ഫ്രാൻസിസ് പാപ്പാ, വിഭൂതി ബുധനാഴ്ചയിലെ ചടങ്ങുകളിൽനിന്നുള്ള ദൃശ്യം ഫ്രാൻസിസ് പാപ്പാ, വിഭൂതി ബുധനാഴ്ചയിലെ ചടങ്ങുകളിൽനിന്നുള്ള ദൃശ്യം 

മരുഭൂമിയിലൂടെയും ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ

നോമ്പുകാലം വിചിന്തനത്തിന്റെയും, മാറ്റങ്ങളുടെയും സമയമെന്നും ഫ്രാൻസിസ് പാപ്പാ. ശാസ്ത്ര, സാംസ്‌കാരിക, നൈയാമിക രംഗങ്ങളിൽ മാനവികത ഏറെ പുരോഗതി നേടിയിട്ടുണ്ടെങ്കിലും സമൂഹത്തിൽ ഇപ്പോഴും അസന്തുലിതാവസ്ഥകൾ നിലനിൽക്കുന്നുവെന്നും പാപ്പാ അപലപിച്ചു. ദൈവത്തെയും സഹോദരങ്ങളെയും ശ്രവിക്കാനുള്ള സമയമാണിതെന്നും സ്വാതന്ത്ര്യത്തിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നതെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നമ്മുടെ ജീവിതത്തിലെ മരുഭൂമിയുടെ അനുഭവങ്ങൾ കൃപയിലേക്കുള്ള യാത്രയായി മാറുമെന്ന് ഫ്രാൻസിസ് പാപ്പാ. സ്വാതന്ത്രത്തിന്റെ സന്ദേശമാണ് ദൈവം മനുഷ്യർക്ക് നൽകുന്നത്. പഴയനിയമത്തിലെ പുറപ്പാട് സംഭവത്തെ പരാമർശിച്ചുകൊണ്ട്, നമ്മുടെ ജീവിതയാത്ര മൂർത്തമായ ഒന്നാണെന്നും, അവിടെ സഹനത്തിന്റെ പാതയിലായിരിക്കുന്നവരെ ശ്രവിക്കാതെ മുന്നോട്ട് പോകരുതെന്നും ഓർമ്മിപ്പിച്ചു. 2024-ലെ വലിയനോമ്പുകാലവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലാണ് പ്രാർത്ഥനയുടെയും, വിചിന്തനത്തിന്റെയും, ദൈവമനുഷ്യസ്നേഹത്തിന്റെയും പ്രാധാന്യതത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ആഗോളവത്കരണത്തിന്റെ പ്രവണതകൾ തുടരുന്ന ഈ ലോകത്ത്, മറ്റുള്ളവരെ അവഗണിച്ചും ഉദാസീനതയോടെയും മുന്നോട്ട് പോകരുതെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ ഭാവിയെ നമ്മിൽനിന്ന് എടുത്തുകളയുന്ന രീതിയിൽ, നമ്മെ വിഭജിച്ചുകൊണ്ടുള്ള ഒരു പുരോഗമനവ്യവസ്ഥയാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് വിളിക്കുമ്പോഴും, നമ്മിൽ അടിമത്തത്തിന്റെയും ഉദാസീനതയുടെയും ചിന്തകൾ അവശേഷിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമായി മാറ്റാനുള്ള പരിശ്രമങ്ങളുടെ പ്രാധാന്യത്തെയും പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

നോമ്പുകാലം, കൃപയുടെയും മനസാന്തരത്തിന്റെയും സമയമാണ്. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ, സ്വാതന്ത്ര്യമാണ് നമ്മുക്ക് മുന്നിൽ പങ്കുവയ്ക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അടിമത്തത്തിൽനിന്നും, മരണത്തിൽനിന്നും പുറത്തുവന്ന് ജീവനിലേക്കു നടക്കാനാണ് ദൈവം നമ്മെ വിളിക്കുന്നത്. മോശയാൽ നയിക്കപ്പെട്ട ഇസ്രായേൽ ജനത്തിന്റേതുപോലെ, നമ്മുടെ മരുഭൂമിയാത്രകൾ, തിരികെ അടിമത്തത്തിലേക്കല്ല, സ്വാതന്ത്ര്യത്തിലേക്കാണ് നമ്മെ നയിക്കേണ്ടത്.

നോമ്പുകാലം, നമ്മുടെ സഹോദരങ്ങളുടെ ദുരവസ്ഥകൾക്കും നിലവിളികൾക്കും മുന്നിൽ പ്രാർത്ഥനയോടെയും സഹായമനസ്ഥിതിയോടെയും ആയിരിക്കാനുള്ള സമയമാണ്. പുതിയ പ്രതീക്ഷയുടെയും കർമ്മോത്സുകതയുടെയും സമയമായി നോമ്പുകാലത്തെ നമുക്ക് കാണാൻ സാധിക്കണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2024, 16:42