കഴിഞ്ഞ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (Vatican Media)

ആരോഗ്യപരിശോധനകൾക്കായി ഫ്രാൻസിസ് പാപ്പാ ആശുപത്രിയിൽ

കഴിഞ്ഞ ദിവസങ്ങളിൽ പനി മൂലം പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്ന ഫ്രാൻസിസ് പാപ്പാ, ആരോഗ്യപരിശോധനകൾക്കായി ഫെബ്രുവരി 28 ബുധനാഴ്ച റോമിലെ ടൈബർ ദ്വീപിലെത്തി. പരിശോധനകൾക്ക് ശേഷം പാപ്പാ തിരികെ വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ തിരികെ പ്രവേശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാനിൽ ഫെബ്രുവരി 28 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷം ചില ആരോഗ്യനിർണ്ണയപരിശോധനകൾക്കായി ഫ്രാൻസിസ് പാപ്പാ ടൈബർ ദ്വീപിലുള്ള ജെമെല്ലി ആശുപത്രിയിൽ എത്തിയെന്നും, തുടർന്ന് തിരികെ വത്തിക്കാനിൽ പ്രവേശിച്ചുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ടെലെഗ്രാം സാമൂഹ്യമാധ്യമത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഈ വിവരം വത്തിക്കാൻ പുറത്തുവിട്ടത്.

പനി മൂലം കഴിഞ്ഞ ദിവസങ്ങളിൽ പാപ്പായുടെ ചില കൂടിക്കാഴ്ചകൾ റദ്ദാക്കിയതായി വത്തിക്കാൻ പത്രം ഓഫീസ് അറിയിച്ചിരുന്നു. ഫെബ്രുവരി 25 ഞായറാഴ്ച ഉച്ചയ്ക്ക് പാപ്പാ, വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുപോലെ നടത്തിവന്നിരുന്ന ത്രികാലജപ പ്രാർത്ഥന നയിച്ചിരുന്നു.

ഫെബ്രുവരി 28 ബുധനാഴ്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിനെത്തിയ പാപ്പാ, തനിക്ക് ജലദോഷമുണ്ടെന്ന് അറിയിക്കുകയും, മുൻകൂട്ടി തയ്യാറാക്കിയ പ്രഭാഷണം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സേവനമനുഷ്‌ഠിക്കുന്ന ഇറ്റാലിയൻ വൈദികൻ മോൺസിഞ്ഞോർ ഫിലിപ്പോ ചമ്പനെല്ലിയെക്കൊണ്ട് വായിപ്പിക്കുകയുമായിരുന്നു.

ഇതേദിവസം രാവിലെ അർമേനിയൻ പാത്രിയാർക്കൽ സഭയിലെ സിനഡ് അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിലും മോൺസിഞ്ഞോർ ഫിലിപ്പോ ചമ്പനെല്ലിയായിരുന്നു പാപ്പായ്ക്കുവേണ്ടി സന്ദേശം വായിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2024, 15:18