തിരയുക

 Listening to God and to the People എന്ന പേരിൽ വത്തിക്കാന്റെ  പ്രസിദ്ധീകരണാലയം പുറത്തിറക്കിയ രക്തസാക്ഷിയായ അർജന്റിനിയ൯ ബിഷപ്പ് എൻറിക് ഏഞ്ചൽ ആഞ്ചെല്ലിയുടെ  വചന പ്രഘോഷണങ്ങളുടെ സമാഹാരം.  Listening to God and to the People എന്ന പേരിൽ വത്തിക്കാന്റെ പ്രസിദ്ധീകരണാലയം പുറത്തിറക്കിയ രക്തസാക്ഷിയായ അർജന്റിനിയ൯ ബിഷപ്പ് എൻറിക് ഏഞ്ചൽ ആഞ്ചെല്ലിയുടെ വചന പ്രഘോഷണങ്ങളുടെ സമാഹാരം.  

ബിഷപ്പ് എൻറിക് ഏഞ്ചെൽ ഏഞ്ചെലെല്ലിയുടെ വചനപ്രഘോഷണ സമാഹാരത്തിന് ഫ്രാൻസിസ് പാപ്പായുടെ ആമുഖം

അർജന്റിനയിലെ മെത്രാനും 1976 ൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്ത മോൺ. എൻറിക് ഏഞ്ചെൽ ഏഞ്ചെലെല്ലിയുടെ വചന പ്രഘോഷണങ്ങളുടെ സമാഹാരം Listening to God and to the People എന്ന പേരിൽ വത്തിക്കാന്റെ പ്രസിദ്ധീകരണാലയം പുറത്തിറക്കി. 1968 മുതൽ 1976 വരെ നൽകിയ വചന പ്രഘോഷണങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

ഫ്രാൻസിസ് പാപ്പയുടെ ആമുഖം

പുസ്തകത്തിന് എഴുതിയ ആമുഖത്തിൽ ഓരോ പുരുഷനും, സ്ത്രീയും, വിശ്വാസിയും കർത്താവിൽ നിന്നുള്ള ഒരു അമൂല്യമായ നിധിയാണ് എന്ന് പാപ്പാ എഴുതുന്നു. ഒരു പ്രത്യേക സമയത്തിലും, സാഹചര്യത്തിലും, സ്ഥലത്തും മാംസം ധരിച്ചവരായ നാം നമ്മുടെ ലളിതമായ ജീവിതം കൊണ്ട് മുഴുവൻ സഭയ്ക്കും പരസ്പരവും സമ്മാനമാകേണ്ടവരാണ്. എത്രമാത്രം നമ്മൾ കർത്താവുമായും മറ്റുള്ളവരുമായും സൗഹൃദത്തിലാവുന്നുവോ അത്രമാത്രം നമ്മിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും നേരെയായി തീരും എന്ന് പാപ്പാ എഴുതുന്നു. അതുപോലെ തന്നെ ഐക്യത്തിനുള്ള തടസ്സങ്ങൾ നീങ്ങുകയും നമ്മളാകുന്ന സമ്മാനത്തിന് നിറം പകരുകയും ചെയ്യും. ഓരോരുത്തരും ദാനമാണെങ്കിലും മറ്റുള്ളവർക്കായി കൂടുതൽ സാർവ്വത്രികമായ രീതിയിൽ നൽകുന്നതിനാണ് സഭ ചിലരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. കാരണം വിശുദ്ധർ യേശുവിന് കൂടുതൽ അനുരൂപരാകുന്നതിനാൽ അവർ എല്ലാ ദൈവമക്കൾക്കും  ഉറപ്പായ ഒരു സൂചികയായി തീരുന്നവരാണ് എന്ന് പാപ്പാ എഴുതി. യേശുവിനെപ്പോലെ, പിതാവിനോടും സഹോദരരോടും ഐക്യപ്പെടാൻ സഹായിക്കുന്നതിനാണിത്.

അനുഗ്രഹീതനായ ലാ റിയോജായിലെ മെത്രാനും രക്തസാക്ഷിയുമായ എൻറിക് ഏഞ്ചെൽ ഏഞ്ചെലെല്ലി, ജീവിച്ചിരുന്നപ്പോൾ മാത്രമല്ല ഇപ്പോഴും അർജന്റിനായിലെ സഭയ്ക്ക് ഒരു സമ്മാനമാണ്. മിത്രമോ ശത്രുവോ, സഹോദരനോ എന്നുന്നൊന്നുമില്ലാതെ സകലർക്കും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു വലിയ മനുഷ്യനായിരുന്ന അദ്ദേഹം ഒരു യഥാർത്ഥ കത്തോലിക്കാ മെത്രാനായിരുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കാരണം, രണ്ടാം വത്തിക്കാൻ എക്യുമേനിക്കൽ സൂനഹദോസിന്റെ നിർദ്ദേശങ്ങൾ ശ്രവിക്കാനും തന്റെ  രൂപതയിൽ അവ പ്രാവർത്തികമാക്കാനും സാർവ്വത്രിക സഭയും പാപ്പായുമായി ഐക്യപ്പെട്ട് അദ്ദേഹം ശ്രമിച്ചിരുന്നു. ആദ് ലീമിനാ സന്ദർശനവേളയിൽ പോൾ ആറാമൻ പാപ്പായുമായി നടന്ന കൂടിക്കാഴ്ചകളും മറ്റും അദ്ദേഹം വിവരിച്ചിരുന്ന ഹൃദയസ്പർശിയായ രീതികളെ ഫ്രാൻസിസ് പാപ്പാ ഉദാഹരണമായി എടുത്തു കാണിച്ചു. അതേ ആവേശത്തോടു കൂടിത്തന്നെയായിരുന്നു റോമിൽ നിന്ന് വരുന്ന സന്ദേശങ്ങളും എഴുത്തുകളും തന്റെ  വിശ്വാസികളെ അദ്ദേഹം അറിയിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ എതിരാളികളിൽ നിന്നുയർന്നു വന്നിരുന്ന അപകടങ്ങൾക്കും, എതിർപ്പുകൾക്കും, ഭീഷണികൾക്കും മുന്നിലും സഭയുടെ ഇടയനെന്ന നിലയിലുള്ള തന്റെ കർത്തവ്യം അദ്ദേഹം നിർവ്വഹിക്കുകയും ചെയ്തു. സങ്കീർത്തു മുറിയിൽ അടച്ചുപൂട്ടാതെ തന്റെ സാധാരണ ജീവിതത്തിലൂടെ, കുടുംബത്തിലും, സംഘടനകളിലും ദൈവത്തിന്റെ  സ്നേഹം പരത്താൻ തന്റെ ജനങ്ങളെ സ്വാഗതം ചെയ്യുകയും കൂദാശകൾ ആഘോഷമാക്കുകയും ചെയ്ത അദ്ദേഹം ഒരു സാധാരണ നായകനായിരുന്നില്ല മറിച്ച് ഒരു യഥാർത്ഥ രക്തസാക്ഷിയായിരുന്നുവെന്ന് പാപ്പാ രേഖപ്പെടുത്തി.

ദൈവത്തിൽ മനസ്സും ഹൃദയവും വച്ചാൽ ചില മാനസീകാവസ്ഥകൾ ഉള്ളിൽ  ഉയരും എന്നതിന് തെളിവാണ് രക്തസാക്ഷികൾ: എല്ലാവരോടുമുള്ള ആത്മാർത്ഥമായ സ്നേഹം, ചൂഷണം ചെയ്യപ്പെടാവുന്നതും സ്വാർത്ഥവുമായ സകലതിനോടുള്ള അകൽച്ച, ദുർബ്ബലരുടേയും പാർശ്വവിക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങളും ജീവനും അപകടത്തിലാക്കുന്ന കുറുക്കുവഴികൾക്കെതിരെയുള്ള നിലപാടുകൾ തുടങ്ങിയവ അവയിൽ ചിലതാണെന്നും പാപ്പാ എഴുതുന്നു. അതുകൊണ്ടാണ്, മെത്രാനായ ഏഞ്ചെലെല്ലിയും ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള അദ്ദേഹത്തിന്റെ വചനപ്രഘോഷണങ്ങളും സഭയിലും, തൊഴിലിടങ്ങളിലും, കുടുംബത്തിലും നാം  അനുഭവിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങളിലും വെല്ലുവിളികളിലും സുവിശേഷ വിവേചനത്തിനുള്ള പ്രചോദനത്തിന്റെയും വളർച്ചയുടെയും ഉറവിടമാകുന്നത്.

ബിഷപ്പ് എൻറിക് ലളിതനായ ഒരു ഇടയൻ കൂടിയായിരുന്നു: ക്രിസ്തുവിനോടും മാതൃസഭയോടും ഐക്യത്തിലും ഐക്യദാർഢ്യത്തിലും ജനങ്ങളുടെ പ്രതിബദ്ധത വളർത്തുന്നതിനായി അദ്ദേഹം ജനജീവിതത്തിന്റെ ഭാഗമായിരുന്ന ഭക്ത്യഭ്യാസങ്ങളെ (ആ നാടിന്റെയും, ജനങ്ങളുടെയും സ്ഥലങ്ങൾ, സമയങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയെ) വിലമതിച്ചു.  ഈ വാല്യം സാക്ഷ്യപ്പെടുത്തുന്നതുപോലെ, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ യഥാർത്ഥത്തിൽ ജനപ്രിയവും എല്ലാവരെയും അഭിസംബോധന ചെയ്യുന്നതും എല്ലാവർക്കും എത്തിപ്പിടിക്കാവുന്നതുമായിരുന്നു. സുവിശേഷം ഒരു ആശയമല്ലെന്നും വിശ്വാസം ഒരു അഭിപ്രായമല്ലെന്നും കാണിക്കാൻ സാമൂഹിക ജീവിതത്തിന്റെ മൂർത്തമായ സാഹചര്യങ്ങളിൽ ഊന്നിയുള്ളതായിരുന്നു ആ പ്രഘോഷണങ്ങൾ. ക്രിസ്തുവിലുള്ള വിശ്വാസം, വാസ്തവത്തിൽ, ഹൃദയത്തിലും മനസ്സിലും നമ്മെ മാറ്റുന്ന ഒരു ബന്ധത്തിന്റെ  അംഗീകാരവും. നമ്മെത്തന്നെയും മറ്റുള്ളവരെയും നോക്കുന്ന രീതിയുമാണ്. കാണുവാനും (പദപ്രയോഗവും ഭാഷാപരമായ നീട്ടലും ക്ഷമിക്കുക) മറ്റുള്ളവരാൽ നോക്കപ്പെടുവാനും  സ്നേഹത്തോടെ നോക്കുവാനുമാണ് സുവിശേഷം പ്രേരിപ്പിക്കുന്നത്, എന്ന് പാപ്പാ ആലേഖനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2024, 20:20