ഫ്രാൻസിസ് പാപ്പായുടെ ജീവിതം വിവരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ട ഫ്രാൻസിസ് പാപ്പായുടെ ജീവിതം വിവരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ട 

യുദ്ധരംഗത്തെ ആണവോർജ്ജോപയോഗം മാനവികതയ്ക്കെതിര് :ഫ്രാൻസിസ് പാപ്പാ

യുദ്ധത്തിൽ ആണവോർജ്ജം ഉപയോഗിക്കുന്നത് നീതികെട്ട പ്രവർത്തിയെന്ന് ഫ്രാൻസിസ് പാപ്പാ. പുതിയ യുദ്ധോപകരങ്ങൾ നിർമ്മിക്കുന്ന മാനവികതയെ സമാധാനത്തിന്റെയും നീതിയുടെയും വക്താക്കളെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്ന് പാപ്പായുടെ ചോദ്യം. "ജീവിതം, ചരിത്രത്തിലെ എന്റെ കഥ" എന്ന പേരിൽ പുറത്തിറങ്ങുന്ന ഫ്രാൻസിസ് പാപ്പായുടെ ആത്മകഥയിലാണ് ഹിരോഷിമ-നാഗസാക്കി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ആണവബോംബിന്റെ ഉപയോഗത്തിനെതിരെയുള്ള പരാമർശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അമേരിക്ക ജപ്പാനിൽ ആറ്റംബോംബ് വർഷിച്ച സംഭവത്തെ പരാമർശിച്ച്, യുദ്ധത്തിൽ ആണവോർജ്ജത്തന്റെ ഉപയോഗത്തിനെതിരെ ഫ്രാൻസിസ് പാപ്പാ. യുദ്ധ ആവശ്യങ്ങൾക്കുവേണ്ടി ആണവോർജ്ജം ഉപയോഗിക്കുന്നത് മാനവികതയ്ക്കും, മനുഷ്യന്റെ അന്തസ്സിനും, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഭാവിക്കും എതിരായ പ്രവർത്തനമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഇത് തികച്ചും അനീതി നിറഞ്ഞ ഒരു പ്രവൃത്തിയാണ്. യുദ്ധത്തിനായി പുതിയ ആയുധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെ സമാധാനത്തിന്റെയും നീതിയുടെയും പേരിൽ പ്രവർത്തിക്കുന്നുവെന്ന് എങ്ങനെ അവകാശപ്പെടാൻ കെട്ടിപ്പൊക്കാൻ നമുക്കെങ്ങനെ സാധിക്കുമെന്ന് പാപ്പാ ചോദ്യമുയർത്തി. "ജീവിതം, ചരിത്രത്തിലെ എന്റെ കഥ" എന്ന പേരിൽ തയ്യാറാക്കിയ ഫ്രാൻസിസ് പാപ്പായുടെ ആത്മകഥയിലാണ് ഹിരോഷിമ-നാഗസാക്കി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ആണവബോംബിന്റെ ഉപയോഗത്തിനെതിരെയുള്ള പരാമർശം. ഇറ്റാലിയൻ ടെലിവിഷൻ കമ്പനിയായ മീഡിയസെറ്റിലെ വത്തിക്കാനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദഗ്‌ധനായ ഫാബിയോ മാർക്കേസെ റഗോണയ്‌ക്കൊപ്പമാണ് ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തെക്കുറിച്ച് എഴുതിയത്. അമേരിക്കയിലും യൂറോപ്പിലും മാർച്ച് പത്തൊൻപതാം തീയതി ഹാർപ്പർകോളിൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. മാർച്ച് പതിനാല് വ്യാഴാഴ്ച ഇതുസംബന്ധിച്ച വിവരങ്ങൾ ഇറ്റാലിയൻ പത്രമായ കൊറിയേരെ ദെല്ല സേര പ്രസിദ്ധീകരിച്ചു.

തന്റെ മുത്തശ്ശീമുത്തശ്ശന്മാരുമായുള്ള സ്നേഹബന്ധം, അർജന്റീനയിലേക്കുള്ള പ്രഥമയാത്രാശ്രമം പരാജയപ്പെട്ടതുവഴി കപ്പലപകടത്തിൽപ്പെടാതെ തന്റെ മുത്തച്ഛൻ രക്ഷപെട്ടത്, അർജന്റീനയിൽ ആയിരുന്നപ്പോൾ ഇറ്റാലിയൻ സിനിമയും സംഗീതവുമായുള്ള തന്റെ ബന്ധം, കമ്മ്യൂണിസ്റ്റ്കാരിയായിരുന്ന തന്റെ അദ്ധ്യാപികയെക്കുറിച്ചുള്ള സ്‌മരണകൾ, തന്റെ സുഹൃത്ബന്ധങ്ങൾ, അബോർഷനെന്ന വിപത്ത്, അർജന്റീനയിലെ രാഷ്ട്രീയപ്രശ്നങ്ങൾ, ടെലിവിഷൻ ഉപേക്ഷിക്കാനുള്ള കാരണം, ഈശോസഭാവൈദികനെന്ന നിലയിൽ നാടുകടത്തപ്പെട്ടത്, ബെനഡിക്ട് പാപ്പായുമായുള്ള ബന്ധം, മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്, കോവിഡ് മഹാമാരി, യൂറോപ്പിന്റെ പ്രാധാന്യം, കാലാവസ്ഥാപ്രതിസന്ധിയുടെ മുന്നിൽ ഭൂമിയുടെ സംരക്ഷണം, സ്വവർഗ്ഗാനുരാഗം തുടങ്ങി വിവിധ വിഷയങ്ങളാണ് പുസ്‌തകത്തിൽ പാപ്പാ പങ്കുവയ്ക്കുന്നത്.

പത്രോസിന്റെ പിന്തുടർച്ചക്കാരനായുള്ള സേവനം ജീവിതകാലം മുഴുവൻ ചെയ്യാനുള്ള ഒന്നാണെന്നാണ് താൻ കരുതുന്നതെന്ന് പാപ്പാ തന്റെ ആത്മകഥയിൽ എഴുതി. എന്നാൽ, വലിയ ഒരു ശാരീരികപ്രതിസന്ധിയുണ്ടായാൽ കാര്യങ്ങൾ മാറിമറിയുമെന്ന്, ഇത് സംബന്ധിച്ച്, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, രാജിയുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ സൂക്ഷിച്ചിട്ടുള്ള തന്റെ കത്തിനെ പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. അങ്ങനെ ഒരു അവസ്ഥയുണ്ടായാൽ എമെരിറ്റസ് പാപ്പാ എന്നതിനേക്കാൾ റോമിന്റെ മുൻ മെത്രാൻ എന്ന വിശേഷണമായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും പാപ്പാ വ്യക്തമാക്കി. രാജിവച്ചാൽ, റോമിലെ മരിയ മേജർ ബസലിക്കയിൽ താമസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2024, 16:39