ഇറ്റലിയിലെ നേപ്പിൾസ് അതിരൂപതയുടെ സെമിനാരി സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ. ഇറ്റലിയിലെ നേപ്പിൾസ് അതിരൂപതയുടെ സെമിനാരി സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ : രൂപീകരണം ജീവിതകാലം മുഴുവൻ നീളുന്ന പ്രക്രിയ

ഇറ്റലിയിലെ നേപ്പിൾസ് അതിരൂപതയുടെ അലെസിയോ അസ്കെലേസി സെമിനാരി സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രൂപീകരണം ജീവിതകാലം മുഴുവൻ നീളുന്ന പ്രക്രിയയാണെന്നും ഇടയ്ക്ക് വച്ച് അത് മുറിഞ്ഞാൽ പിന്നോട്ടായിരിക്കും പോകുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

നേപ്പിൾസ് അതിരൂപതാ അലെസിയോ അസ്കെലേസി, സെമിനാരിയുടെ 90 ആം വാർഷികം പ്രമാണിച്ച് അതിരൂപതാ മെത്രാനായ മോൺ. ദൊമെനിക്കോ ബത്താലിയയും മറ്റു മെത്രാന്മാരും സെമിനാരിയിലെ സമൂഹവും ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. വൈദീകരുടെ രൂപീകരണ പ്രക്രിയയിൽ ദൈവശാസ്ത്രജ്ഞന്മാരെക്കൂടാതെ, സന്യാസിനികളും,വിവാഹിതരും ഉൾപ്പെടുന്ന സമൂഹത്തിന് നന്ദി പറഞ്ഞ പാപ്പാ, വൈദീകപട്ടവും, വൈവാഹിക കൂദാശയും തമ്മിലുള്ള പരസ്പര പൂരക പ്രക്രിയയുടെ പ്രധാനപ്പെട്ട അടയാളമായി അതിനെ  അനുമോദിക്കുകയും ചെയ്തു.

കർത്താവിന്റെ വിളിക്ക് അവർ നൽകിയ പ്രത്യുത്തരത്തിനും സഭയെ ശുശ്രൂഷിക്കാൻ തയ്യാറായതിനും പാപ്പാ വൈദീക വിദ്യാർത്ഥികൾക്ക്  നന്ദി പറഞ്ഞു. വിശ്വസ്തത ഓരോ ദിവസവും ഉത്സാഹത്തോടെ പരിപോഷിപ്പിക്കാ൯ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നത് ക്രിസ്തുവിന് അനുരൂപരാകാൻ സഹായിക്കുമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. രൂപീകരണ പ്രകിയ ജീവിതകാലം മുഴുവനും നീളുന്ന ഒന്നാണെന്ന കാര്യം മറക്കരുതെന്നും എപ്പോഴെങ്കിലും അത് നിറുത്തിയാൽ പിന്നോക്കം പോവുകയാകും ചെയ്യുക എന്നും മുന്നറിയിപ്പു നൽകിയ പരിശുദ്ധ പിതാവ് അതിനെ ഒരു നിർമ്മാണ സ്ഥലമായാണ് ഉപമിച്ചത്.

സഭ ഒരു തുറന്ന നിർമ്മാണ സ്ഥലമാണ്, പരിശുദ്ധാത്മാവിന്റെ പുതുമകളോടു തുറവുമായി, സ്വയം സംരക്ഷിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കുന്ന തുടർച്ചയായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം. സഭയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ പ്രധാന പണി ക്രൂശിതനും ഉത്ഥിതനുമായവനോടൊപ്പം മനുഷ്യർക്ക് സുവിശേഷത്തിന്റെ മനോഹാരിത എത്തിക്കുകയാണ്. നാമെല്ലാവരും വൈദീകരും അൽമായരും എല്ലാം നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ള തൊഴിലാളികളാണ് എന്ന ബോധ്യത്തോടെ പരിശുദ്ധാത്മാവിനെയും ഇക്കാലത്തെ മനുഷ്യരെയും കേൾക്കുകയും, ഓരോ സാഹചര്യത്തിനുമനുസരിച്ച് അജപാലന വിവേചനം നടത്തി ശുശ്രൂഷകരാവുകയും വേണമെന്ന് പാപ്പാ അടിവരയിട്ടു. 

വൈദീക രൂപീകരണവും ഒരു നിർമ്മാണ സ്ഥലമാണ്. രൂപീകരണം പൂർത്തിയായി എന്ന് ചിന്തിക്കുന്ന തെറ്റ് ഒരിക്കലും ചെയ്യരുതെന്ന് മുന്നറിയിപ്പു നൽകിയ പാപ്പാ ദൈവത്തെ കെട്ടിപ്പൊക്കാനനുവദിക്കാനും കർത്താവിനെ ജീവിതത്തിൽ  ഇടപെടാനനുവദിക്കാനും വൈദീക വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ഒരു നിർമ്മാണ സ്ഥലത്തെ ചില ഇടിച്ചു പൊളിക്കലും മറ്റും പോലെ പരിശുദ്ധാത്മാവ് വിശ്വാസത്തിന് നിരക്കാത്തവവും സുവിശേഷത്തിന് അനുസരിച്ച് വളരാൻ തടസ്സമാകുന്നവയും നമ്മിൽ ഇടിച്ചു നിരത്തി ഒരു പുതിയ ഹൃദയം നൽകി, യേശുവിന്റെ ശൈലിയിൽ ജീവിതം ഉടച്ചുവാർക്കും. ഉത്സാഹം കുരിശിനാൽ പാകപ്പെടുത്തും പാപ്പാ പറഞ്ഞു. ഭയപ്പെടേണ്ട, ഇതൊരു കഠിനമായ ജോലി തന്നെയാണ് എന്നാൽ പരിശുദ്ധാത്മാവിനോടു വിധേയത്വമുള്ളവരായിരുന്നാൽ, ബലഹീനതകളിൽ കർത്താവിന്റെ ആർദ്രതമായ സേവനത്തിൽ ശുദ്ധമായ സന്തോഷവും കണ്ടെത്താനും കഴിയും, പാപ്പാ ഉറപ്പു നൽകി. അതിനാൽ ആത്മാർത്ഥതയോടെ ദൈവവചനം ധ്യാനിച്ച്  ആഴത്തിൽ തിരയാനും, ആന്തരീക ജീവിതം പരിപോഷിപ്പിക്കാനും, അവരുടെ കാലം മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങൾ മാത്രമല്ല ദൈവശാസ്ത്ര അജപാലക പരമമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും പഠനങ്ങളിലൂടെ കണ്ടെത്താൻ പാപ്പാ ആവശ്യപ്പെട്ടു.

നിർമ്മാണ ഇടങ്ങളിൽ എന്നപോലെ വൈദീക രൂപീകരണത്തിലും പുതിയ ചോദ്യങ്ങളും ഉൾച്ചേർക്കലുകളും ആവശ്യമുണ്ടെന്നും പാപ്പാ സൂചിപ്പിച്ചു. ഇത്തരം പുതുമകളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും, സ്വീകരിക്കുകയും ചെയ്യുമ്പോൾ അവ കൃപയുടെയും സേവനത്തിന്റെയും  ദൈവസാന്നിധ്യത്തിന്റെയും അവസരങ്ങളായി സ്വീകരിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

ജീവിത ശൈലിയെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള സമയമാണ് നോയമ്പുകാലം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വചനത്തിലും ആരാധനയിലും കൂടി കണ്ടെത്തുന്ന ദൈവ വിളിയുടെ അടിത്തറയായ ദൈവസ്നേഹത്തിലുള്ള ആശ്ചര്യവും, പാഴാക്കലുകൾ ഒഴിവാക്കി മിതത്വത്തിലുള്ള സന്തോഷവും കണ്ടെത്തി, മറ്റുള്ളവർക്ക് ശുശ്രൂഷകരായി സ്വയം സമർപ്പിക്കുകയും പാവപ്പെട്ടവരോടു വളരെ ശ്രദ്ധാലുക്കളുമാകുന്ന വൈദീക  ജീവിത ശൈലിയിലേക്ക് അവരുടെ സമൂഹം മാനസാന്തരത്തിന്റെയും നവീകരണത്തിന്റെയും പാത പുൽകട്ടെ എന്നാശംസിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2024, 15:51