പാപ്പാ: ആരെക്കുറിച്ചുള്ള സുവിശേഷമാണോ പ്രസംഗിക്കുന്നത് അവന്റെ ശൈലിയിലാവണം പ്രേഷിത ദൗത്യം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സഭയുടെ സിനഡൽയാത്ര അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പേൾ സഭയുടെ അടിസ്ഥാന കർത്തവ്യമായ സുവിശേഷവൽക്കരണം ഇന്നത്തെ ലോകത്ത് എങ്ങനെ വേണം എന്നതിന്റെ വിവിധ വശങ്ങൾ വിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പാപ്പായുടെ സന്ദേശം.
തന്റെ പുത്രന്റെ വിവാഹ വിരുന്നിന് ക്ഷണിക്കാനായി പോവുക, എന്ന രാജാവിന്റെ ആജ്ഞ സേവകർ ആദ്യം പാലിച്ചിരുന്നു എന്ന വസ്തുത മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ പ്രേഷിത ദൗത്യം എല്ലാ മനുഷ്യരിലേക്കുമുള്ള ഒരു തളരാത്ത തുടർയാത്രയാണെന്ന് സൂചിപ്പിക്കുന്നു. ദൈവം അപാര സ്നേഹവും കരുണാസമ്പന്നനുമാകയാൽ തന്റെ രാജ്യത്തിന്റെ സന്തോഷത്തിലേക്ക് ആളുകളെ വിളിക്കാൻ, അവരുടെ നിസ്സംഗതയും നിരാകരണവും വകവയ്ക്കാതെ വീണ്ടും വീണ്ടും ഇറങ്ങുന്നവനാണ്. ദൈവപിതാവിന്റെ സന്ദേശവാഹകനായ നല്ലിടയൻ യേശുക്രിസ്തു നഷ്ടപ്പെട്ട ആടുകളേയും, ഏറ്റം അകലെ നടന്നിരുന്നവയേയും (യോഹ10, 16) അന്വേഷിച്ചു നടന്നു. ഉത്ഥാനത്തിനു ശേഷം ലോകത്തിന്റെ അതിർത്തികൾവരെ തുടരാൻ ശിഷ്യരോടു ആവശ്യപ്പെട്ട തന്റെ ദൗത്യം സഭ അവന്റെ വീണ്ടും വരവു വരെ വിശ്വസ്തതയോടെ, തളരാതെ മനം മടുക്കാതെ തടസ്സങ്ങൾക്കു മുന്നിലും തുടരുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ട് എല്ലാ മിഷനറിമാർക്കും നന്ദിയർപ്പിക്കുകയും മിഷനറി ദൈവവിളിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ഓരോ ക്രൈസ്തവനും സഭയുടെ സാർവത്രിക ദൗത്യത്തിൽ എല്ലാ സാഹചര്യങ്ങളിലും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള വിളിയുണ്ട്. അങ്ങനെ ഇന്നത്തെ ലോകത്തിന്റെ കവലകളിലേക്ക് തങ്ങളുടെ നാഥനുമൊപ്പം തുടർച്ചയായി ഇറങ്ങിപ്പുറപ്പെടാൻ കഴിയും. നമ്മളോടു അവനെ പുറത്തേക്കു വിടാൻ യേശു തുടർച്ചയായി ഉള്ളിൽ നിന്ന് വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ പലപ്പോഴും കർത്താവിനെ പുറത്തു പോകാൻ അനുവദിക്കാതെ, സ്വന്തമായി സൂക്ഷിക്കുന്ന ഒരു “തടവിലിടുന്ന സഭ”യായി തീരുന്നതാണ് ഇന്നത്തെ ദുരന്തമെന്ന് പാപ്പാ മുന്നറിയിപ്പു നൽകി. കർത്താവ് പ്രേഷിത ദൗത്യത്തിനായാണ് വന്നത് നാം മിഷനറിമാരാവുകയാണ് അവന്റെ ആവശ്യം എന്ന് തന്റെ 2023 ഫെബ്രുവരി 18ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി നടത്തിയ സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.
പോകാൻ മാത്രമല്ല ക്ഷണിക്കാനും രാജാവ് കൽപ്പിച്ച കാര്യം വീണ്ടും എടുത്തു കൊണ്ട് എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കാനുള്ള കൽപ്പനയിൽ തുടരേണ്ട ശൈലിയെ പാപ്പാ വിശദീകരിച്ചു. ആരെക്കുറിച്ചുള്ള സുവിശേഷമാണോ പ്രസംഗിക്കുന്നത് അവന്റെ ശൈലിയിലാവണം പ്രേഷിത ദൗത്യം, പാപ്പാ അടിവരയിട്ടു. അതിനാൽ പ്രേഷിതരായ ശിഷ്യർ അവരിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ വരങ്ങളായ സന്തോഷം, മഹാമനസ്കത, ഔദാര്യം എന്നിവയിലൂടെയും സാന്നിധ്യവും ദയയും ആദ്രതയും കാണിച്ചു കൊണ്ടാവണം. സമ്മർദ്ദമോ, നിർബന്ധമോ മതപരിവർത്തനമോ ഉപയോഗിച്ചാവരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
ക്രിസ്തുവിന്റെയും സഭയുടെയും പ്രേഷിത ദൗത്യത്തിന്റെ യുഗാന്ത (Eschatological) ദിവ്യകാരുണ്യ (Eucharistic) മാനങ്ങളെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതുന്നുണ്ട്. വിവാഹവിരുന്ന് സ്വർഗ്ഗരാജ്യത്തിലെ അന്തിമ രക്ഷാകര വിരുന്നിന്റെ പ്രതിഫലനമാണെന്ന് സൂചിപ്പിക്കുന്ന പാപ്പാ ക്രിസ്തുവിന്റെ ദൗത്യത്തിന് സമയത്തിന്റെ പൂർത്തീകരണവുമായുള്ള ബന്ധം എടുത്തുകാട്ടി. മിഷനറി ദൗത്യത്തിന്റെ സമയം ക്രിസ്തുവിന്റെ ആദ്യ വരവിനും രണ്ടാം വരവിനും ഇടയിൽ വ്യാപിച്ചു കിടക്കുന്നതിനാൽ കർത്താവിന്റെ രണ്ടാം വരവിനു മുമ്പേ സുവിശേഷവൽക്കരണം നടക്കണം എന്ന് Ad Gentes 9 ഉദ്ധരിച്ചു കൊണ്ട് പാപ്പാ ചൂണ്ടിക്കാണിച്ചു. ആദിമ ശിഷ്യരെപ്പോലെ, സമയം പൂർത്തിയാകുന്നു എന്ന തലം കാത്തു സൂക്ഷിക്കേണ്ടതും കർത്താവ് സമീപസ്ഥനാകുന്നു എന്നതിനാൽ സുവിശേഷ പ്രഘോഷിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയും പാപ്പാ അടിവരയിട്ടു.
ലോകം നൽകുന്ന വിരുന്നുകൾ പോലെയല്ല, സന്തോഷവും, പങ്കുവയ്ക്കലും, നീതിയും, സാഹോദര്യവും, ദൈവത്തോടും മറ്റുള്ളവരോടുമുള്ള ഐക്യവും കൊണ്ട് അടയാളപ്പെടുത്തിയതാണ് ദൈവീക വിരുന്നെന്ന് പറഞ്ഞ പാപ്പാ അതിന്റെ മുന്നാസ്വാദനമാണ് പരിശുദ്ധ കുർബ്ബാന എന്ന് എടുത്തു പറഞ്ഞു. ദൈവരാജ്യത്തിലെ വിരുന്നിലേക്ക് എല്ലാവരേയും നാം ക്ഷണിക്കുന്ന നമ്മുടെ സുവിശേഷവൽക്കരണ ദൗത്യത്തിന് ദിവ്യപൂജയുടെ അൾത്താരയിലേക്കുള്ള ക്ഷണവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് ഫ്രാൻസിസ് പാപ്പാ, “എല്ലാ ദിവ്യ പൂജയുടെ ആഘോഷങ്ങളും കൂദാശാപരമായി ദൈവജനത്തിന്റെ ദൈവരാജ്യത്തിലെ വിരുന്നിന്റെ പൂർത്തീകരണമാണ്. നമ്മെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യ വിരുന്ന് പ്രവാചകർ മുന്നേ പ്രവചിച്ച അന്ത്യ വിരുന്നിന്റെ മുന്നാസ്വാദനമാണ് ” എന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചു. അതിനാൽ ഓരോ ദിവ്യകാരുണ്യത്തിലും അതിന്റെ എല്ലാ തലങ്ങളും പ്രത്യേകിച്ച് യുഗാന്ത, പ്രേഷിത തലങ്ങൾ അനുഭവിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പ്രേഷിത ദൗത്യത്തോടു ആകർഷണമില്ലാതെ ദിവ്യകാരുണ്യത്തിന്റെ അൾത്താരയെ സമീപിക്കാനാവില്ല എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
2025 ലെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് പ്രാർത്ഥനാ വർഷമായി ആചരിക്കുന്ന ഈ വർഷത്തിൽ ദിവ്യബലിയിൽ സംബന്ധിക്കാനും സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിനായി പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് എല്ലാവരേയും ക്ഷണിച്ചു. പൂർണ്ണമായും സിനഡലും പ്രേഷിതവുമായ ക്രിസ്തുവിന്റെ ശിഷ്യരുടെ സാർവ്വത്രിക ദൗത്യം ആരെയും ഒഴിവാക്കാത്തതും “സകലരും" ഉൾപ്പെടുന്നതാണ്. വിഘടിച്ച് സംഘർഷഭരിതമായ ലോകത്തിൽ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മൃദുലവും എന്നാൽ ശക്തിയേറിയതുമായ സ്വരം വ്യക്തികളെ പരസ്പരം കണ്ടുമുട്ടാനും, സഹോദരരാണെന്ന് തിരിച്ചറിയാനും, വൈവിദ്ധ്യത്തിലുള്ള സ്വരുമയിൽ സന്തോഷിക്കുവാനുമുള്ളതാണ്. ക്രിസ്തുവിന്റെ പ്രേഷിത ശിഷ്യർ ആരുടേയും സാമൂഹിക സന്മാർഗ്ഗിക നില പരിഗണിക്കാതെ എല്ലാവരേയും ഹൃദയംഗമമായി കരുതുന്നവരായിരുന്നു. “കാണുന്നവരെയെല്ലാം, നല്ലവരേയും ചീത്തവരേയും” (മത്താ 22,10), ദരിദ്രർ, മുടന്തർ, കുരുടർ (ലൂക്കാ 14, 21 ) എന്നിവരേയും ക്ഷണിക്കാനാണ്.
വിരുന്നിന്റെ ഉപമയിൽ രാജാവിന്റെ കൽപന ചുരുക്കി പറഞ്ഞാൽ സമൂഹം പുറം തള്ളിയവർ രാജാവിന്റെ പ്രത്യേക അതിഥികളാകുന്നു. ദൈവം ഒരുക്കുന്ന തന്റെ പുത്രന്റെ വിവാഹ വിരുന്ന് എല്ലാവർക്കുമുള്ളതാണ് കാരണം, അവന്റെ സ്നേഹം അപാരവും ഉപാധികളില്ലാത്തതുമാണ്. പ്രേഷിത ദൗത്യത്തിന് എല്ലാവരുടേയും പ്രതിബദ്ധത ആവശ്യമാണ്. സിനഡാലിറ്റി പ്രേഷിതത്വവും പ്രേഷിതത്വം സിനഡലുമാണെന്ന് പാപ്പാ സൂചിപ്പിക്കുന്നു. അതിനാൽ ആഗോളസഭയും പ്രാദേശിക സഭകളും തമ്മിലുള്ള വളരെ അടുത്ത സഹകരണം ആവശ്യമാണെന്ന് സൂചിപ്പിച്ച പാപ്പാ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ സേവനം എല്ല രൂപതകളിലും ഉറപ്പാക്കാൻ ആവശ്യപ്പെട്ടു. സഭയുടെ മിഷൻ പ്രവത്തനാവശ്യങ്ങൾക്ക് വിതരണം ചെയ്യാൻ ആഗോള മിഷൻ ദിനത്തിലെ സംഭാവനകൾ മിഷൻ സൊസൈറ്റിക്ക് നൽകണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ മാതൃസഹജമായ മാധ്യസ്ഥം ക്രിസ്തു ശിഷ്യരുടെ സവിശേഷ ദൗത്യത്തിന് തേടിക്കൊണ്ടാണ് പാപ്പാ തന്റെ മിഷൻ ദിന സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: