വിദ്യാഭ്യാസം യുവജനതയെ പൂർണ്ണതയിലേക്ക് നയിക്കണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വടക്കേ അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ നോത്ര് ദാം യൂണിവേഴ്സിറ്റി അതിന്റെ ആരംഭം മുതൽ, യുവജനങ്ങളുടെ ബൗദ്ധികരൂപീകരണത്തിനൊപ്പം സഭയുടെ സുവിശേഷപ്രഘോഷണത്തിനും പ്രാധാന്യം നൽകിയെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവവിദ്യാഭ്യാസമെന്നാൽ യുവജനതയെ അതിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന കലയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എന്നാൽ ഇത് ബൗദ്ധികമായ പൂർണ്ണത നേടുന്നതിൽ അവസാനിക്കുന്നില്ലെന്നും, ഹൃദയം കൊണ്ടും പ്രവർത്തികളിലൂടെയും നേടേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
ബൗദ്ധികമായ രൂപീകരണവുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, വിശ്വാസവും യുക്തിയും തമ്മിലുള്ള പൊരുത്തത്തിന്റെ ആവശ്യം എടുത്തുപറഞ്ഞു. ഈയൊരർത്ഥത്തിൽ, വ്യക്തിപരവും സാമൂഹ്യപരവുമായ ജീവിതത്തിൽ ക്രൈസ്തവസന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം നൽകുന്നവരും നേടുന്നവരും, കത്തോലിക്കാ ബൗദ്ധികപാരമ്പര്യത്തിന്റെ മൂല്യം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. ബൗദ്ധികപാരമ്പര്യത്തിന് പ്രാധാന്യം നൽകുകയെന്നാൽ, വളരുവാൻവേണ്ടി, തുറന്ന മനസ്ഥിതി കാത്തുസൂക്ഷിക്കുക എന്നാണർത്ഥം.
കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ഉദ്ദേശം ബുദ്ധിയെയും മനസ്സിനെയും വളർത്തുക മാത്രമല്ല, ഹൃദയത്തെയും വളരാൻ സഹായിക്കുക എന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സത്യവും, നന്മയും സുന്ദരവുമായ യാഥാർഥ്യത്തിലേക്ക് ഹൃദയം തുറക്കാൻ യുവജനങ്ങളെ സഹായിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് കടമയുണ്ട്. ഇതിനായി അധ്യാപക-വിദ്യാർത്ഥി ബന്ധം ശക്തിപ്പെടേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സ്വപ്‌നങ്ങൾ കാണാനും, വിവിധ സംസ്കാരങ്ങൾ തമ്മിൽ കണ്ടുമുട്ടാനും, വളർച്ചയ്ക്കുപകരിക്കുന്ന സംവാദങ്ങളിൽ ഏർപ്പെടാനും സഹായിക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. മറ്റുള്ളവരെ സഹോദരങ്ങളെയും ദൈവമക്കളായും കാണാൻ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതിനായി, സുവിശേഷത്തിന്റെ സാക്ഷ്യം നൽകുന്നതിനും, വിദ്യാർത്ഥികളെയും അധ്യാപകരെയും ആദ്യതിമികമായി വളരുന്നതിനും നോത്ര് ദാം യൂണിവേഴ്സിറ്റി എടുക്കുന്ന ശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു.
പ്രവൃത്തികളിലുള്ള പൂർണതയിലേക്ക് വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായും, മറ്റുള്ളവരുമായി സമാധാനത്തിലും സാഹോദര്യ ഐക്യത്തിലുമുള്ള സഹവാസത്തിനും ഇത്തരം രൂപീകരണത്തിന് ഏറെ പങ്കുവഹിക്കാനുണ്ടെന്ന് പറഞ്ഞു.നമ്മുടെ സുരക്ഷിതത്വങ്ങളിൽ ഇരിക്കാതെ, സമൂഹത്തിന്റെ അതിർത്തികളിൽ താമസിക്കുന്നവരായ ആളുകളിൽ ക്രിസ്തുവിനെ കണ്ടെത്താനും സേവിക്കാനും ശ്രമിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
നന്മയുടെ ഒരു ശക്തമായ മാർഗ്ഗമായി യുവജനത മാറുന്നതിനായി, യൂണിവേഴ്സിറ്റി സ്ഥാപകനായ ഫാ. എഡ്‌വേഡ് സോറിൻറെ പാതയിൽ, ശക്തവും ദൃഢവുമായ കത്തോലിക്കാവിദ്യാഭ്യാസം നൽകുന്നത് തുടരാൻ യൂണിവേഴ്സിറ്റി സംഘത്തോട് പാപ്പാ ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്നാം തീയതി രാവിലെയാണ് നോത്ര് ദാം യൂണിവേഴ്സിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള ആളുകളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: