വൈദികർ സഹകാരികളും ശുശ്രൂഷകരും ദൈവാരൂപിയാൽ നയിക്കപ്പെടുന്നവരുമാകണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നേതാക്കളാകനല്ല സഹകാരികളാകാനാണ് തിരുസഭാമാതാവ് വൈദികരോട് പ്രഥമതഃ ആവശ്യപ്പെടുന്നതെന്ന് മാർപ്പാപ്പാ.
റോം രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ശെമ്മാശന്മാർക്ക് (ഡീക്കൻ) ശനിയാഴ്ച (24/02/24) വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് റോം രൂപതയുടെ മെത്രാൻകൂടിയായ ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. പാപ്പായും പതിനാലു ശെമ്മാശന്മാരുമായുള്ള കൂടിക്കാഴ്ച ഈ ശനിയാഴ്‌ച വത്തിക്കാനിൽ വച്ച് നടക്കേണ്ടിയിരുന്നതായിരുന്നെങ്കിലും അതു നടന്നില്ല. ചെറിയൊരു ജലദോഷപ്പനി (ഫ്ലൂ) മൂലം മുൻകരുതൽ എന്ന നിലയിൽ അന്നത്തെ എല്ലാ പൊതുപരിപാടിളും പാപ്പാ റദ്ദാക്കുകയായിരുന്നു.
പരിശുദ്ധാരൂപിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച് ദൈവജനത്തെ സേവിക്കുന്നതിൽ മെത്രാന്മാരുടെ വിശ്വസ്ത സഹകാരികളായി പൗരോഹിത്യ ശുശ്രൂഷ ആജീവനാന്തം അനുഷ്ഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന് പൗരോഹിത്യ സ്വീകരണവേളയിൽ ആദ്യം ഉന്നയിക്കപ്പെടുന്ന ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ത്രിവിധ കാര്യങ്ങളിൽ, അതായത്, “വിശ്വസ്ത സഹകാരികളായിരിക്കുക”, “ദൈവജന സേവനം”, “പരിശുദ്ധാത്മാവിൻറെ മാഗ്ഗനിർദ്ദേശത്തിൻ കീഴിൽ” എന്നിവയിൽ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ സന്ദേശം.
ഒരിക്കൽ പൗരോഹിത്യം സ്വീകരിച്ചുകഴിഞ്ഞാൽ ആ വ്യക്തി നേരിട്ട് സ്വന്തം ശൈലിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലെത്തുന്നു എന്നിരിക്കിലും തിരുസഭാമാതാവ് ആദ്യം ആവശ്യപ്പെടുന്നത് നേതാവായിരിക്കാനല്ല പ്രത്യുത, സഹകാരി ആയിരിക്കാനാണ്, അതായത്, “കൂടെ പ്രവർത്തിക്കാൻ” ആണ് എന്ന് ഉദ്ബോധിപ്പിക്കുന്നു. ഇതിന് ഉപോദ്ബലകമായി പാപ്പാ, സഭ കൂട്ടായ്മയുടെ ഒരു രഹസ്യമാണെന്ന രണ്ടാം വത്തിക്കാൻ സുനഹദോസിൻറെ പ്രബോധനം എടുത്തുകാട്ടുന്നു.
രണ്ടാമത്തെ ഘടകമായ ദൈവജന സേവനത്തെക്കുറിച്ച് വിശകലനം ചെയ്ത പാപ്പാ “മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചനദ്രവ്യമായി നൽകനുമത്രേ” എന്ന യേശുവിൻറെ വാക്കുകൾ അനുസ്മരിക്കുന്നു. ശെമ്മാശ്ശൻ ആയതിനു ശേഷമാണ് ഒരാൾ വൈദികനാകുന്നതെന്നും പൗരോഹിത്യം സ്വീകരിക്കുന്നതോടുകൂടി ശെമ്മാശ്ശപദവി അപ്രത്യക്ഷമാകുന്നില്ലെന്നും നേരെമറിച്ച്, ശെമ്മാശ്ശ സ്ഥാനം പൗരോഹിത്യത്തിൻറെ അടിത്തറയായി ഭവിക്കുന്നുവെന്നും പാപ്പാ യേശുവിൻറെ ഈ വചനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. ആകയാൽ പൗരോഹിത്യത്തിൻറെ ആന്തരിക അടിത്തറ കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും “ശുശ്രൂഷാപരമായ ഒരു മനസ്സാക്ഷി” എന്നു അതിനെ വിശേഷിപ്പിക്കാമെന്നും പാപ്പാ പറയുന്നു. മനസ്സാക്ഷി എല്ലാ തീരുമാനങ്ങളുടെയും അടിസ്ഥാനമായിരിക്കുന്നതുപോലെ സേവനാരൂപി പൗരോഹിത്യത്തിൻറെ അടിത്തറയാകണമെന്ന് പാപ്പാ വിശദീകരിക്കുന്നു.
ഗുരുപ്പട്ടം സ്വീകരിക്കുന്ന വേളയിലെ ആദ്യ ചോദ്യത്തിലെ മൂന്നാമത്തെയും അവസാനത്തെയുമായ ഘടകമായ പരിശുദ്ധാരൂപിയുടെ മാർഗ്ഗനിർദ്ദേശത്തിനു വിധേയമാകലിനെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ പരിശുദ്ധാത്മാവിന് പ്രാമുഖ്യം കല്പിക്കേണ്ടത് എന്നും പ്രാധാന്യമർഹിക്കുന്നുവെന്നു പറയുന്നു. അപ്രകാരം സംഭവിച്ചാൽ വൈദികരുടെ ജീവിതം അപ്പൊസ്തോലന്മാരുടേതുപോലെ കർത്താവോന്മുഖവും കർത്താവിനാൽ നയിക്കപ്പെടുന്നതുമാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: