ക്രിസ്തുസാക്ഷ്യത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികൾക്കായി പ്രാർത്ഥിക്കാം: പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവൻ പോലും ത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാൻ ആഹ്വാനം ചെയ്തുകൊണ്ടും പ്രാർത്ഥിക്കുവാൻ ക്ഷണിച്ചുകൊണ്ടും, 2024 മാർച്ചു മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം, വീഡിയോ സന്ദേശം കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സമർപ്പിച്ചു.
ഗ്രീക്ക് ദ്വീപായ ലെസ്ബോയിൽ അഭയാർത്ഥികേന്ദ്രങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. ഈ അനുഭവം ഇന്നത്തെ സഭയുടെ യാഥാർഥ്യം വെളിപ്പെടുത്തുന്നുവെന്നും, അറിയപ്പെടാതെ പോകുന്ന വിശ്വാസത്തിന്റെ സാക്ഷ്യമാണിതെന്നും പാപ്പാ ആമുഖമായി പറഞ്ഞുവച്ചു.
അഭയാർത്ഥിയായി എത്തിയ ഇസ്‌ലാം മതവിശ്വാസിയായ ഒരു വ്യക്തി, ക്രൈസ്തവയായ തന്റെ ഭാര്യയെ പറ്റി പരാമർശിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണ് പാപ്പാ പറഞ്ഞത്. അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി തീവ്രവാദികൾ തങ്ങളുടെ ദേശത്തു എത്തിയപ്പോൾ, തന്റെ ഭാര്യയുടെ കഴുത്തിൽ കിടന്നിരുന്ന ക്രൂശിതരൂപം, നിലത്തെറിയുവാൻ ആവശ്യപ്പെട്ടുവെങ്കിലും അവൾ അത് ചെയ്തില്ല. ഇതിൽ കലിപൂണ്ട തീവ്രവാദികൾ തന്റെ ഭാര്യയെ തന്റെ കണ്മുൻപിൽ വച്ചുതന്നെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി.
തുടർന്ന് പാപ്പാ അടിവരയിട്ടു , "എനിക്കറിയാം, അവനു അവരോടു യാതൊരു പകയും തോന്നി കാണില്ല. കാരണം തന്റെ ഭാര്യയുടെ സ്നേഹത്തിന്റെ മാതൃക അവനെ അതിനോടകം അവനെ കീഴടക്കിയിരുന്നു. മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തയായി ജീവിച്ചുകൊണ്ട്, അവനെ സ്നേഹിച്ച ജീവിത സാക്ഷ്യം."
തുടർന്ന് പാപ്പാ പറയുന്നു, "നാം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നതിന്റെ തെളിവാണ്, ഇന്നും നമുക്കിടയിൽ രക്തസാക്ഷിത്വം വരിക്കുന്നവരുടെ ജീവിതസാക്ഷ്യങ്ങൾ. ക്രൈസ്തവവീകതയുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്ന് ഉണ്ട്.
രക്തസാക്ഷികളുടെ ധൈര്യം, രക്തസാക്ഷികളുടെ സാക്ഷ്യം, എല്ലാവർക്കും അനുഗ്രഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവൻ പോലും ത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: