അർമേനിയൻ പൗരസ്ത്യ  കത്തോലിക്കാ സഭാ സിനഡുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ  അർമേനിയൻ പൗരസ്ത്യ കത്തോലിക്കാ സഭാ സിനഡുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ   (Vatican Media)

മെത്രാന്മാർ ദൈവജനത്തെ ക്രിസ്തുവിലേക്ക് നയിക്കണം: പാപ്പാ

അർമേനിയൻ പാത്രിയാർക്കൽ സഭാ സിനഡിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അർമേനിയൻ പാത്രിയാർക്കൽ സഭാ സിനഡിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും കബറിടം സ്ഥിതിചെയ്യുന്ന റോമിലേക്ക് സന്തോഷപൂർവം സിനഡ് അംഗങ്ങളെ സ്വാഗതം ചെയ്തു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. അപ്പസ്തോലന്മാരുടെ പിന്തുടർച്ചക്കാരെന്ന നിലയിൽ മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ഏറ്റവും വലിയ കടമ ദൈവജനത്തെ ക്രിസ്തുവിലേക്ക് നയിക്കുക എന്നതാണെന്ന് പാപ്പാ അടിവരയിട്ടു.

ഭാവിയിലേക്ക് സഭയെ നയിക്കുവാൻ വേണ്ടി പുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുവാൻ സിനഡ് സമ്മേളിക്കുമ്പോൾ , വളരെ ശ്രദ്ധാപൂർവം ആ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവർ അജഗണങ്ങളോട് ചേർന്ന് നിൽക്കുന്നവരും, അജപാലനകാര്യങ്ങളിൽ വിശ്വസ്തത പുലർത്തുന്നവരും, ഒരിക്കലും സ്വന്തം താത്പര്യങ്ങൾക്ക് പ്രധാന്യം കല്പിക്കാത്തവരും ആയിരിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. പണത്തിനോട് മാത്രം അമിതമായ ആവേശവും, ഉത്സാഹവും കാണിക്കുന്നവരെ തിരഞ്ഞെടുക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാകാതെ, സ്ഥാനക്കയറ്റങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും, അവർ അജപാലന വ്യഭിചാരമാണ് നടത്തുന്നതെന്നും ശക്തമായ ഭാഷയിൽ പാപ്പാ പറഞ്ഞു. മറിച്ച് ഒരു മെത്രാനിൽ നിന്നും, പിതാവിനടുത്ത പരിചരണവും, സഹോദരനടുത്ത സന്തോഷവും, ദൈവീകകരുണയുമാണ് ജനം പ്രതീക്ഷിക്കുന്നത്. അതിനാൽ അജഗണത്തോട് ചേർന്നുനിൽക്കുന്ന മെത്രാന്മാരെയാണ് ആവശ്യമെന്നും പാപ്പാ പറഞ്ഞു.

ഈ നോമ്പുകാലത്ത് കുരിശിലേക്ക് നോക്കണമെന്നും, നമ്മെ വെറുക്കുന്നവരെ പോലും വിശുദ്ധിയിലേക്ക് നയിക്കണമെന്നും  നരേക്കിലെ വിശുദ്ധ  ഗ്രിഗറിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പാപ്പാ അടിവരയിട്ടു പറഞ്ഞു. എണ്ണത്തിൽ കുറവാണെങ്കിലും, അർമേനിയൻ സഭയുടെ പ്രാധാന്യവും പാപ്പാ പറഞ്ഞു. അതിനാൽ സഭയുടെ നന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും, സഭയുടെ ഐക്യത്തിനായും, കെട്ടുറപ്പിനായും പ്രയത്നിക്കണമെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

ഭൗതീകമായ നേട്ടങ്ങൾക്കായി മനുഷ്യൻ നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിൽ ദൈവവിളി സ്വീകരിക്കുന്നവരുടെ പരിശീലനത്തിൽ ശ്രദ്ധ ചെലുത്തണമെന്നും, അവർ ഏറ്റെടുക്കുവാൻ പോകുന്ന ഉത്തരവാദിത്വത്തെ പറ്റി ബോധ്യം ജനിപ്പിക്കുംവിധം പരിശീലനം നടത്തണമെന്നും പാപ്പാ പറഞ്ഞു.അർമേനിയൻ സഭയുടെ എല്ലാ സേവനങ്ങൾക്കും നന്ദി പറഞ്ഞ പാപ്പാ സമാധാനത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 February 2024, 12:40