പാപ്പാ: ഇറ്റലി-ചൈന ദേശീയ ഫെഡറേഷൻ പ്രതിനിധികളുമായി പാപ്പാ കൂടികാഴ്ച നടത്തി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇറ്റലി-ചൈന ദേശീയ ഫെഡറേഷൻ സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫെഡറേഷൻ പ്രതിനിധികൾ ഫെബ്രുവരി രണ്ടാം തിയതി വത്തിക്കാനിൽ വച്ച് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. തതവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിൽ ചൈനീസ് പുതുവർഷ ആഘോഷങ്ങൾക്കിടയിലും തന്നെ സന്ദർശിക്കാനെത്തിയതിന് പാപ്പാ നന്ദി പറഞ്ഞു.
കുറച്ചു കാലമായി, പുതുവത്സര ആഘോഷങ്ങൾക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിനു പുറമേ, ഇറ്റലിയും ചൈനയും തമ്മിലുള്ള സംവാദം വളർത്തിയെടുക്കാനും സാംസ്കാരിക സമന്വയം, വിദ്യാഭ്യാസം, സാമൂഹിക മൂല്യങ്ങൾ പരസ്പരം പങ്കിടുന്നത് പ്രോത്സാഹിപ്പിക്കൽ എന്നിവ ഉയർത്തുന്ന വെല്ലുവിളികളോടു പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾക്ക് അവർ നൽകുന്ന പിന്തുണയെകുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തി. അവരുടെ ആ ശ്രമങ്ങളെ അഭിനന്ദിച്ച പാപ്പാ ഉദാരമായ പ്രതിബദ്ധതയോടെ ഈ ലക്ഷ്യങ്ങൾ പിന്തുടരുവാൻ അവർ സ്വീകരിച്ച പാതയിൽ തന്നെ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ രീതിയിൽ, ഇറ്റാലിയൻ, ചൈനീസ് സമൂഹങ്ങൾ പരസ്പരം നന്നായി അറിയുന്നതിനാൽ, ഇത് പരസ്പര സ്വീകാര്യതയ്ക്കും സാഹോദര്യത്തിനും കാരണമാകുമെന്ന് പാപ്പാ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു. അവിടെ സന്നിഹിതരായിരുന്നവർക്ക് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ അർപ്പിച്ച പാപ്പാ സിംഹത്തിൽ നിന്നും വ്യാളിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാടോടി നൃത്തങ്ങൾക്ക് വെർചെല്ലിയിലെ ചൈനീസ് മാർഷ്യൽ ആർട്‌സ് അക്കാദമിക്ക് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി.
കുലീനമായ ചൈനീസ് ജനതയുടെ പാരമ്പര്യത്തിൽ, ഈ നൃത്തങ്ങൾ പുതുവർഷം സമൃദ്ധവും ഉൽപ്പാദനക്ഷമവുമാകുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു. നമുക്കറിയാവുന്നതുപോലെ അതിശയകരവും അങ്ങേയറ്റം അപകടസാധ്യതയുള്ളതുമായ സാഹസീകതകളിൽ സർക്കസ് കലാകാരന്മാർ വിദഗ്ദ്ധരാണെന്നും പറഞ്ഞ പാപ്പാ അവരുടെ കാഴ്ച, സംവാദത്തിന്റെ പാതയിൽ അപകട സാധ്യതകളെ എടുക്കാൻ അവരെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ രീതിയിൽ "സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സർക്കസ് കലാകാരനായി " മാറുന്നതിനും തന്നെ പ്രേരിപ്പിക്കുന്നുവെന്നും പാപ്പാ പങ്കുവച്ചു. തന്റെ പ്രാർത്ഥനകളും നന്ദിയും അവർക്ക് അർപ്പിച്ച പാപ്പാ തനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: