സാർവത്രിക സാഹോദര്യമാണ് ക്രൈസ്തവലക്ഷ്യം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ബ്രസീലിലെ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിലും പ്രോത്സാഹനത്തിലും 60 വർഷങ്ങളായി പ്രവർത്തിക്കുന്ന ഐക്യദാർഢ്യ സംരംഭമായ സാഹോദര്യ കൂട്ടായ്മയ്ക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ സാഹോദര്യ കൂട്ടായ്മ പ്രത്യേകമായും നോമ്പുകാലത്താണ് സമ്മേളിക്കുന്നത്. ഓരോ വർഷവും വിവിധങ്ങളായ പ്രമേയങ്ങൾ മുൻനിർത്തിയാണ് സഹോദര്യകൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നോമ്പുകാലത്ത് വിശ്വാസത്തെ ഒന്നിപ്പിക്കുന്ന പരിവർത്തനത്തിന്റെ ഒരു യാത്രയെന്നാണ് ഫ്രാൻസിസ് പാപ്പാ ഈ സാഹോദര്യകൂട്ടായ്മയെ തന്റെ സന്ദേശത്തിൽ വിശേഷിപ്പിച്ചത്. ആത്മീയതയും സാഹോദര്യ പ്രതിബദ്ധതയും, ദൈവത്തോടുള്ള സ്നേഹവും, ദുർബലരോടുള്ള ശ്രദ്ധയുമെല്ലാം ഇഴുകിച്ചേർക്കുന്ന ഈ കൂട്ടായ്മയുടെ മാതൃകയും പാപ്പാ അടിവരയിട്ടു.
ഇത്തവണ, കൂട്ടായ്മ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം: "സാഹോദര്യവും, സാമൂഹിക സൗഹൃദവും എന്നതാണ്". വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം എട്ടാം തിരുവചനത്തിൽ പറയുന്ന, "നിങ്ങൾ എല്ലാവരും സഹോദരന്മാരും സഹോദരിമാരുമാണ്" എന്ന വചനമാണ്, സാഹോദര്യകൂട്ടായ്മയുടെ മുദ്രാവാക്യം. ഈ പ്രമേയത്തിന്റെയും, മുദ്രാവാക്യത്തിന്റെയും ആന്തരികാർത്ഥം ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. പരസ്പരം സഹോദരങ്ങളെന്ന നിലയിൽ, സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ തന്റെ മക്കളായി സ്വീകരിക്കുന്ന സ്വർഗീയകാഴ്ച്ച നമ്മെ യഥാർത്ഥത്തിലുള്ള ഒരു സാർവത്രികസാഹോദര്യം കെട്ടിപ്പടുക്കുവാൻ ഉതകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
എന്നാൽ നമ്മിൽ തന്നെ ഒതുങ്ങിക്കൂടുവാൻ പ്രലോഭിപ്പിക്കുന്ന നിഴലുകൾ ലോകത്തിലുണ്ടെന്ന വസ്തുതയും പാപ്പാ ഓർമ്മിപ്പിച്ചു. ഭൗമിക അതിർത്തികൾ കടന്നുകൊണ്ട് ദൈവീകമായ സ്നേഹം മറ്റുള്ളവരിലേക്കെത്തിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും പാപ്പാ അടിവരയിട്ടു. എല്ലാ ഭിന്നതകളെയും അതിജീവിച്ചുകൊണ്ട് ഈ സാഹോദര്യകൂട്ടായ്മ ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ബ്രസീലിന്റെ മധ്യസ്ഥയായ ഔർ ലേഡി ഓഫ് അപ്പരസിദയുടെ മാധ്യസ്ഥത്തിൽ എല്ലാവരെയും സമർപ്പിച്ചുപ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: