തിലേക്കുള്ള, ഉള്ളിലേക്കുള്ള ഒരു തിരിച്ചുപോക്കിനെക്കുറിച്ച് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത് ആന്തരികമായ ശുദ്ധീകരണത്തിന്റെയും, അനാവശ്യമായവയെ ഒഴിവാക്കലിന്റെയും സമയമാണ്.

ജീവിതമെന്നാൽ നാട്യമല്ലെന്നും, അഭിനയത്തിന്റെ നടനവേദികളിൽനിന്നും താഴേക്കിറങ്ങി മനസ്സിന്റെ ഉള്ളിലേക്ക് തിരികെപ്പോകാനും, നാമാകുന്ന സത്യത്തെ തിരിച്ചറിയാനുമുള്ള സമയമാണിത്. നോമ്പുകാല ആരംഭത്തിൽ ശിരസ്സിൽ അണിയുന്ന ചാരവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്ന പൊടിയാണെന്നും, ഈ സ്നേഹം തിരിച്ചറിയുന്നത് വഴി, നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളെ സ്നേഹിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം നാം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടാണ് നാം ശിരസ്സിൽ ചാരം സ്വീകരിക്കുന്നത്. നാം പൊടിയാണെന്നും, നമ്മുടെ ജീവിതം ഒരു ശ്വാസം മാത്രമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. ദൈവമാണ് നമ്മെ മരണത്തിന്റെ ആഴങ്ങളിൽപ്പെടാതെ ഒരുമിച്ച് ചേർത്തുനിറുത്തുന്നത്.

ശിരസ്സിൽ ചാരം സ്വീകരിക്കുവാനായി ശിരസ്സുകുനിക്കുന്ന നാം ഉള്ളിലേക്ക് നോക്കുകയും, നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ സാന്നിദ്ധ്യം ഉള്ളിൽ തിരിച്ചറിയുകയും വേണം. നിത്യമായ സ്നേഹത്താലാണ് നാം സ്നേഹിക്കപ്പെടുന്നത്. ദൈവകരങ്ങളാണ് നമ്മെ മെനഞ്ഞെടുത്തത്. ദൈവസ്നേഹം നാമാകുന്ന ചാരത്തിൽ ഉണ്ടെങ്കിൽ, നമ്മുടെ അടുത്തുള്ള സഹോദരീസഹോദരന്മാരെ നമുക്ക് സ്നേഹിക്കാതിരിക്കാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് മറ്റുള്ളവരോട് കരുണയോടും, കാരുണ്യത്തോടും, പങ്കുവയ്ക്കലിന്റെ മനോഭാവത്തോടും കൂടി ജീവിക്കുന്നതിന്റെ ഭാഗമാണ്. ഉപവിപ്രവർത്തനങ്ങളും, പ്രാർത്ഥനയും, ഉപവാസവും ബാഹ്യമായ പ്രവൃത്തികളിൽ ഒതുങ്ങി നിൽക്കാതെ, നമ്മെ നമ്മുടെ ഉള്ളിലേക്ക്, ക്രൈസ്തവജീവിതത്തിന്റെ സത്വത്തിലേക്ക് തിരികെ കൊണ്ടുപോകണം. ദൈവത്താൽ സ്‌നേഹിക്കപ്പെടുന്ന ചാരമാണ് നാമെന്നും, നമുക്ക് ചുറ്റും അതേ സ്നേഹം വിതറാൻ നമുക്ക് കഴിയണമെന്നും നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഈ നോമ്പുകാലത്ത്, നാമാകുന്ന രഹസ്യത്തിലേക്ക് പ്രവേശിക്കാൻ, ഹൃദയത്തിലേക്ക് തിരികെപ്പോകാൻ നമ്മോട് ആഹ്വാനം ചെയ്യുന്ന കർത്താവിന്റെ സ്വരം കേൾക്കാൻ നമുക്ക് പരിശ്രമിക്കാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരാൽ കാണപ്പെടാനും, സ്വീകാര്യരാകാനും, അഭിനന്ദിക്കപ്പെടാനും, സാമൂഹ്യപ്രാധാന്യം നേടാനുമുള്ള നമ്മുടെ മോഹങ്ങളെ മാറ്റിനിറുത്തി, നമ്മിലേക്ക് തന്നെ, നമ്മുടെ ഹൃദയത്തിലേക്ക് തിരികെപ്പോകേണ്ടതുണ്ട്. ദൈവം താഴേക്കിറങ്ങി വന്നത് നമ്മെ സൗഖ്യപ്പെടുത്താനും ശുദ്ധീകരിക്കാനുമാണ്.

ഈ നോമ്പുകാലത്ത് പ്രാർത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്‌ക്കും നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇന്ന് സമൂഹത്തിന് ആരാധനയുടേതായ ഭാവം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. ദൈവസ്വരം കേൾക്കാൻ നമ്മുടെ ഹൃദയത്തിന്റെ കാതുകൾ കൂർപ്പിക്കാമെന്നും, ഞാനാണ്, കാരുണ്യവാനും സഹാനുഭൂതി നിറഞ്ഞവനുമായ നിന്റെ ദൈവമെന്ന സ്വരം കേൾക്കാമെന്നും പാപ്പാ പറഞ്ഞു. ലൗകികവും ബാഹ്യവുമായവയെ അഴിച്ചുമാറ്റി ഹൃദയത്തിലേക്ക്, അവശ്യമായവയിലേക്ക് തിരികെപ്പോകാൻ പരിശ്രമിക്കാമെന്ന് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ഉദാഹരണം അവതരിപ്പിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാം ഉപേക്ഷിക്കുന്നിടത്താണ് ഏവരുടെയും പിതാവായ ദൈവത്തെ ഫ്രാൻസിസ് അടുത്തറിയുന്നത്. ദൈവത്താൽ സ്നേഹിക്കപ്പെടുന്ന, ദൈവത്തെ സ്നേഹിക്കുന്ന പൊടിയാണ് നാമെന്നും ക്രിസ്തുവിലും പരിശുദ്ധാത്മാവിലുമുള്ള പുതുജീവിതത്തിലേക്ക് വീണ്ടും ജനിക്കാമെന്നുമുള്ള ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2024, 15:28