തിരയുക

കർത്താവിൻറെ സമർപ്പണത്തിരുന്നാളും ഇരുപത്തിയെട്ടാം ലോക സമർപ്പിത ജീവിതദിനവും ആചരിച്ച ഫെബ്രുവരി രണ്ടിനു  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ  ഫ്രാൻസീസ് പാപ്പാ ദിവ്യബലി   അർപ്പിച്ചപ്പോൾ, 02/02/24 കർത്താവിൻറെ സമർപ്പണത്തിരുന്നാളും ഇരുപത്തിയെട്ടാം ലോക സമർപ്പിത ജീവിതദിനവും ആചരിച്ച ഫെബ്രുവരി രണ്ടിനു വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ ദിവ്യബലി അർപ്പിച്ചപ്പോൾ, 02/02/24  (ANSA)

കർത്താവിനായുള്ള കാത്തിരിപ്പ് വിശ്വാസയാത്രയിൽ സുപ്രധാനം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, കർത്താവിൻറെ സമർപ്പണത്തിരുന്നാളും ഇരുപത്തിയെട്ടാം ലോക സമർപ്പിത ജീവിതദിനവും ആചരിക്കപ്പെട്ട ഫെബ്രുവരി രണ്ടിനു വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആന്തരികജീവിതാവഗണനയും ലോകത്തിൻറെ ശൈലിയോടു പൊരുത്തപ്പെടലും കർത്താവിനായുള്ള കാത്തിരിപ്പിന് വിഘാതങ്ങളാണെന്ന് മാർപ്പാപ്പാ.

കർത്താവിൻറെ സമർപ്പണത്തിരുന്നാളും ഇരുപത്തിയെട്ടാം ലോക സമർപ്പിത ജീവിതദിനവും ആചരിച്ച ഫെബ്രുവരി രണ്ടിനു (02/02/24) വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. 

വൃദ്ധരായ ശിമയോനും അന്നയും അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും നിരാശകൾക്കും കീഴടങ്ങാതെ, പ്രത്യാശ കൈവിടാതെ കർത്താവിനായി സജീവമായി കാത്തിരുന്ന വേദപുസ്തക സംഭവമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം. അവരുടെ ഈ സജീവമായ കാത്തിരുപ്പ് കർത്താവിനെ അവിടത്തെ ആഗമനത്തിൻറെ നവീനതയിൽ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കിയെന്ന് പാപ്പാ പറഞ്ഞു.

അനുദിനം കർത്താവ് നമ്മെ സന്ദർശിക്കുകയും നമ്മോടു സംസാരിക്കുകയും അപ്രതീക്ഷിതമായ രീതിയിൽ നമുക്ക് സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ നാം പലപ്പോഴും, ജീവിതവ്യഗ്രതകളിൽ ദൈവത്തെ മറന്നുപോകുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ച പാപ്പാ കാത്തിരിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കയാണെന്ന് പറഞ്ഞു.  അതിനു ആദ്യ കാരണം ആന്തരിക ജീവിതത്തോടുള്ള അവഗണനയാണെന്നും നമ്മൾ ആത്മാവിൻറെ ഉറക്കത്തിലേക്കു വഴുതിവീഴുതുകയും ആത്മാവിനെ മയക്കത്തിലാഴ്ത്തുകയും പ്രത്യാശയെ നിരാശയുടെയും തോൽവിയുടെയും ഇരുളടഞ്ഞ കോണുകളിലാക്കുകയും ചെയ്യുന്ന ഏറ്റവും മോശമായ അപകടം ഉണ്ടെന്നും പാപ്പാ മുന്നറിയിപ്പേകുകയും ചെയ്തു.

ദൈവത്തെ പാർത്തിരിക്കുന്നതിന് നമുക്ക് വിഘാതം സൃഷ്ടിക്കുന്ന ഇതര ഘടകം ലോകത്തിൻറെ ശൈലിയോടു അനുരൂപരാകുന്നതാണെന്നു പറഞ്ഞ പാപ്പാ എല്ലാം പെട്ടെന്നു നേടിയെടുക്കാനുള്ള ഓട്ടമാണ് ലോകത്തിൻറെ ശൈലിയെന്നും എന്നാൽ പ്രാർത്ഥനയിലും ദൈനംദിന വിശ്വസ്തതയിലും പക്വത പ്രാപിച്ച കാത്തിരിപ്പ്  ക്രിസ്തീയ ജീവിതത്തിനും പ്രേഷിതദൗത്യത്തിനും ആവശ്യമാണെന്നും വിശദീകരിച്ചു.

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2024, 12:36