പാത്രിയാർക്ക് ന്യോഫിറ്റി നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
78 കാരനായിരുന്ന ബൾഗേറിയൻ ഓർത്തഡോക്സ് സഭാ തലവൻ വിവിധ ശരീരാവയവങ്ങൾ പ്രവർത്തനരഹിതമായതോടെ കഴിഞ്ഞ പതിമൂന്നാം തിയതിയാണ് നിര്യാതനായത്.
വാർണയുടെയും വെലികി പ്രെസ്സ്ലാവ്, ലോകും എന്നിവിടങ്ങളിലെ മെത്രാപൊളിറ്റൻ യോവാന് അയച്ച കമ്പി സന്ദേശത്തിൽ സുവിശേഷത്തിനും സംവാദത്തിനുമായി പാത്രിയാർക്ക് ന്യോഫിറ്റിന്റെ അമൂല്യമായ സേവനങ്ങളെ പാപ്പാ അനുസ്മരിച്ചു. തന്റെ വിഷമതകൾക്കിടയിലും കർത്താവിനും സഭയ്ക്കുമായി സമർപ്പിച്ച എളിമയുടെയും സന്തോഷത്തിന്റെയും മനുഷ്യനും മാതൃകയുമായിരുന്നുവെന്ന് പാപ്പാ തന്റെ അനുശോചനത്തിൽ രേഖപ്പെടുത്തി . അതിനാൽ അദ്ദേഹം വേദനയും നിലവിളിയും ഇല്ലാത്തയിടത്തായിരിക്കുമെന്നാണ് നമ്മുടെ പ്രാർത്ഥനയിലുള്ള പ്രത്രാശ എന്ന് പാപ്പാ സന്ദേശത്തിൽ ആശംസിച്ചു.
പാത്രിയാർക്കായ ന്യോഫിറ്റിന്റെ വേർപാടിൽ ദു:ഖിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളെ കർത്താവായ യേശു ആശ്വാസവും ശാന്തിയും കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും അവരെ തന്റെ പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കുമെന്നും വാഗ്ദാനം ചെയ്തു കൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: