സഭയെ പടുത്തുയർത്തണമെങ്കിൽ ക്രിസ്തുവിൽ ഉറച്ചുനില്ക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരിശുദ്ധാരൂപിയോട് വിധേയത്വം പുലർത്തിക്കൊണ്ട് നാം കർത്താവിൻറെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സന്നദ്ധരാകണമെന്ന് മാർപ്പാപ്പാ.
സ്പെയിനിലെ മാഡ്രിഡ് അതിരൂപതയുടെ സെമിനാരിയിൽ നിന്നെത്തിയിരുന്ന വൈദികാർത്ഥികളും അവരുടെ പരിശീലകരുമുൾപ്പെട്ട എൺപതിലേറെപ്പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച (03/02/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് ഓർമ്മപ്പെടുത്തിയത്.
ക്രിസ്തുവിൻറെ മൗതികഗാത്രമായ സഭയെ കെട്ടിപ്പടുക്കണമെങ്കിൽ നാം ദിവ്യകാരുണത്തിൽ സന്നിഹിതനായ രൂപാന്തരപ്പെട്ട ക്രിസ്തുവിനെ മാതൃകയാക്കിയാൽ മാത്രം മതിയെന്ന് പാപ്പാ പറയുന്നു. ദൈവത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കണം, അതായത് അടിസ്ഥാനവും പദ്ധതിയുടെ ശിൽപിയും മൂലക്കല്ലും അവിടന്നായിരിക്കണം എന്ന് പാപ്പാ വിശദീകരിക്കുന്നു.
നമ്മെ അടിമത്വത്തിലാക്കുന്നവയിൽ നിന്നുള്ള മോചനത്തിനും നാം പുർണ്ണമായി ദൈവത്തിനുള്ളവരായിത്തീരുന്നതിനും ദൈവശ്രവണത്തിൻറെ പ്രാധാന്യം ഊന്നിപ്പറയുന്ന പാപ്പാ നിശബ്ദതയും പ്രാർത്ഥനയും ഉപവാസവും അനുതാപവും പ്രായശ്ചിത്തപ്രവർത്തികളും ഇതിന് ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. ആന്തരികമായും ബാഹ്യമായും നാം യേശുവിന് നമ്മെത്തന്നെ സമർപ്പിക്കണമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: