സമാധാനത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ബുർക്കീനോ ഫാസോയിലെ കത്തോലിക്കാപള്ളിയിലും, മുസ്ളീം പള്ളിയിലും നടന്ന ഭീകരാക്രമണത്തിൽ തന്റെ ദുഃഖവും, സാമീപ്യവും അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു.
ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച രക്തരൂക്ഷിതമായ അക്രമങ്ങൾ ബുർക്കീനോ ഫാസോയിൽ അരങ്ങേറിയത്. വിശുദ്ധ കുർബാന മധ്യേ എസ്സാകാനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അതോടൊപ്പം കിഴക്കൻ ബുർക്കീനോ ഫാസോയിലെ നാറ്റിയാബോനിയിലെ ഒരു മുസ്ളീം പള്ളിയിലും ഭീകരാക്രമണം നടന്നു. പ്രധാനപ്പെട്ട മതനേതാവുൾപ്പെടെ നിരവധിപേർ കൊല്ലപ്പെടുകയും, ധാരാളം പേർക്ക് സാരമായ പരിക്കുകളേൽക്കുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ ടെലിഗ്രാം സന്ദേശത്തിൽ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും, ഇരകളായവരുടെ കുടുംബാംങ്ങളുടെ വേദനകളിൽ താനും പങ്കുചേരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.മരിച്ചവരെ ദൈവത്തിന്റെ കരുണയ്ക്കായി ഭരമേല്പിക്കുന്നുവെന്നും, പരിക്കേറ്റവരുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു.
വൈരുധ്യങ്ങൾക്ക് വെറുപ്പിലൂടെയല്ല പരിഹാരം കാണേണ്ടതെന്നും, പരിശുദ്ധമായ സ്ഥലങ്ങൾ ബഹുമാനിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, അതോടൊപ്പം സമാധാനത്തിൻ്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പാപ്പാ എടുത്തു പറഞ്ഞു. ദൈവാനുഗ്രഹങ്ങൾ യാചിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ ടെലിഗ്രാം സന്ദേശം അവസാനിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: