ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ മിലാനിലുള്ള ഗോർലയിലെ “കൊള്ളേജൊ റൊത്തോന്തി” (Collegio Rotondi di Gorla) എന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു, 03/02/24 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ മിലാനിലുള്ള ഗോർലയിലെ “കൊള്ളേജൊ റൊത്തോന്തി” (Collegio Rotondi di Gorla) എന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു, 03/02/24  (VATICAN MEDIA Divisione Foto)

അജ്ഞത, ഭീതിക്കും ഭീതി അസഹിഷ്ണുതയ്ക്കും ജന്മമേകുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിൽ, മിലാനിലെ ഗോർല എന്ന സ്ഥലത്തുള്ള “കൊള്ളേജൊ റൊത്തോന്തി” (Collegio Rotondi di Gorla) എന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമടങ്ങിയ സംഘത്തെ ശനിയാഴ്ച (03/02/24) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സത്യാന്വേഷണത്തിൽ ആരും ആനുകാലിക ശൈലികളാലൊ പൊതുവായ ചിന്താധാരകളാലൊ അനുയായികളുടെ അഭിപ്രായങ്ങളാലൊ സ്വാധീനിക്കപ്പെടരുതെന്ന് പാപ്പാ.

ഇറ്റലിയിൽ മിലാനിലെ ഗോർല എന്ന സ്ഥലത്ത് 1599-ൽ സ്ഥാപിതമായ “കൊള്ളേജൊ റൊത്തോന്തി” (Collegio Rotondi di Gorla) എന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരുമടങ്ങിയ മൂവായിരത്തോളം പേരെ ഈ വിദ്യാലയത്തിൻറെ നാനൂറ്റിയിരുപത്തിയഞ്ചാം (425) സ്ഥാപന വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച (03/02/24) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പുതുമയോടു തുറവുള്ള ഒരു മനസ്സോടുകൂടി വേണം എന്നും വിദ്യഭ്യാസപ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങളുടെ അനന്യതയോടും ദൗത്യത്തോടും വിശ്വസ്തരായി നിലകൊള്ളണമെങ്കിൽ എങ്ങനെയാണ് മാറ്റത്തിന് വിധേയരാകേണ്ടത് എന്ന് അറിഞ്ഞിരിക്കുക അത്യന്താപേക്ഷിതമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  സത്താപരമായവയിലൊഴികെ, ആവശ്യമുള്ളപ്പോൾ, തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ  അഭിപ്രായങ്ങളും ചിന്താരീതികളും മാറ്റുന്നതിനും സ്വീകരിക്കുന്നതിനും ആരും ഭയപ്പെടേണ്ടതില്ലെന്ന് പാപ്പാ പറഞ്ഞു. സത്യത്തെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരായിരിക്കണമെന്നും, അതിനാൽത്തന്നെ, ശ്രവിക്കുന്നതിനും ചർച്ചചെയ്യുന്നതിനും സന്നദ്ധതയുള്ളവരായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അറിവ്, വാസ്തവത്തിൽ വളരുന്നത്, മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലൂടെയാണെന്നും വളരുക എന്നതിനർത്ഥം ഒരുമിച്ച് പക്വത പ്രാപിക്കുക എന്നാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സംഭാഷണത്തിൻറെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ പാപ്പാ ദൈവവുമായും അദ്ധ്യാപകരുമായും മറ്റ് പരിശീലകരുമായും മാതാപിതാക്കളുമായും തങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരുമായും സംഭാഷണത്തിൽ ഏർപ്പെടേണ്ടതുണ്ടെന്നും പുതിയ കാര്യങ്ങൾ പഠിക്കാനും തങ്ങളുടേതായ ഏറ്റവും മികച്ചത് സംഭാവനചെയ്യാനും എല്ലാവരേയും പ്രാപ്തരാക്കാനും സംഭാഷണം ആവശ്യമാണെന്ന് വിശദീകരിച്ചു. സത്യം നമ്മെ സ്വതന്ത്രരാക്കും എന്ന യേശുവിൻറെ പ്രബോധനവും പാപ്പാ അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2024, 12:54